LIFESTYLE
യൂത്തിനൊപ്പം ഓണവും നാടുവിടുകയാണോ? കേരളത്തിലെക്കാൾ കളർഫുൾ ഓണം ഇപ്പോൾ വിദേശത്താണോ?

ഒരുവർഷത്തിൽ ശരാശരി മലയാളികൾ ഏറ്റവും പ്രതീക്ഷയോടെ ഊർജസ്വലരായി സന്തോഷത്തോടെ ഇരിക്കുന്ന സമയം ഒരുപക്ഷേ ഓണക്കാലമാകാം. അതിന് പല കാരണങ്ങളുണ്ട്. ലോകത്ത് പലയിടത്തായി ചിതറിപ്പാർക്കുന്ന മലയാളിസമൂഹം തങ്ങളുടെ വേരുകളിലേക്ക് മടങ്ങിയെത്താൻ കൊതിക്കുന്ന സമയമാണ് ഓണക്കാലം. മലയാളിയുടെ ജീവിതത്തിലെ വലിയ സ്വപ്നമാണ് വീട്. കേരളത്തിൽ ഏറ്റവുമധികം ഗൃഹപ്രവേശനങ്ങൾ നടക്കുന്ന സമയമാണ് ചിങ്ങവും ഓണക്കാലവും.ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ നിർമാണം ഒരുപാട് ബാക്കിയായി അലങ്കോലമായി കിടക്കുന്ന വീട് പോലും, അദ്‌ഭുതമെന്ന് പറയട്ടെ, ഓണമടുക്കുമ്പോഴേക്കും കളറായി കുട്ടപ്പനായി പാലുകാച്ചലിന് റെഡിയായി നിൽക്കും! ഒരുപാട് മനുഷ്യരുടെ സ്വപ്നങ്ങൾ, അധ്വാനം ഒക്കെ പൂർണതയിൽ എത്തുന്ന മാസം കൂടിയാണ് ചിങ്ങം.രാവിലെ എഴുന്നേറ്റ് തൊടിയിലെ പൂക്കൾ ശേഖരിച്ച് ചെറിയൊരു പൂക്കളവുമിട്ട്, നേരത്തെ പറമ്പിലെ മാവിലോ പുളിമരത്തിലോ ഇട്ട ഊഞ്ഞാലിൽ ആടിത്തിമിർത്ത്, ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയുമുണ്ട്, ചെറിയ ഉച്ചമയക്കവും കഴിഞ്ഞു ബന്ധുവീടുകളൊക്കെ സന്ദർശിച്ച് വിശേഷങ്ങൾ തിരക്കി..അങ്ങനെയങ്ങനെ ആ ദിവസം കഴിഞ്ഞുപോകും. കുടുംബത്തിൽ പ്രിയപ്പെട്ടവരുടെ മരണം സംഭവിച്ചവർ, ഓണം ആഘോഷങ്ങളിൽ നിന്ന് മാറിനിൽക്കുന്നു. അവർക്ക് പ്രിയപ്പെട്ടവരുടെ ഓർമകളാകും അക്കുറി ഓണം.കാലം മാറിയതോടെ ഓണം ആഘോഷിക്കുന്ന രീതികളും മാറി. വലിയ തോതിൽ പച്ചയായ മേച്ചിൽപ്പുറങ്ങൾ തേടി ചെറുപ്പക്കാർ ലോകമെങ്ങും എത്തിയതോടെ, ആ രാജ്യങ്ങളിലെല്ലാം ഓണത്തിന് ഒരു കൊച്ചുകേരളം സൃഷ്ടിക്കപ്പെടും.ഒരർഥത്തിൽ കേരളത്തിലെന്ന പോലെ ചിലപ്പോൾ കേരളത്തേക്കാൾ ഓണം ഇപ്പോൾ കെങ്കേമമായി ആഘോഷിക്കപ്പെടുന്നത് ഗൾഫിലും യുകെയിലും കാനഡയിലും ഓസ്‌ട്രേലിയയിലും..അതുപോലെയുള്ള മലയാളി കുടിയേറ്റമുള്ള രാജ്യങ്ങളിലായിരിക്കും. വിശാലമായ വീടും പറമ്പും വിട്ട് ഫ്ളാറ്റുകളിലേക്ക് ചേക്കേറിയതോടെ റസിഡൻസ് അസോസിയേഷനുകൾ വക ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങളുണ്ട്. പലരും ഓണത്തിന് നാട്ടിൽ പോകുന്നതിനാൽ തിരികെയെത്തുമ്പോഴാണ് ഇവിടങ്ങളിലെ പ്രധാന ഓണാഘോഷം.മധ്യകേരളത്തിലെ എൻആർഐ ബെൽറ്റുകളായ പ്രദേശങ്ങളിലെ വീടുകളിൽ മിക്കതിലും ആൾതാമസം ഉണ്ടാകാറില്ല, അല്ലെങ്കിൽ പ്രായമായ മാതാപിതാക്കൾ മാത്രം. ഓണം വന്നതും പോയതുമൊന്നും അതിലെ പല വീടുകളും അറിയാറില്ല. കൂടിപ്പോയാൽ ചെറിയൊരു സദ്യ, ചുരുക്കം വിരുന്നുകാർ, വൈകിട്ട് മക്കളെ വിഡിയോ കോൾ വിളിച്ച് വിശേഷങ്ങൾ തിരക്കൽ..അതിലൊതുങ്ങും അവരുടെ ഓണം.
Cinema ⏭️


