LIFESTYLE

റിമോട്ട് തകരാറിലായി; മനുഷ്യനെപോലെ നിലത്തുവീണ് കൈകാലിട്ടടിച്ച് റോബോട്ട്, ദൃശ്യങ്ങൾ വൈറൽ


നിയന്ത്രണം നഷ്‌ടമായ റോബോട്ടിനെ പിടിച്ചുനിർത്താൻ ശ്രമിക്കുന്ന ഓപ്പറേറ്റർമാരും എൻജിനീയർമാരും

ബെയ്ജിംഗ്: റിമോട്ട് പണി മുടക്കിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് തുള്ളിച്ചാടി ഹ്യൂമനോയ്‌ഡ് റോബോട്ട്. ചൈനയിൽ നടക്കുന്ന 2026 വേൾഡ് റോബോട്ട് കോൺഫറൻസിലാണ് സംഭവം. ഹ്യൂമനോയ്‌ഡ് റോബോട്ടുകളുടെ കഴിവുകൾ പരിചയപ്പെടുത്താൻ നടത്തിയ പ്രദർശനത്തിനിടെയാണ് നിയന്ത്രണം നഷ്‌ടമായ റോബാേട്ട് നിലത്ത് വീഴുകയും കൈകാലിട്ടടിക്കുകയും ചെയ്‌തത്. റോബോട്ടിന്റെ റിമോട്ട് കൺട്രോൾ തകരാറിലായതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നിയന്ത്രണം നഷ്ടപ്പെട്ട റോബോട്ട് പുറംതിരിഞ്ഞ് നിലത്തുവീണ ശേഷം കൈകളും കാലുകളും അതിവേഗം ചലിപ്പിക്കുകയായിരുന്നു. മനുഷ്യന് അപസ്മാരം വന്നതുപോലെയും ദേഷ്യം പിടിച്ച കുട്ടി നിലത്ത് കിടന്ന് കൈകാലിട്ടടിക്കുന്നതുപോലെയുമായിരുന്നു റോബോട്ടിന്റെ ചലനങ്ങൾ. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ റോബോട്ടിന്റെ ഓപ്പറേറ്റർമാരും എൻജിനീയർമാരും ഉടൻ തന്നെ ഇടപെട്ടു. റോബോട്ടിനെ പിടിച്ചുനിർത്താനും നിയന്ത്രണം വീണ്ടെടുക്കാനും പലരും ശ്രമിച്ചെങ്കിലും പെട്ടെന്ന് യന്ത്രം ഓഫ് ചെയ്യാൻ സാധിച്ചില്ല.

പ്രദർശന വേദിയിൽ റോബോട്ട് തുടർച്ചയായി കൈകാലുകൾ ഇളക്കിക്കൊണ്ടിരിക്കുമ്പോൾ സമീപത്തുണ്ടായിരുന്നവർ അമ്പരപ്പോടെ നോക്കിനിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ‘റോബോട്ടിനെ പിടിച്ചുനിർത്തുകയാണോ പരിഹാരം? ഓഫ് ചെയ്യാൻ ഒരു ബട്ടൺ പോലുമില്ലേ?’ എന്നായിരുന്നു ഒരാളുടെ പരിഹാസം. ‘ദേഷ്യം വന്ന കൊച്ചുകുട്ടിയെ പോലെയാണ് തോന്നുന്നത്’ മറ്റൊരാൾ പ്രതികരിച്ചു.

റോബോട്ടിനെ ഓഫ് ചെയ്യാൻ കഴിയാത്തത് ആശങ്കപ്പെടുത്തുന്നതാണെന്നും ചിലർ അഭിപ്രായപ്പെട്ടു. റിമോട്ട് കൺട്രോൾ തകരാറിലായാൽ പോലും റോബോട്ടിനെ സുരക്ഷിതമായി നിർത്താനുള്ള സംവിധാനം അത്യാവശ്യമാണെന്നും നിരവധിപേർ കമന്റിൽ അഭിപ്രായപ്പെട്ടു.

റോബോട്ടിക്‌സ് മേഖലയിലെ പുതിയ മുന്നേറ്റങ്ങൾ അവതരിപ്പിക്കാൻ റോബോട്ടിക്സ് കമ്പനികളും ഗവേഷകരും സാങ്കേതികവിദ്യാ പ്രേമികളും പങ്കെടുക്കുന്ന പ്രധാന വേദിയാണ് വേൾഡ് റോബോട്ട് കോൺഫറൻസ്. എന്നാൽ ഇത്തവണ പ്രദർശനത്തേക്കാൾ കൂടുതൽ ശ്രദ്ധ നേടിയത് നിയന്ത്രണം വിട്ട ഈ ഹ്യൂമനോയ്ഡ് റോബോട്ടാണ്.


🇨🇳 A robot lost control in front of everyone at Beijing’s 2026 World Robot Conference, footage shows the machine thrashing hard on the floor after its remote reportedly died.Operators rushed in and it still struggled to power down.One moment it was a polished showcase, the…
— Mario Nawfal (@MarioNawfal) August 20, 2026


News ⏭️

Back to top button