NEWS
‘20, 15, 10… ഇതാ ആ നീണ്ട പട്ടിക’: ബോർഡ് – കോർപറേഷൻ വിഭജനത്തിൽ ആവോളം ആവശ്യപ്പെട്ട് ഘടകക്ഷികൾ, കോൺഗ്രസ് തീരുമാനം?

കോട്ടയം∙ ബോർഡ് – കോർപറേഷൻ വിഭജനത്തിൽ ഘടകക്ഷികളുടെ പക്കൽനിന്ന് പട്ടിക വാങ്ങി കോൺഗ്രസ് നേതൃത്വം. എത്ര സ്ഥാപനങ്ങളിൽ താൽപര്യമുണ്ട്, താൽപര്യമുള്ള സ്ഥാപനങ്ങളിൽ ഏതിനൊക്കെയാണു മുൻഗണന, 2011–16 ഭരണകാലയളവിൽ ഭരിച്ചിരുന്ന സ്ഥാപനങ്ങൾ എന്നിവയാണ് അതാത് പാർട്ടികൾ പട്ടികയായി കൈമാറിയത്. എംഎൽഎമാരുടെ എണ്ണത്തിന് ആനുപാതികമായി സ്ഥാപനങ്ങൾ ഘടകക്ഷികൾക്കു വിഭജിച്ച് നൽകാനാണ് കോൺഗ്രസ് നേതൃത്വത്തിനു താൽപര്യം. നിയമസഭാകക്ഷിയിൽ മൃഗീയ ഭൂരിപക്ഷമുള്ള കോൺഗ്രസ്, ചർച്ചകളിൽ വിട്ടുവീഴ്ച കാട്ടേണ്ടെന്നും 10 വർഷം മുൻപുള്ളതിനെക്കാൾ അധികം സ്ഥാപനങ്ങൾ കൈവശപ്പെടുത്തണമെന്നും ആണ് പാർട്ടിയിലെ പൊതുവികാരം.അഞ്ച് മന്ത്രിമാരെ കൂടാതെ ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ സ്ഥാനം ലഭിച്ച മുസ്‍ലിം ലീഗിന് 20 സ്ഥാപനങ്ങൾ ലഭിച്ചേക്കുമെന്നാണു വിവരം. നാൽപതോളം സ്ഥാപനങ്ങളിൽ കോൺഗ്രസ് കണ്ണുവച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പത്ത് സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം ലഭിച്ചിരുന്ന കേരള കോൺഗ്രസ് ഇത്തവണ 20 സ്ഥാപനങ്ങൾ ആവശ്യപ്പെട്ടാണ് പട്ടിക സമർപ്പിച്ചിരിക്കുന്നത്. 20 സ്ഥാപനങ്ങളിൽ മുൻഗണന നൽകേണ്ട 10 സ്ഥാപനങ്ങൾ പ്രത്യേകം നൽകിയിട്ടുമുണ്ട്. കേരള കോൺഗ്രസിനെ പരമാവധി ഏഴു സ്ഥാപനങ്ങൾ നൽകി മെരുക്കാനാണ് കോൺഗ്രസിലെ പ്രാഥമിക ധാരണ. കഴിഞ്ഞ ഭരണകാലയളവിൽ മാണി ഗ്രൂപ്പ് കൂടി ചേർന്ന വിശാല കേരള കോൺഗ്രസ് ആയിരുന്നില്ലേയെന്നാണ് കോൺഗ്രസ് നേതാക്കളുടെ ചോദ്യം. പി.ജെ. ജോസഫ് മത്സരിക്കില്ലെന്നു തീരുമാനിച്ചപ്പോൾ, മുതിർന്ന നേതാക്കൾ ഇടപെട്ട് ക്യാബിനറ്റ് പദവി വാഗ്ദാനം ചെയ്തിരുന്നുവെന്നും അതിൽനിന്നു പിന്നോട്ടു പോകരുതെന്നും മോൻസ് ജോസഫ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കൂടിയാലോചനകൾക്കുശേഷം തീരുമാനം അറിയിക്കാമെന്നാണ് സതീശന്റെ നിലപാട്.മാണി സി.കാപ്പന് നോർക്ക വൈസ് ചെയർമാൻ സ്ഥാനം വൈകാതെ ലഭിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. പദവി കിട്ടിയാലും കാബിനറ്റ് സ്ഥാനത്തിൽ ഉറപ്പു ലഭിച്ചിട്ടില്ല. ഡൽഹിയിലുള്ള മുഖ്യമന്ത്രി വെള്ളിയാഴ്ച തിരികെയെത്തുമ്പോൾ അദ്ദേഹത്തെ മാണി സി. കാപ്പൻ നേരിൽ കണ്ട് സംസാരിച്ചേക്കും.
Fashion ⏭️




