NEWS

വയോധികയെ കഴുത്തുഞെരിച്ച് കൊന്ന് ആഭരണങ്ങൾ കവർന്നു; വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നയാൾ പിടിയിൽ


തൃശൂർ∙ കാറളത്ത് വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കാറളം മൃഗാശുപത്രിക്കു സമീപം അരുമ്പിള്ളി വീട്ടിൽ വിജയന്റെ ഭാര്യ സാവിത്രിയെയാണ് വീടിനകത്തെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തൃപ്രയാർ ഈസ്റ്റ് സ്വദേശി കോടഞ്ചേരി വീട്ടിൽ മുഹമ്മദ് റാഫിയെ (58)  പൊലീസ് അറസ്റ്റ് ചെയ്തു. സാവിത്രിയുടെ മകന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നയാളാണ് പ്രതി റാഫി. ചൊവ്വാഴ്ചയാണ് സാവിത്രി കൊല്ലപ്പെട്ടത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ പേരക്കുട്ടി റിതികയാണ് ആദ്യം സാവിത്രിയുടെ മൃതദേഹം കണ്ടത്. ഈ സമയത്ത് ഇളയ മകൻ സുമേഷും ഭാര്യ രീഷ്മയും അച്ഛനുമായി ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ അടഞ്ഞുകിടക്കുന്നത് കണ്ട് റിതിക വീട്ടുകാരെ വിളിച്ചെങ്കിലും പ്രതികരണം ലഭിക്കാത്തതിനാൽ അടുക്കളയുടെ വാതിൽ വഴി അകത്തുകയറിയ സമയത്താണ് മുറിയിലെ കട്ടിലിൽ കിടക്കുകയായിരുന്ന സാവിത്രിയെ കണ്ടത്. സാവിത്രി ധരിച്ചിരുന്ന ആറ് സ്വർണ വളകളും ഒരു മാലയും നഷ്ടപ്പെട്ടിരുന്നു. തെളിവുകൾ നശിപ്പിക്കാൻ മുറിയിൽ മുളകുപൊടി വിതറിയ നിലയിലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി വലയിലായി.


Fashion ⏭️

Back to top button