LIFESTYLE
വെള്ളം പൊങ്ങിയോ? എന്നാൽ വീടും പൊങ്ങും! ഇനി കേരളത്തിൽ ട്രെൻഡാവുക ഇത്തരം വീടുകൾ

ഒരൊറ്റ രാത്രികൊണ്ട് കേരളം വീണ്ടും 2018ന് സമാനമായ പ്രളയമുനമ്പിലാണ്. കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ കേരളത്തിന്റെ കാലാവസ്ഥ ആകെ പ്രവചനാതീതമായി മാറി. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മുറയ്ക്കു വന്നു കൊണ്ടിരിക്കുന്നു. ഇത്തരം അവസ്ഥയിൽ കോടികൾ മുടക്കി നിർമിച്ച വീടുകൾ പോലും പ്രകൃതിദുരന്തങ്ങളിൽനിന്ന് സുരക്ഷിതമല്ല. ഇനി കേരളത്തിൽ ഉയരേണ്ടത്, വെള്ളപ്പൊക്കത്തെയും മണ്ണൊലിപ്പിനെയും പ്രതിരോധിക്കുന്നതും അതിജീവിക്കുന്നതുമായ വീടുകളാണ്. അതിലൊന്നാണ് ആംഫിബീയസ് വീടുകൾ. കേരളത്തിൽ അത്ര പ്രചാരമായിട്ടില്ലെങ്കിലും വിദേശരാജ്യങ്ങളിൽ ഏറെ കയ്യടി നേടിയ മാതൃകയാണിത്. അടിക്കടി വെള്ളപ്പൊക്കമുണ്ടാകുന്ന നെതർലൻഡ്സ്, യുകെ എന്നിവിടങ്ങളിൽ ഇത്തരം വീടുകൾ ധാരാളം. വെള്ളത്തിലും കരയിലും ‘ജീവിക്കുന്നവ’യാണ് ആംഫിബീയസ് വീടുകൾ.വീട് സമതലത്തിൽ തന്നെയായിരിക്കും നിർമിക്കുക. എന്നാൽ, വെള്ളപ്പൊക്കമോ പ്രളയമോ ഉണ്ടായി വെള്ളം ക്രമാതീതമായി ഉയർന്നാൽ വീടും ഒപ്പം ഉയരും. വീടിനുള്ളിൽ താമസിക്കുന്നവർക്കോ വീട്ടിലെ സാധനസാമഗ്രികൾക്കോ യാതൊരു നാശനഷ്ടവും കൂടാതെയാണ് വീട് ഉയരുക. വെള്ളം താഴുമ്പോൾ വീടും താഴും.യുകെയിലെ ആകർഷണമായ ആംഫിബീയസ് വീടുകൾയുകെയിലെ പ്രധാന ആകർഷണമാണ് ആംഫിബീയസ് വീടുകൾ. വീടിന്റെ മുകൾഭാഗം ഭാരം കുറഞ്ഞ തടികൊണ്ടാണ്. അഗ്രം കൂർത്തിരിക്കും. വെള്ളപ്പൊക്കമുണ്ടായി വെള്ളം ഡോക്കിൽ നിറയുമ്പോൾ, വീട് വെള്ളത്തിനൊപ്പം ഉയരുന്നു. അതായത്, കാലിക്കന്നാസ് വെള്ളത്തിലിട്ട അവസ്ഥ. യുകെയിൽ നദിക്കരകളിലും വെള്ളപ്പൊക്കം വരാൻ സാധ്യതയുള്ള പ്രദേശങ്ങളിലും ഇത്തരം വീട് സാധാരണമാണ്. വെള്ളം ഉയരുമ്പോൾ വീടുകളെ വെള്ളത്തിന്റെ നിരപ്പിൽ ഉയർത്തി നിർത്താൻ സ്റ്റീൽ പോസ്റ്റുകളാണ് ഉപയോഗിക്കുന്നത്. മറ്റു വീടുകൾ പോലെ ഏത് ആകൃതിയിലും വലുപ്പത്തിലും ആംഫിബീയസ് വീടുകൾ നിർമിക്കാം. ശക്തമായ വെള്ളപ്പൊക്കത്തിൽ പോലും അപകടസാധ്യത കുറവാണ്. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വെള്ളപ്പൊക്കത്തിൽ വിച്ഛേദിക്കപ്പെടാത്ത വിധമാണ് നിർമാണം. ആളുകളുടെ എണ്ണം, ആവശ്യങ്ങൾ എന്നിവ കണക്കിലെടുത്ത് വീടുകളുടെ വലുപ്പം വർധിപ്പിക്കാം. വെള്ളപ്പൊക്കം കഴിയുമ്പോൾ വീടു പഴയപടിയാകും.
Cinema ⏭️


