LIFESTYLE

അന്ന് നിറത്തിന്റെ പേരിൽ നേരിട്ടത് ക്രൂരമായ പരിഹാസം: ഇന്ന് അസൂയാവഹമായ ജീവിതം; അറ്റ്ലീ സ്വന്തമാക്കിയത് 38 കോടിയുടെ വീട്!


ഷാറൂഖ് ഖാന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജവാന്റെ സംവിധായകൻ അറ്റ്ലീക്ക് ഇനി മുംബൈയിൽ പുതിയ മേൽവിലാസം. മുംബൈയിലെ വിലമതിപ്പേറിയ മേഖലകളിൽ ഒന്നായ ബാന്ദ്രയിൽ വീട് സ്വന്തമാക്കിയിരിക്കുകയാണ് അറ്റ്ലീ. റിപ്പോർട്ടുകൾ പ്രകാരം 38 കോടി രൂപയാണ് പുതിയ ആഡംബര വീടിന് വിലയായി അദ്ദേഹം മുടക്കിയത്. അറബിക്കടലിന്റെ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ കടലിന് അഭിമുഖമായാണ് വീട്. ബാന്ദ്രയിലെ പ്രീമിയം സൗകര്യങ്ങളുള്ള ഒരു റെസിഡൻഷ്യൽ ടവറിലാണ് വീട്.ഷാറൂഖ് ഖാൻ അടക്കമുള്ള മുൻനിര താരങ്ങളുടെ അയൽക്കാരനായി മാറുന്നതോടെ അറ്റ്ലീ ബോളിവുഡിൽ കൂടുതൽ ശക്തമായി ചുവടുറപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന.അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ, സ്വകാര്യ എലവേറ്റർ ആക്‌സസ്, പ്രത്യേകമായി തയാറാക്കിയ ഫർണിച്ചറുകൾ, കടൽ കാഴ്ചകൾ ആസ്വദിക്കാവുന്ന പനോരമിക് ഡെക്ക് ബാൽക്കണികൾ എന്നിവ പുതിയ വസതിയിലുണ്ട്. അതേസമയം പുതിയ റിയൽ എസ്റ്റേറ്റ് ഇടപാടിനെക്കുറിച്ച് അറ്റ്ലീ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.മുംബൈയ്ക്ക് പുറമേ ചെന്നൈയിലും അറ്റ്ലീ ആഡംബര വീട് സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈയിലെ ബിഷപ്പ് ഗാർഡൻ വില്ലയിൽ സ്ഥിതിചെയ്യുന്ന വീടാണിത്.തിരകൾ എന്നർഥം വരുന്ന ‘അലൈ’ എന്നാണ് ഈ വീടിന് പേര് നൽകിയിരിക്കുന്നത്. 4200 ചതുരശ്ര അടിയാണ് ബിൽറ്റപ്പ് ഏരിയ. പ്രകൃതിയോടു ചേർന്നുനിൽക്കുന്ന തരത്തിലാണ് വീടിന്റെ രൂപകൽപന എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ദീർഘകാല സുഹൃത്തും ടെലിവിഷൻ താരവുമായിരുന്ന കൃഷ്‌ണപ്രിയയുമായി 2014ലായിരുന്നു അറ്റ്ലീയുടെ വിവാഹം. നിറവ്യത്യാസത്തിന്റെ പേരിൽ അറ്റ്ലീയും പ്രിയയും അനാവശ്യമായ പരിഹാസങ്ങൾ സമൂഹമാധ്യമങ്ങളിൽ നേരിട്ടിരുന്നു. എന്നാൽ അറ്റ്ലീ- പ്രിയ ദമ്പതികളുടേതുപോലെ മനോഹരമായ ബന്ധം സിനിമാ ലോകത്ത് കാണാനാവില്ല എന്ന് പറഞ്ഞുകൊണ്ടാണ് ആരാധകർ വിമർശകരുടെ വായടപ്പിക്കുന്നത്. ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്ന ആദ്യ നാളുകളിൽ അറ്റ്ലീയ്ക്ക് ഏറ്റവുമധികം പിന്തുണയേകിയതും പ്രിയയാണ്. 2023ൽ മകൻ ജനിച്ചു. അല്ലു അർജുൻ നായകനാകുന്ന രാക എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പണിപ്പുരയിലാണ് നിലവിൽ അറ്റ്ലീ.


Cinema ⏭️

Back to top button