ഡോക്ടർ കുപ്പായം അഴിച്ചുവച്ച് കാക്കിയണിഞ്ഞു; മലപ്പുറത്തിന്റെ ആദ്യ ഐപിഎസുകാരി ഡോ. അപർണ

എ.എസ്.പി ഡോ. ഒ. അപർണ
സ്വാതന്ത്ര്യദിന പരേഡിന്റെ കമാൻഡറായി മുഖ്യമന്ത്രിക്ക് സല്യൂട്ട് നൽകുമ്പോൾ എ.എസ്.പി ഡോ. ഒ. അപർണ സ്വപ്നം യാഥാർത്ഥ്യമായതിന്റെ ആവേശത്തിലായിരുന്നു. ഒപ്പം അച്ഛന് മനസുകൊണ്ട് നന്ദി പറഞ്ഞു. പിതാവ് അനിൽകുമാർ എസ്.ഐ ആയിരുന്നു. അച്ഛനോടുള്ള ഇഷ്ടം കുട്ടിക്കാലം മുതൽ കാക്കിയോടും തോന്നി.
പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പഠനം കഴിഞ്ഞപ്പോൾ പി.ജി ചെയ്യാൻ എല്ലാവരും നിർബന്ധിച്ചു. പക്ഷേ, മനസുവന്നില്ല. പൊലീസ് യൂണിഫോം മാത്രമായിരുന്നു മനസിൽ. ആദ്യശ്രമത്തിൽ തന്നെ 475-ാം റാങ്കോടെ ഐ.പി.എസ്. മലപ്പുറത്തുനിന്നുള്ള ആദ്യ ഐ.പി.എസുകാരിയെന്ന ബഹുമതിയും.
മലപ്പുറം മുണ്ടുപറമ്പ് കാവുങ്ങൽ ബൈപ്പാസിൽ പാർവണം ഹൗസിൽ അപർണ 2020ലാണ് ഡോക്ടറായത്. കൊവിഡ് കാലത്ത് ഡോക്ടറായി നിരവധി ജീവനുകൾ രക്ഷിച്ച് ജനകീയ ഡോക്ടറെന്ന് പേരെടുത്ത അപർണ, പിന്നീടാണ് ഓൺലൈനായി സിവിൽസർവീസിന് പരിശീലിച്ചത്. ദിവസേന എട്ടുമണിക്കൂർ പഠനം. പത്രവായനയ്ക്കും സിനിമ കാണാനും ബന്ധുവീടുകളിൽ പോവാനുമെല്ലാം സമയം കണ്ടെത്തിയിരുന്നു. കാസർകോട് ബേക്കലിലും പുനലൂരിലും സേവനത്തിനുശേഷം പുത്തൻകുരിശിൽ എ.എസ്.പിയാണിപ്പോൾ. ഉടൻതന്നെ എസ്.പിയായി സ്ഥാനക്കയറ്റം ലഭിക്കും. സിവിൽസർവീസ് പരിശീലനകാലത്ത് ജമ്മുകാശ്മീരിൽ സൈനികർക്കൊപ്പവും പരിശീലനം നടത്തിയിട്ടുണ്ട്. അമ്മ കെ.ഷീബ അദ്ധ്യാപികയാണ്. സഹോദരി മാളവിക.
സ്വന്തം കാലിൽ നിൽക്കുന്നത് യഥാർത്ഥ സ്വാതന്ത്ര്യം
വനിതകൾ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി നേടുന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്ന് അപർണ പറയുന്നു. വിദ്യാഭ്യാസവും ജോലിയും ഉണ്ടെങ്കിൽ സ്ത്രീകൾക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ല. പഠനം പാതിവഴിയിൽ നിറുത്തിയുള്ള വിവാഹജീവിതം വേണോയെന്ന് രക്ഷിതാക്കളും ചിന്തിക്കണം. ജോലി കിട്ടിയിട്ടുമതി വിവാഹമെന്ന രീതിയിലേക്കു മാറണം. പരിശ്രമിച്ചാൽ ഏതു മേഖലയിലും വിജയിക്കാം. സിവിൽസർവീസും ബാലികേറാമലയല്ല. അഞ്ചാംക്ലാസ് മുതലേ പരിശീലിക്കേണ്ട ആവശ്യമൊന്നുമില്ല.
സംസ്ഥാന പരേഡ് നയിക്കുന്നത് ആദ്യമായാണ്. കാസർകോട് ജില്ലാ റിപ്പബ്ലിക് ദിന പരേഡ് നയിച്ചിട്ടുണ്ട്. നല്ല അനുഭവമായിരുന്നു. ഏറെ അഭിമാനമുണ്ടെന്നുംഡോ. ഒ.അപർണ എ.എസ്.പി പറഞ്ഞു.
English Summary
ASP Dr. O. Aparna commanded the Independence Day parade, saluting the Chief Minister. An MBBS graduate, she fulfilled her dream of joining the police, inspired by her SI father. She cleared IPS in her first attempt with a rank of 475, becoming the first woman IPS officer from Malappuram. Currently an ASP in Puthenkurish, she is set for promotion to SP.
RELATED TOPICS: DR O APARNA, MALAPPURAM FIRST IPS, APARNA IPS, KERALA POLICE, INDEPENDENCE DAY PARADE
News ⏭️


