കായംകുളം ബാർ കൈക്കൂലി കേസ്: എക്സൈസ് ഉദ്യോഗസ്ഥർക്കും മന്ത്രിക്കുമെതിരെ സീറാം സാംബശിവയുടെ റിപ്പോർട്ട്

സീറാം സാംബശിവ റാവു
തിരുവനന്തപുരം: സർക്കാരിന്റെയോ എക്സൈസ് മന്ത്രിയുടെയോ അറിവോ സമ്മതമോ കൂടാതെ ബാർ ലൈസൻസുകൾ അനുവദിച്ചെന്ന ആരോപണം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എക്സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട സീറാം സാംബശിവറാവു സമർപ്പിച്ച നിർണായക റിപ്പോർട്ട് ഇപ്പോൾ പുറത്തുവരുന്നത്. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് തയാറാക്കിയ ഈ റിപ്പോർട്ടിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അതിഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
ജോയിന്റ് എക്സൈസ് കമ്മിഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മിഷണർ അജയ് എന്നിവർക്കെതിരെ അഴിമതി, മാസപ്പടി വാങ്ങൽ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് സീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ടിലുള്ളത്. ഇവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നലെയാണ് അദ്ദേഹം സർക്കാരിന് റിപ്പോർട്ട് കൈമാറിയത്. കായംകുളത്തെ റോമ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തലും റിപ്പോർട്ടിലുണ്ട്.
മൂവാറ്റുപുഴയിലെ ഗംഗാ ബാർ ഉടമയുമായി എസ്. വിനോദ് അടുത്ത ബന്ധം പുലർത്തുകയും, ബാറിന്റെ ലൈസൻസ് നടപടികൾ വേഗത്തിലാക്കാൻ ഒരു ലെയ്സൺ ഓഫീസറെപ്പോലെ പ്രവർത്തിക്കുകയും ചെയ്തെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി ഗംഗാ ബാറിൽ നിന്ന് അദ്ദേഹം 50,000 രൂപ കൈക്കൂലി വാങ്ങിയതായും ആരോപണമുണ്ട്. കായംകുളം കറ്റച്ചിറയിലെ റോമ സെന്റർ ബാറിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ഉടമയിൽ നിന്ന് ഡെപ്യൂട്ടി കമ്മിഷണർ അജയ് കൈക്കൂലി കൈപ്പറ്റിയതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
എസ്. വിനോദ്, അജയ് എന്നിവരെ ഉടൻ തന്നെ ഫീൽഡ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തണമെന്നാണ് സീറാം സാംബശിവ റാവുവിന്റെ ആവശ്യം. മാത്രമല്ല, മാസപ്പടി വാങ്ങൽ, വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, ബിനാമി ഇടപാടുകൾ എന്നിവയിൽ ഈ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശക്തമായി ശുപാർശ ചെയ്യുന്നു.




