NEWS

തൊഴിലാളി വിരുദ്ധത തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി: പിണറായി വിജയനെതിരെ സിഐടിയു വിമർശനം

സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് സംഘാടക സമിതി ചെയർമാൻ ടി.ആർ.രഘുനാഥൻ പതാക ഉയർത്തിയപ്പോൾ

കോട്ടയം: പിണറായി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി സി.ഐ.ടി.യു രംഗത്ത്. സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന തൊഴിലാളി വർഗത്തിന്റെ ആവശ്യങ്ങളോടുള്ള സർക്കാരിന്റെ അവഗണനയും അവരുടെ പ്രശ്നങ്ങൾക്ക് നേരെ മുഖംതിരിക്കുന്ന സമീപനവുമാണ് തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് വഴിവെച്ചതെന്ന് സംഘടനയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോട്ടയത്ത് നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച റിപ്പോർട്ടിലാണ് സർക്കാരിനെതിരായ ഈ വിമർശനങ്ങളുള്ളത്. എസ്.എഫ്.ഐ പോലുള്ള മറ്റ് പോഷക സംഘടനകൾക്ക് ലഭിക്കുന്ന പരിഗണന പോലും സി.ഐ.ടി.യുവിന് ലഭിക്കുന്നില്ലെന്ന അതൃപ്തിയും റിപ്പോർട്ടിൽ പ്രതിഫലിക്കുന്നുണ്ട്.

തൊഴിലാളികൾക്ക് ലഭിക്കേണ്ട അർഹമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ പോലും സർക്കാർ വേണ്ടത്ര താത്പര്യം കാണിച്ചില്ല. പല തൊഴിൽ മേഖലകളിലും മിനിമം വേതനം പോലും നടപ്പിലാക്കാൻ സാധിച്ചില്ല. കേരളത്തിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗം, അതായത് ഏകദേശം 60 ശതമാനത്തോളം പേർ തൊഴിൽ മേഖലയുമായി നേരിട്ട് ബന്ധപ്പെട്ട് കഴിയുന്നവരാണ്. ഇവരുടെ ആവശ്യങ്ങളെ ഇടതുസർക്കാർ തഴഞ്ഞതാണ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണമായതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ ഈ അമർഷം വോട്ടെടുപ്പിലും പ്രതിഫലിച്ചു. ഉറച്ച ഇടതുപക്ഷ അനുഭാവികളായ തൊഴിലാളികൾ പോലും സർക്കാർ തങ്ങളെ അവഗണിക്കുന്നു എന്ന ചിന്താഗതിയിൽ എത്തിച്ചേർന്നത് വലിയ തിരിച്ചടിയായി. ക്ഷേമപെൻഷനുകളിൽ സർക്കാർ ഊന്നൽ നൽകിയപ്പോൾ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ അടക്കമുള്ളവയിൽ വലിയ വീഴ്ചകൾ സംഭവിച്ചു.

കോട്ടയത്ത് ആരംഭിച്ച സി.ഐ.ടി.യുവിന്റെ 16-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ടി.ആർ.രഘുനാഥൻ പതാക ഉയർത്തി. പ്രസ്ഥാനത്തിന്റെ മുൻകാല നേതാക്കളെ ചടങ്ങിൽ ആദരിച്ചു. മാമ്മൻ മാപ്പിള ഹാളിൽ വെച്ച് നടന്ന പ്രതിനിധി സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് തപൻ സെൻ ഉദ്ഘാടനം ചെയ്തു. ഒമ്പതാം തീയതി വൈകിട്ട് നാല് മണിക്ക് നടക്കുന്ന ബഹുജന റാലിയിൽ ഒരു ലക്ഷത്തോളം തൊഴിലാളികൾ അണിനിരക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Sports ⏭️

Read News ⏭️

Back to top button