CINEMA

കമൽഹാസൻ 72-ാം പിറന്നാൾ: പുതിയ ചിത്രത്തിന് ഇന്ന് തുടക്കം

ഇന്ന് ഉലകനായകൻ കമൽഹാസന്റെ 72-ാം ജന്മദിനം. ഈ വിശേഷപ്പെട്ട ദിനത്തിൽ സംവിധായകൻ എസ്.യു. അരുൺകുമാറും കമൽഹാസനും ആദ്യമായി ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് ചെങ്കൽപേട്ടയിൽ തുടക്കമായി. മധുരയുടെ തനിമ ചോരാതെ പണിത സെറ്റിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. നവംബർ 20 വരെ ഇവിടെ ഷൂട്ടിങ് തുടരും, തുടർന്ന് ജനുവരിയിൽ ചിത്രീകരണം മധുരയിലേക്ക് മാറ്റാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

മധുരയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഒരു മാസ് കൊമേഴ്സ്യൽ എന്റർടെയ്നർ ആയിരിക്കും. ‘സേതുപതി’, ‘ചിത്ത’, ‘പണ്ണെയാരും പദ്മിനിയും’, ‘വീരധീരശൂരൻ പാർട്ട് 2’ എന്നീ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പേരെടുത്ത എസ്.യു. അരുൺകുമാറാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.

അതേസമയം, രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ നിർമ്മാണത്തിൽ അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ‘ധർമ്മൻ’ അണിയറയിൽ ഒരുങ്ങുകയാണ്. രാജ് കമൽ ഫിലിംസ് ആദ്യമായാണ് രജനികാന്ത് നായകനാകുന്ന ഒരു ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ‘ചന്ദ്രമുഖി’, ‘കുസേലൻ’, ‘ദർബാർ’, ‘അണ്ണാത്തെ’ എന്നീ സിനിമകൾക്ക് ശേഷം രജനികാന്തും നയൻതാരയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിമ്രാനും റാഷി ഖന്നയുമാണ് ചിത്രത്തിലെ മറ്റ് നായികമാർ. കൂടാതെ ശ്രീലീല, റാം പോത്തിനേനി, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ രുക്മിണി വസന്ത് ചെയ്യാൻ നിശ്ചയിച്ചിരുന്ന വേഷത്തിലേക്കാണ് ഇപ്പോൾ ശ്രീലീല എത്തുന്നത്. രജനികാന്ത് ആദ്യമായി ഒരു മുഴുനീള ഡോക്ടർ വേഷത്തിലെത്തുന്ന ഈ സിനിമ ഏപ്രിലിൽ തിയേറ്ററുകളിലെത്തും.

Business ⏭️

Back to top button