പ്രമേഹം: പഞ്ചസാര മാത്രമല്ല, തലച്ചോറിനെയും നാഡികളെയും ബാധിക്കുന്ന നിശബ്ദ ഭീഷണി

പ്രമേഹം എന്നത് വെറുമൊരു രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥ മാത്രമല്ല. നമ്മുടെ തലച്ചോറിനെയും നാഡീവ്യൂഹത്തെയും സാരമായി ബാധിച്ച് ജീവിതനിലവാരത്തെ തന്നെ തകിടം മറിക്കാൻ ശേഷിയുള്ള ഒന്നാണത്. കാലുകളിൽ അനുഭവപ്പെടുന്ന ചെറിയൊരു മരവിപ്പിനെപ്പോലും നിസ്സാരമായി കാണരുത്. ഹൃദയാഘാതം, വൃക്ക സംബന്ധമായ തകരാറുകൾ, കാഴ്ചശക്തി നഷ്ടപ്പെടൽ തുടങ്ങിയവ പ്രമേഹത്തിന്റെ ഭവിഷ്യത്തുകളാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ, നാഡീവ്യവസ്ഥയ്ക്ക് പ്രമേഹം വരുത്തുന്ന അപകടത്തെക്കുറിച്ച് പലരും ബോധവാന്മാരല്ല.
പാദങ്ങളിലെ തരിപ്പ്, രാത്രിയിൽ അനുഭവപ്പെടുന്ന നീറ്റൽ, നടക്കുമ്പോൾ ഉണ്ടാകുന്ന ബാലൻസ്കുറവ്, ഓർമ്മശക്തിയിലെ കുറവ്, പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന തലകറക്കം എന്നിവയെല്ലാം നാഡികൾക്ക് സംഭവിക്കുന്ന തകരാറുകളുടെ ലക്ഷണങ്ങളാകാം. ദീർഘകാലം രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി നിൽക്കുന്നത് നാഡികളിലേക്കുള്ള രക്തയോട്ടത്തെയും അവയുടെ പ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്നു. ഇതിനെയാണ് ഡയബറ്റിക് ന്യൂറോപ്പതി (Diabetic Neuropathy) എന്ന് വിളിക്കുന്നത്. കാലിന്റെ വിരലുകളിൽ തുടങ്ങി മുകളിലേക്ക് വ്യാപിക്കുന്ന മരവിപ്പ്, സൂചി കൊണ്ട് കുത്തുന്നതുപോലെയുള്ള വേദന, രാത്രികാലങ്ങളിൽ കൂടുന്ന പുകച്ചിൽ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ശ്രദ്ധിക്കേണ്ട കാര്യം, വേദന അനുഭവപ്പെടാത്ത അവസ്ഥയാണ് കൂടുതൽ അപകടകരം; കാരണം മുറിവുകളോ പൊള്ളലുകളോ രോഗി അറിയാതെ പോകുകയും അത് വലിയ അണുബാധയിലേക്കും ഒടുവിൽ കാൽ മുറിച്ചുമാറ്റേണ്ട ഗതികേടിലേക്കും എത്തുകയും ചെയ്യാം. അതിനാൽ കൃത്യമായ ഇടവേളകളിൽ പാദങ്ങൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
തലച്ചോറിനെ സംബന്ധിച്ചിടത്തോളം പ്രമേഹം വലിയൊരു ഭീഷണിയാണ്. രക്തസമ്മർദ്ദവും കൊളസ്ട്രോളും കൂടെയുണ്ടെങ്കിൽ പക്ഷാഘാതത്തിനുള്ള സാധ്യത വർദ്ധിക്കുന്നു. മുഖം കോടിപ്പോവുക, കൈകാലുകൾക്ക് ബലക്കുറവ് അനുഭവപ്പെടുക, സംസാരത്തിൽ തടസ്സം നേരിടുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ചികിത്സ തേടണം. കാലതാമസം ഓരോ മിനിറ്റും തലച്ചോറിലെ നാഡീകോശങ്ങളുടെ നാശത്തിന് കാരണമാകും.
ദീർഘകാല പ്രമേഹം ഓർമ്മശക്തിയെയും ചിന്താശേഷിയെയും ബാധിക്കാം. ശ്രദ്ധക്കുറവ്, തീരുമാനങ്ങൾ എടുക്കാനുള്ള പ്രയാസം, അൽഷിമേഴ്സ് രോഗസാധ്യത എന്നിവ പ്രമേഹരോഗികളിൽ കൂടുതലായി കണ്ടുവരുന്നു. കൃത്യമായ വ്യായാമവും ആരോഗ്യകരമായ ജീവിതരീതിയും വഴി തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും.
ഹൃദയമിടിപ്പ്, ദഹനം, മൂത്രാശയപ്രവർത്തനം എന്നിവ നിയന്ത്രിക്കുന്ന നാഡികളെയും പ്രമേഹം ബാധിക്കാറുണ്ട്. കണ്ണുകളെ ചലിപ്പിക്കുന്ന പേശികളെ ബാധിച്ചാൽ ഇരട്ടക്കാഴ്ചയ്ക്ക് കാരണമാകാം. കൂടാതെ, രക്തത്തിലെ പഞ്ചസാര അമിതമായി കുറയുന്നത് (Hypoglycemia) ബോധക്ഷയം, വിറയൽ, അപസ്മാരം എന്നിവയ്ക്ക് വഴിയൊരുക്കും.
പ്രമേഹത്തിൽ നാഡികളെ എങ്ങനെ സംരക്ഷിക്കാം?
1. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം: പഞ്ചസാര, HbA1c, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കൃത്യമായ അളവിൽ നിലനിർത്തുക.
2. പാദങ്ങളുടെ പരിചരണം: ദിവസവും പാദങ്ങൾ പരിശോധിക്കുക. മുറിവുകളോ നിറവ്യത്യാസമോ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. നഗ്നപാദരായി നടക്കുന്നത് ഒഴിവാക്കുക.
3. നാഡീ പരിശോധന: വർഷത്തിലൊരിക്കൽ മോണോഫിലമെന്റ് ടെസ്റ്റ്, വൈബ്രേഷൻ പരിശോധന അല്ലെങ്കിൽ നാഡീസംബന്ധമായ പഠനങ്ങൾ (NCS) നടത്തുക.
4. ആരോഗ്യകരമായ ശീലങ്ങൾ: കൃത്യമായ വ്യായാമം, പോഷകാഹാരം, ആവശ്യത്തിന് ഉറക്കം എന്നിവ ഉറപ്പാക്കുക; പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക.
5. നേരത്തെയുള്ള ചികിത്സ: ചെറിയ ലക്ഷണങ്ങൾ കണ്ടാൽ പോലും ഉടൻ വൈദ്യസഹായം തേടുക. നാഡികൾ നശിച്ചുപോയ ശേഷം ചികിത്സിക്കുന്നതിനേക്കാൾ ഫലപ്രദം അവയെ തുടക്കത്തിലേ സംരക്ഷിക്കുന്നതാണ്.




