NEWS

ശബരിമല നെയ്യ് ക്രമക്കേട്: തമിഴ്‌നാട്ടിലെ വ്യാപാരികൾ അറസ്റ്റിൽ

തിരുവനന്തപുരം∙ ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാപാരികളെ വിജിലൻസ് സംഘം പിടികൂടി. ഒട്ടൻഛത്രത്ത് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ വ്യാപാരികളായ വെങ്കിടേശ്വൻ, കുമരൻ എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഈ കേസിൽ നേരത്തെ അറസ്റ്റിലായ കൊല്ലം സ്വദേശിയും ട്രാൻസ്‌പോർട്ട് കരാറുകാരനുമായ ബിനുവിനെയും, ദേവസ്വം ബോർഡിന്റെ നെയ്യ് ഗോഡൗൺ ജീവനക്കാരനായ ജയലാലിനെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് കേസിലെ നിർണായക വിവരങ്ങൾ പുറത്തുവന്നത്. മിൽമയുടെ പത്തനംതിട്ട ഡയറിയിൽ നിന്ന് സംഭരിക്കുന്ന ശുദ്ധമായ നെയ്യ് ശബരിമലയിലേക്ക് കൊണ്ടുപോകുന്ന വഴി ഒട്ടൻഛത്രത്ത് എത്തിക്കുകയും, അവിടെ വെച്ച് 50 ലക്ഷം രൂപയ്ക്ക് ഈ വ്യാപാരികൾക്ക് കൈമാറി പകരം ഗുണനിലവാരമില്ലാത്ത നെയ്യ് നിറച്ച് സന്നിധാനത്ത് എത്തിക്കുകയുമായിരുന്നു പതിവ്. ബിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് ശേഷമാണ് വ്യാപാരികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾ സമർപ്പിച്ചിരുന്ന മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

Fashion ⏭️

Back to top button