HEALTH

45 തികയും മുൻപേ ബാധിക്കുന്ന ‘സ്‌ട്രോക്ക്’: ചെറുപ്പക്കാരിൽ പക്ഷാഘാത സാധ്യത വർധിക്കുന്നത് എന്തുകൊണ്ട്? | Why Stroke Risk Is Rising in Young Adults


ഒരു കാലത്ത് വാർദ്ധക്യസഹജമായ രോഗമെന്ന് കരുതിയിരുന്ന സ്‌ട്രോക്ക് (പക്ഷാഘാതം) ഇന്ന് 45 വയസ്സിൽ താഴെയുള്ള ചെറുപ്പക്കാരിലും വർധിച്ചുവരുന്നത് ആഗോളതലത്തിൽ തന്നെ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള സ്‌ട്രോക്ക് രോഗികളിൽ ഏകദേശം 10% മുതൽ 15% വരെ സംഭവിക്കുന്നത് 18-നും 45-നും ഇടയിൽ പ്രായമുള്ളവരിലാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും അത്താണി ആകേണ്ട പ്രായത്തിൽ അപ്രതീക്ഷിതമായി എത്തുന്ന പക്ഷാഘാതം വ്യക്തി ജീവിതത്തെയും കുടുംബത്തെയും ഒരുപോലെ ബാധിക്കുന്നു.എന്താണ് സ്‌ട്രോക്ക്? തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ രക്തക്കുഴലുകൾ പൊട്ടുകയോ ചെയ്യുന്നത് മൂലം മസ്തിഷ്ക കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ നശിച്ചുപോകുന്ന ഗുരുതരമായ രോഗാവസ്ഥയാണ് സ്‌ട്രോക്ക്. ഇത് പ്രധാനമായും രണ്ടുതരത്തിലുണ്ട്: ഇസ്കീമിക് സ്‌ട്രോക്ക് (Ischemic Stroke): രക്തക്കുഴലുകളിൽ രക്തക്കട്ട അടിഞ്ഞുകൂടി തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ. ചെറുപ്പക്കാരിൽ കാണപ്പെടുന്ന ഭൂരിഭാഗം സ്‌ട്രോക്കുകളും ഈ ഗണത്തിൽപ്പെട്ടതാണ്. ഹെമറേജിക് സ്‌ട്രോക്ക് (Hemorrhagic Stroke): തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവമുണ്ടാകുന്ന അവസ്ഥ. അനിയന്ത്രിതമായ രക്തസമ്മർദ്ദം, രക്തക്കുഴലുകളിലെ ബലഹീനത (അന്യൂറിസം), രക്തക്കുഴലുകളുടെ ജന്മനായുള്ള വൈകല്യങ്ങൾ (എ.വി.എം) എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. ചെറുപ്പക്കാരിൽ സ്‌ട്രോക്ക് വർധിക്കാൻ പ്രധാന കാരണങ്ങൾ പ്രായമായവരിൽ ധമനികളുടെ കാഠിന്യം (അഥെറോസ്ക്ലീറോസിസ്) പോലുള്ളവയാണ് പ്രധാന കാരണങ്ങളെങ്കിൽ, ചെറുപ്പക്കാരിൽ ജീവിതശൈലീ രോഗങ്ങളും മറ്റ് അപൂർവ കാരണങ്ങളുമാണ് വില്ലനാകുന്നത്. 1. സൈലന്റ് കില്ലറുകളായ അനിയന്ത്രിത രക്തസമ്മർദ്ദവും പ്രമേഹവും: ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ചെറുപ്പക്കാരിൽ പോലും ഇന്ന് സാധാരണമാണ്. യാതൊരു ലക്ഷണവും കാണിക്കാതെ രക്തധമനികളുടെ ഭിത്തികളെ ഇവ തകരാറിലാക്കുകയും രക്തക്കട്ടകൾ രൂപപ്പെടാൻ ഇടയാക്കുകയും ചെയ്യുന്നു. 2. അമിതവണ്ണവും മോശം ഭക്ഷണരീതിയും: പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്ഡുകൾ, അമിതമായ ഉപ്പും പഞ്ചസാരയും അടങ്ങിയ ആഹാരങ്ങൾ എന്നിവയുടെ ഉപയോഗം അമിതവണ്ണത്തിനും കൊളസ്ട്രോളിനും കാരണമാകുന്നു. ഇത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും അതിലൂടെ രക്തയോട്ടം തടസ്സപ്പെടുന്നതിനും വഴിവെക്കുന്നു. 3. കഠിനമായ മാനസികസമ്മർദ്ദവും ഉറക്കമില്ലായ്മയും: ജോലി സംബന്ധമായ അമിത സമ്മർദ്ദങ്ങളും ക്രമമില്ലാത്ത ജീവിതരീതികളും ചെറുപ്പക്കാരുടെ മസ്തിഷ്ക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ദിവസവും 7-8 മണിക്കൂർ ഉറക്കം ലഭിക്കാതിരിക്കുന്നത് രക്തസമ്മർദ്ദം ഉയർത്തുകയും സ്‌ട്രോക്ക് സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. 4. പുകവലിയും ലഹരി ഉപയോഗവും: പുകവലി രക്തക്കുഴലുകളെ ചുരുക്കുകയും രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂട്ടുകയും ചെയ്യുന്നു; പുകവലിക്കാരിൽ സ്‌ട്രോക്ക് സാധ്യത ഏകദേശം ഇരട്ടിയാണ്. കൂടാതെ അമിത മദ്യപാനവും കൊക്കെയ്ൻ പോലുള്ള ലഹരിമരുന്നുകളുടെ ഉപയോഗവും മസ്തിഷ്ക രക്തസ്രാവത്തിനും രക്തക്കട്ട രൂപപ്പെടുന്നതിനും കാരണമാകാം. 5. ശാരീരിക അധ്വാനത്തിന്റെ കുറവ്: മണിക്കൂറുകളോളം ഒരേയിരിപ്പിലിരുന്ന് ജോലി ചെയ്യുന്നത് (Sedentary Jobs) ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും രക്തചംക്രമണത്തെ ബാധിക്കുകയും ചെയ്യുന്നു. 6. ഹോർമോൺ വ്യതിയാനങ്ങളും ഗർഭധാരണവും: സ്ത്രീകളിൽ ഈസ്ട്രജൻ അടങ്ങിയ ഗർഭനിരോധന ഗുളികകളുടെ ഉപയോഗം, ഗർഭധാരണ സമയം, പ്രസവാനന്തര കാലയളവ് എന്നിവയിൽ ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ രക്തം കട്ടപിടിക്കാനുള്ള പ്രവണത വർധിപ്പിക്കാറുണ്ട്. ഓറ (aura) ഉള്ള മൈഗ്രേൻ ഉള്ളവരിൽ, പ്രത്യേകിച്ച് പുകവലിയോ ഈസ്ട്രജൻ ഗുളികകളോ കൂടി ഉണ്ടെങ്കിൽ, സാധ്യത കൂടുതലാണ്. 7. അപൂർവമായ മറ്റ് കാരണങ്ങൾ: താഴെ പറയുന്നവയും ചെറുപ്പക്കാരിൽ സ്‌ട്രോക്കിന് കാരണമാകാറുണ്ട്. വാസ്കുലർ ഡിസെക്ഷൻ: അപകടങ്ങൾ, കഠിനമായ കായിക വിനോദങ്ങൾ അല്ലെങ്കിൽ കഴുത്തിലെ ധമനികൾ പെട്ടെന്ന് തിരിയുമ്പോൾ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന മുറിവുകൾ ചെറുപ്പക്കാരിൽ ഇസ്കീമിക് സ്‌ട്രോക്കിന് കാരണമാകാറുണ്ട്. ഹൃദയസംബന്ധമായ കാരണങ്ങൾ: ക്രമരഹിതമായ ഹൃദയമിടിപ്പ് (ഏട്രിയൽ ഫിബ്രിലേഷൻ), ഹൃദയത്തിലെ ദ്വാരം (PFO), ജന്മനായുള്ള ഹൃദ്രോഗങ്ങൾ എന്നിവ. സെറിബ്രൽ വീനസ് ത്രോംബോസിസ്: തലച്ചോറിൽ നിന്ന് രക്തം തിരികെ കൊണ്ടുപോകുന്ന സിരകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ. ഗർഭകാലത്തും ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവരിലും ഇത് കൂടുതലായി കാണാം. ജനിതക/പ്രതിരോധ രോഗങ്ങൾ: രക്തം പെട്ടെന്ന് കട്ടപിടിക്കുന്ന അവസ്ഥകൾ, വാസ്കുലൈറ്റിസ് തുടങ്ങിയവയും ചെറുപ്പക്കാരിൽ പക്ഷാഘാത സാധ്യത കൂട്ടുന്നു. ലക്ഷണങ്ങൾ തിരിച്ചറിയുക: BE-FAST ചികിത്സ എത്ര പുരോഗമിച്ചാലും രോഗിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതിന് BE-FAST ലക്ഷണങ്ങൾ ഓർമ്മിച്ചുവയ്ക്കാം: (B – Balance) സന്തുലിതാവസ്ഥ: പെട്ടെന്ന് ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെട്ട് വീഴാൻ പോകുക. (E – Eyes) കണ്ണുകൾ: പെട്ടെന്ന് കാഴ്ച മങ്ങുകയോ ഇല്ലാതാകുകയോ ചെയ്യുക. (F – Face) മുഖം: മുഖം ഒരു വശത്തേക്ക് കോടിപ്പോകുക. (A – Arms) കൈകൾ: ഒരു വശത്തെ കൈക്കോ കാലിനോ പെട്ടെന്ന് തളർച്ചയോ ബലക്കുറവോ അനുഭവപ്പെടുക. (S – Speech) സംസാരം: സംസാരിക്കാൻ ബുദ്ധിമുട്ട് നേരിടുക, അല്ലെങ്കിൽ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാകാതിരിക്കുക. (T – Time) സമയം: മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്നോ അതിലധികമോ കണ്ടാൽ അല്പം പോലും സമയം പാഴാക്കാതെ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം ഉറപ്പാക്കുക. ഇതിനു പുറമെ പെട്ടെന്നുണ്ടാകുന്ന കഠിനമായ തലവേദന രക്തസ്രാവത്തിന്റെ ലക്ഷണമാകാം. ലക്ഷണങ്ങൾ കുറച്ചു നേരം കഴിഞ്ഞ് മാറിപ്പോയാലും (ടി.ഐ.എ) അത് വലിയ സ്‌ട്രോക്കിനുള്ള മുന്നറിയിപ്പാണ് അപ്പോഴും ഉടൻ ചികിത്സ തേടണം. രോഗിയെ സ്വയം വണ്ടിയോടിച്ച് കൊണ്ടുപോകാതെ ആംബുലൻസിനായി 108-ൽ വിളിക്കുക. ജീവൻ രക്ഷിക്കാനുള്ള നിർണായക സമയം സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി ആദ്യത്തെ 4.5 മണിക്കൂറാണ് ‘ഗോൾഡൻ അവർ’ എന്ന് അറിയപ്പെടുന്നത് (എത്ര നേരത്തെ ചികിത്സ ലഭിക്കുന്നുവോ അത്രയും നല്ലത്). ഈ സമയത്തിനുള്ളിൽ രോഗിയെ സ്‌ട്രോക്ക് ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ എത്തിച്ച്, സി.ടി സ്കാനിൽ രക്തസ്രാവമില്ലെന്ന് ഉറപ്പാക്കിയ ശേഷം, ഇസ്കീമിക് സ്‌ട്രോക്കിൽ രക്തക്കട്ട അലിയിക്കാനുള്ള ത്രോംബോളിസിസ് ചികിത്സ നൽകാം. തിരഞ്ഞെടുത്ത രോഗികളിൽ രക്തക്കട്ട നീക്കം ചെയ്യുന്ന മെക്കാനിക്കൽ ത്രോംബക്ടമി കൂടുതൽ സമയം കഴിഞ്ഞും ഫലപ്രദമാണ്. ഈ ചികിത്സകളിലൂടെ മസ്തിഷ്കത്തിനുണ്ടാകുന്ന ആഘാതം കുറയ്ക്കാനും പൂർണ്ണ രോഗമുക്തിക്കുള്ള സാധ്യത വർധിപ്പിക്കാനും സാധിക്കും. ചെറുപ്പക്കാർ പലപ്പോഴും ഇത്തരം ലക്ഷണങ്ങൾ അസിഡിറ്റിയോ ക്ഷീണമോ ആണെന്ന് കരുതി അവഗണിക്കുന്നത് അപകടസാധ്യത കൂട്ടുന്നു. ചെറുപ്പക്കാർ ശ്രദ്ധിക്കേണ്ട പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യമായ ആരോഗ്യ പരിശോധന: 25-30 വയസ്സിന് ശേഷം വർഷത്തിലൊരിക്കൽ രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ എന്നിവ പരിശോധിക്കുക. കുടുംബത്തിൽ സ്‌ട്രോക്ക്, ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ ചരിത്രമുള്ളവർ ഇതിലും നേരത്തേ പരിശോധന തുടങ്ങുക. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ഇലക്കറികൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളും ഉപ്പ്, മധുരം തുടങ്ങിയവയുടെ അമിതോപയോഗവും ഒഴിവാക്കുക. പ്രതിദിനം വ്യായാമം ശീലമാക്കുക; ആഴ്ചയിൽ ഏകദേശം 150 മിനിറ്റ് മിതമായ വ്യായാമം ലക്ഷ്യമിടുക. പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക, മദ്യപാനം നിയന്ത്രിക്കുക. യോഗ, ധ്യാനം, കായിക വിനോദങ്ങൾ എന്നിവയിലൂടെ മാനസികസമ്മർദ്ദം കുറയ്ക്കുകയും 7-8 മണിക്കൂർ സുഖകരമായ ഉറക്കം ഉറപ്പാക്കുകയും ചെയ്യുക. സ്‌ട്രോക്ക് മുതിർന്നവരെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്ന് തിരിച്ചറിയുകയാണ് ആദ്യ പടി. ചെറുപ്പത്തിൽ തന്നെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെയും രോഗലക്ഷണങ്ങൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം തേടുന്നതിലൂടെയും പക്ഷാഘാത സാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും.


Life Style ⏭️

Back to top button