HEALTH
രോഗം മാറ്റാൻ പ്രസവിക്കൂവെന്ന് ഷമിത ഷെട്ടിയോട് ഡോക്ടർ, പുരുഷനെ എവിടുന്ന് കണ്ടെത്തുമെന്ന് നടി

ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിക്ക് 2024-ൽ എൻഡോമെട്രിയോസിസ് (Endometriosis) എന്ന ഗർഭാശയസംബന്ധമായ പ്രശ്നത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ, ഈ അവസ്ഥയെക്കുറിച്ച് സ്ത്രീകൾ കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചറിയണമെന്ന് പറയുകയാണ് ഷമിതയിപ്പോൾ. “ശരീരത്തിൽ വേദനയുണ്ടെങ്കിൽ, നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുകയും പോസിറ്റീവായിരിക്കുകയും ചെയ്യുക. ഏകദേശം 40% സ്ത്രീകളിൽ എൻഡോമെട്രിയോസിസ് ഉണ്ടെന്നും, ഇതിനെക്കുറിച്ച് നമ്മളിൽ ഭൂരിഭാഗം പേർക്കും അറിയില്ലെന്നും നിങ്ങൾക്ക് അറിയാമോ?”-അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ അവസ്ഥയ്ക്ക് ചികിത്സിക്കാൻ ചെന്നപ്പോൾ ഡോക്ടർ നൽകിയ വിചിത്രമായ ഉപദേശത്തെപ്പറ്റിയും ഷമിത വെളിപ്പെടുത്തി. അടുത്തിടെ സോഹ അലി ഖാന്റെ ‘ഓൾ എബൗട്ട് ഹെർ’ എന്ന പോഡ്കാസ്റ്റിൽ പങ്കെടുക്കവേയാണ് ഷമിത ഇക്കാര്യം തുറന്നുപറഞ്ഞത്. എൻഡോമെട്രിയോസിസ്, ശസ്ത്രക്രിയ, ജീവിതശൈലി മാറ്റങ്ങൾ, പ്രത്യുത്പാദന ശേഷി തുടങ്ങിയ കാര്യങ്ങളെപ്പറ്റി ആരോഗ്യ വിദഗ്ദ്ധ ഡോ. നീത വാർത്തിയോടൊപ്പം സംഘടിപ്പിച്ച ചർച്ചയായിരുന്നു ഇത്. ലക്ഷണങ്ങളുമായി ചികിത്സതേടിയപ്പോൾ തനിക്ക് എൻഡോമെട്രിയോസിസ് ആണെന്നും വേഗം ഗർഭം ധരിക്കുന്നതാണ് പരിഹാരമെന്നുമാണ് ഡോക്ടർ പറഞ്ഞതെന്ന് ഷമിത പറഞ്ഞു. അപ്പോൾ ‘ശരി! ഒരു പുരുഷനെ എവിടെ കണ്ടെത്താനാവും’ എന്നാണ് താൻ തിരിച്ചുചോദിച്ചതെന്നും ഷമിത പറഞ്ഞു.എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകൾക്ക് ഗർഭധാരണത്തിൽ പ്രശ്നങ്ങളുണ്ടാകുമോ എന്ന് പലപ്പോഴും ആശങ്കയുണ്ടാക്കാറുണ്ടെന്നും ഈ ഭയം എത്രത്തോളം സത്യമാണെന്നും സോഹ ചോദിച്ചു. എന്നാൽ ആ സമയത്ത് തനിക്ക് അത്തരം ചിന്തകളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രശ്നമാകുമെന്ന് ചിന്തിച്ചിട്ടില്ലെന്നും ഷമിത പ്രതികരിച്ചു.ആർത്തവം വരുന്നതിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവസമയത്തും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധത്തിലേർപ്പെടുന്ന സമയത്തുണ്ടാവുന്ന വേദന, വന്ധ്യത തുടങ്ങിയവയാണ് എൻഡോമെട്രിയോസിസിന്റെ രോഗലക്ഷണങ്ങളിൽ ചിലത്. കൃത്യമായ ചികിത്സ ലഭ്യമാണ്.
Source link


