NEWS

പിഎസ്‌സി: അന്വേഷണം തുടങ്ങി എസ്ഐടി; മാർക്ക് ചോർത്തി അഭിമുഖത്തിൽ ജയിപ്പിച്ചു?


തിരുവനന്തപുരം ∙ പിഎസ്‌സി പരീക്ഷയിലും നിയമനത്തിലും ഗുരുതര ക്രമക്കേട് നടന്നെന്ന മൊഴിയുമായി ഉദ്യോഗാർഥികൾ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) മുന്നിൽ. അന്വേഷണം ഏറ്റെടുത്ത എസ്ഐടി ഇന്നലെ മൊഴിയെടുപ്പ് ആരംഭിച്ചതിനു പിന്നാലെയാണ് ക്രമക്കേട് സംബന്ധിച്ച വിവരങ്ങളുമായി ഉദ്യോഗാർഥികളെത്തിയത്. ആസൂത്രണ ബോർഡ് ചീഫ്, കേരള അഡ്മിനിസ്ട്രേറ്റീവ് സർ‍വീസ്, ഡിവൈഎസ്പി സ്പെഷൽ റിക്രൂട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ക്രൈംബ്രാഞ്ച് ഐജി അജീത ബേഗത്തിന്റെ നേതൃത്വത്തിലുള്ള എസ്ഐടി ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള രേഖകൾ ആവശ്യപ്പെട്ട് പിഎസ്‌സിക്കു തിങ്കളാഴ്ച കത്തുനൽകും. അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിൽ തിങ്കളാഴ്ച ചേരുന്ന പിഎസ്‌സി യോഗം ഇക്കാര്യം ചർച്ച ചെയ്തേക്കും. അന്വേഷണത്തോടു സഹകരിക്കുന്ന കാര്യത്തിൽ നിയമോപദേശവും തേടും. അന്വേഷണത്തെ എതിർത്താൽ സർക്കാർ കടുത്ത നടപടികളിലേക്കു കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് പിഎസ്‌സി കോടതിയെ സമീപിക്കാനുമിടയുണ്ട്. ഒട്ടേറെ ഉദ്യോഗാർഥികൾ വിവിധ പരീക്ഷകളെയും അഭിമുഖങ്ങളെയും കുറിച്ച് ആരോപണം ഉന്നയിച്ചതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തെ കോടതി തടസ്സപ്പെടുത്താനിടയില്ലെന്ന പൊതുവിലയിരുത്തലുണ്ട്. ഇതാണ് പിഎസ്‌സിയെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇപ്പോൾ ആഭ്യന്തര വിജിലൻസ് അന്വേഷിക്കുന്നതിനാൽ മറ്റ് ഏജൻസികൾ ഇടപെടേണ്ടതില്ലെന്ന നിലപാടും പിഎസ്‌സിക്കുണ്ട്.പിഎസ്‌സിക്കെതിരായ സർക്കാർ അന്വേഷണത്തിൽ നിർണായകമാകുക ഡിജിറ്റൽ തെളിവുകൾ. ഉദ്യോഗാർഥികളുടെ മാർക്ക് പിഎസ്‌സിയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അംഗങ്ങൾ ചോർത്തുകയും ഇവരെ വിജയിപ്പിക്കാനാവശ്യമായ മാർക്ക് അഭിമുഖത്തിൽ നൽകിയെന്നുമാണ് മുഖ്യ ആരോപണം. ഉദ്യോഗസ്ഥരുടെ മൊഴി, കംപ്യൂട്ടറിലെ രേഖകൾ, പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും ഫോൺ വിളി രേഖകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി പരിശോധിക്കേണ്ടി വരും. കെഎഎസ് പരീക്ഷയിലടക്കം രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾക്കും സർവീസ് സംഘടന നേതാക്കൾക്കും വിജയിക്കാനായതും പ്രത്യേകം പരിശോധിക്കും. സമഗ്രമായ അന്വേഷണം നടത്തിയാൽ ഞെട്ടിക്കുന്ന തട്ടിപ്പുകൾ പുറത്തു കൊണ്ടു വരാൻ കഴിയുമെന്നാണ് വിവിധ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ നൽകുന്ന സൂചന. അന്വേഷണം ആരംഭിച്ചതോടെ കൂടുതൽ പരാതികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എസ്ഐടി.


Source link

Back to top button