HEALTH

4 സർക്കാർ മെഡിക്കൽ കോളേജുകളിൽ 820 പുതിയ കിടക്കകൾ അനുവദിച്ചതായി റിപ്പോർട്ട്


തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ രോഗികൾ അനുഭവിക്കുന്ന സ്ഥലപരിമിതിക്കും ദുരിതങ്ങൾക്കും പരിഹാരമായി 820 പുതിയ കിടക്കകൾ കൂടി സജ്ജമാക്കിയാതായി ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് കിടക്കകളുടെ എണ്ണം വർദ്ധിപ്പിച്ചത്. കിടക്കകളുടെ കുറവ് മൂലം രോഗികൾ തറയിൽ കിടക്കേണ്ടി വരുന്ന സാഹചര്യം പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. ആശുപത്രി സൂപ്രണ്ടുമാരുടെയും ജീവനക്കാരുടെയും സഹായത്തോടെ ഇൻപേഷ്യന്റ് രജിസ്റ്ററിലെ കണക്കുകളും നിലവിലെ ബെഡ് ശേഷിയും ഒത്തുനോക്കി തയ്യാറാക്കിയ കൃത്യമായ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് അധിക കിടക്കകൾ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ്: തറയിൽ കിടത്തി ചികിത്സിക്കേണ്ടി വരുന്ന രോഗികളെ കണ്ടെത്തിയതിനെ തുടർന്ന് ഫീവർ ക്ലിനിക്ക് പുലയനാർകോട്ട ചെസ്റ്റ് ഡിസീസ് ആശുപത്രിയിലേക്ക് മാറ്റി. ഇതിലൂടെ 300 പുതിയ കിടക്കകൾ ലഭ്യമാക്കി. തൃശൂർ മെഡിക്കൽ കോളേജ്: രണ്ട് അധിക വാർഡുകൾ സജ്ജീകരിച്ച് 200 കിടക്കകൾ വർദ്ധിപ്പിച്ചു. കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകൾ: രണ്ട് മെഡിക്കൽ കോളേജുകളിലുമായി 160 കിടക്കകൾ വീതം പുതുതായി സജ്ജമാക്കി. മെഡിക്കൽ കോളേജ് ആശുപത്രികളിൽ എത്തുന്ന ഒരു രോഗിയും തറയിൽ കിടക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും അതിനായി നിയമങ്ങൾ പരിഷ്കരിച്ച് കട്ടിലും മെത്തയും രോഗികളുടെ അവകാശമാക്കുമെന്നുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ ഈ അടിയന്തര ഇടപെടൽ.


Life Style ⏭️

Back to top button