NEWS
രാത്രി 8 മുതൽ 10 വരെ മാത്രം ഹരിത പടക്കങ്ങൾ അനുവദനീയം

തിരുവനന്തപുരം: ദീപാവലി ആഘോഷവേളയിൽ രാത്രി 8 മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഹരിത പടക്കങ്ങൾ മാത്രമേ പൊട്ടിക്കാൻ പാടുള്ളൂ എന്ന് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്ടർമാർക്കും ജില്ലാ പോലീസ് മേധാവികൾക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് രാത്രി 11.55 മുതൽ 12.30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.




