കെ.എം.എസ്.സി.എൽ മേധാവി സ്ഥാനം: ടി.വി. സുഭാഷ് ഒഴിഞ്ഞുമാറി

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എൽ) തലപ്പത്തേക്ക് എത്താൻ ഉന്നത ഉദ്യോഗസ്ഥർ വിമുഖത കാട്ടുന്നു. മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കാനില്ലെന്ന് ടി.വി. സുഭാഷ് ഔദ്യോഗികമായി അറിയിച്ചു. നിലവിൽ വഹിക്കുന്ന മറ്റ് ഉത്തരവാദിത്തങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പിന്മാറ്റം വ്യക്തമാക്കിയത്. ഇതോടെ, പകരം മറ്റൊരാളെ കണ്ടെത്താനുള്ള നീക്കത്തിലാണ് സർക്കാർ.
കഴിഞ്ഞ ഒരു മാസത്തിനിടെ പല ഉദ്യോഗസ്ഥരെയും ഈ പദവിയിലേക്ക് നിയോഗിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ആരും സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായില്ല. ഡോ. രേണു രാജിനെ ഈ സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം അരുൺ കെ. നായർ, എച്ച്. ദിനേശൻ എന്നിവരെ കെ.എം.എസ്.സി.എല്ലിലേക്ക് നിയമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇരുവരും ചുമതലയേൽക്കാൻ വിസമ്മതിച്ചു.
മരുന്നുവിതരണവുമായി ബന്ധപ്പെട്ട് ഉയർന്നുനിൽക്കുന്ന വിവാദങ്ങളും, വൻകിട കമ്പനികളുമായുള്ള ടെൻഡർ നടപടികളിലെ അട്ടിമറി ആരോപണങ്ങളും ഉദ്യോഗസ്ഥർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ഭാവിയിൽ നിയമപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ഭയമാണ് കെ.എം.എസ്.സി.എൽ മേധാവി സ്ഥാനത്തേക്ക് വരാൻ ഉദ്യോഗസ്ഥർ മടിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. നിലവിൽ കോർപ്പറേഷന്റെ ജനറൽ മാനേജർക്കാണ് എം.ഡിയുടെ അധിക ചുമതല നൽകിയിരിക്കുന്നത്.




