FASHION
ലേസറോ വാക്സിങ്ങോ ത്രെഡിങ്ങോ? മുഖത്തെ രോമം നീക്കാൻ ഏറ്റവും സുരക്ഷിതമായ വഴിയേതാണ്?

മുഖത്തെ അനാവശ്യ രോമം (Facial Hair) നീക്കം ചെയ്യണോ വേണ്ടയോ എന്നത് പൂർണമായും വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ അത് ചെയ്യാൻ തീരുമാനിക്കുമ്പോൾ ചർമത്തിന് ദോഷമുണ്ടാകാത്ത, സുരക്ഷിതമായ മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു. വാക്സിങ് മുതൽ ലേസർ വരെ ഇന്ന് ഒരുപാട് മാർഗങ്ങളുണ്ട്. ഓരോ രീതിക്കും അതിന്റേതായ ഗുണങ്ങളും പരിമിതികളുമുണ്ട്. ഏറ്റവും സുരക്ഷിതമായ രീതി തന്നെ തിരഞ്ഞെടുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…വാക്സിങ് (Waxing) മുഖത്തെ രോമം വേഗത്തിൽ നീക്കം ചെയ്യാൻ മിക്കവരും തിരഞ്ഞെടുക്കുന്ന മാർഗമാണ് വാക്‌സിങ്. സാധാരണയായി രണ്ട് മുതൽ നാല് ആഴ്ച വരെ രോമം വളരാതെ ചർമം മിനുസമുള്ളതായി നിലനിർത്താൻ ഇത് സഹായിക്കും. വാക്സിങ് ചെയ്യുമ്പോൾ രോമത്തോടൊപ്പം നിർജീവ കോശങ്ങളും നീങ്ങുന്നതിനാൽ ചർമത്തിന് നേരിയ എക്സ്ഫോളിയേഷൻ ഗുണവും ലഭിക്കും. എന്നാൽ മുഖത്തെ ചർമം ശരീരത്തിന്റെ മറ്റു ഭാഗങ്ങളെക്കാൾ സങ്കീർണവും മൃദുലവുമാണ്. അതുകൊണ്ടുതന്നെ വാക്സിങ്ങിനുശേഷം 12 മുതൽ 24 മണിക്കൂർ വരെ സുഗന്ധമുള്ള സ്‌കിൻകെയർ ഉൽപ്പന്നങ്ങൾ, ചൂടുവെള്ളത്തിലുള്ള കുളി, നീന്തൽ, കഠിന വ്യായാമം, സൂര്യപ്രകാശമേൽക്കുന്നത് എന്നിവ ഒഴിവാക്കണം. ഇത് ചർമത്തിൽ ചുവപ്പ്, ചെറിയ കുരുക്കൾ, അണുബാധ എന്നിവ വരാതിരിക്കാൻ സഹായിക്കും.ഗുണങ്ങൾ: വേഗത്തിൽ ഫലം ലഭിക്കും, ചെലവ് താരതമ്യേന കുറവ്, വീട്ടിൽ തന്നെ ചെയ്യാം, 2-4 ആഴ്ച വരെ രോമമില്ലാത്ത ചർമം. പരിമിതികൾ: വേദന അനുഭവപ്പെടാം, രോമം ചർമത്തിനടിയിൽ കുടുങ്ങി വളരാൻ (ഇൻഗ്രോൺ ഹെയർ) സാധ്യതയുണ്ട്, സെൻസിറ്റീവ് ചർമത്തിൽ ചുവന്നതടിപ്പും അസ്വസ്ഥതയും ഉണ്ടാകാം.ത്രെഡിങ് (Threading) പരമ്പരാഗത രീതിയാണ് ത്രെഡിങ്. കോട്ടൺ നൂൽ ഉപയോഗിച്ച് രോമം വേരോടെ നീക്കം ചെയ്യുന്നതിനാൽ കൂടുതൽ ഫലപ്രദമാണ്. ത്രെഡിങ്ങിന് മുമ്പ് മുഖം നന്നായി വൃത്തിയാക്കണം. പിന്നീട് ആ ഭാഗത്ത് കൈകൊണ്ട് ഇടയ്ക്കിടെ തൊടാതിരിക്കാനും ശ്രദ്ധിക്കണം. ചർമത്തിൽ ചെറിയ അസ്വസ്ഥതയുണ്ടെങ്കിൽ അലോവേര ജെൽ അല്ലെങ്കിൽ തണുത്ത കംപ്രസ് ഉപയോഗിക്കാം.ഗുണങ്ങൾ: കൃത്യമായ രോമനീക്കം, രാസവസ്തുക്കൾ ഉപയോഗിക്കേണ്ടതില്ല, ചെറിയ രോമങ്ങളും നീക്കം ചെയ്യാം. പരിമിതികൾ: വിദഗ്ധരുടെ സേവനം ആവശ്യമാണ്, ചിലരിൽ ചെറിയ കുരുക്കളും ചുവപ്പും ഉണ്ടാകാം.ഡെർമാപ്ലാനിങ് (Dermaplaning) സർജിക്കൽ ഗ്രേഡ് ബ്ലേഡ് ഉപയോഗിച്ച് മുഖത്തെ നിർജീവ കോശങ്ങളും നേർത്ത രോമങ്ങളും നീക്കം ചെയ്യുന്ന രീതിയാണ് ഡെർമാപ്ലാനിങ്. ഇതിലൂടെ ചർമം കൂടുതൽ മിനുസമാകുകയും സ്‌കിൻകെയർ ഉൽപ്പന്നങ്ങൾ നന്നായി ആഗിരണം ചെയ്യുകയും മേക്കപ്പ് കൂടുതൽ ഭംഗിയായി ഇരിക്കുകയും ചെയ്യും. എന്നാൽ ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ ചർമത്തിൽ മുറിവ്, അണുബാധ, മുഖക്കുരു, എക്സിമ, റോസേഷ്യ തുടങ്ങിയ പ്രശ്‌നങ്ങൾ രൂക്ഷമാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത് വീട്ടിൽ പരീക്ഷിക്കുന്നതിനേക്കാൾ വിദഗ്ധരുടെ മേൽനോട്ടത്തിൽ ചെയ്യുന്നതാണ് സുരക്ഷിതം.
Life Style ⏭️


