അപ്രതീക്ഷിത വിരുന്നുകാരനായി വൈദ്യുതി

സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഏതെന്ന് ബുദ്ധിജീവികളോട് ചോദിച്ചാൽ അവർ തലപുകയ്ക്കും. പലവിധ വർത്തമാനകാല പ്രതിസന്ധികളുടെ മെഷർമെന്റ് എടുത്തു നോക്കും, കട്ടിയുള്ളത് ഏതാണെന്ന്. പക്ഷെ ചോദ്യം സാധാരണക്കാരനോടാണെങ്കിൽ ഉടൻകിട്ടും ഉത്തരം, ‘വൈദ്യുതിപ്രതിസന്ധി’. എപ്പോൾ പോകുമെന്നോ എപ്പോൾ വരുമെന്നോ ഒന്നിനും ഒരു നശ്ചയവുമില്ലാത്ത അവസ്ഥ. ഒരു ശരാശരി മലയാളി നിത്യജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ ആവശ്യങ്ങളും വൈദ്യുതിയെ മുൻ നിർത്തിയാണ് നിറവേറ്റുന്നത്. വൈദ്യുതി സഹായത്താൽ പ്രവർത്തിപ്പിക്കാവുന്ന സാമഗ്രികളുടെ വൈപുല്യം വർദ്ധിച്ചതോടെ കറന്റ് ഇല്ലാത്ത ഒരു നിമിഷവും ആലോചിക്കാൻ പറ്റാതായി. പക്ഷെ ഇപ്പോൾ ഒട്ടും വിശ്വസിക്കാനാവാത്ത വിരുന്നുകാരനായി മാറി വൈദ്യുതി. ഇവിടെയാണ് ചോദ്യം, ഈ പ്രതിസന്ധി മാറുമോ?
വീട്ടിലെ ലൈറ്റുകൾ, ഫാനുകൾ, ഫ്രിഡ്ജ്, മിക്സി, പമ്പിംഗ് മോട്ടോർ ഇത്രയുമൊക്കെയാണ് സാധാരണക്കാരന്റെ കറന്റ് ആവശ്യങ്ങൾ. വരുമാനത്തിന്റെ ആക്കവും ആഗ്രഹങ്ങളുടെ തൂക്കവും കൂടുന്നതനുസരിച്ച് കറന്റിനെ ആശ്രയിക്കേണ്ട ആവശ്യങ്ങളും വർദ്ധിക്കും. അനുദിനം താപനില ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ എ.സി ഇപ്പോൾ പൊങ്ങച്ചമല്ല, മറിച്ച് ആശ്വാസമാണ്. പെട്രോളിന്റെ വിലയ്ക്ക് തീ പിടിച്ചു കൊണ്ടിരിക്കുന്നതിനാൽ ഇലക്ട്രിക് വാഹനങ്ങൾ കാലത്തിന്റെ ആവശ്യമാണ്. മുറികൾ വൃത്തിയാക്കാൻ വാക്വം ക്ളീനറും പാചകവേല എളുപ്പത്തിലാക്കാൻ ഇൻഡക്ഷൻ കുക്കറും ഒഴിവാക്കാൻ വയ്യാത്തതായി. അങ്ങനെ വൈദ്യുതിയെ ആശ്രയിക്കേണ്ട കാര്യങ്ങൾ അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. വൈദ്യുതി ഉത്പാദനം മാത്രം കുടുന്നില്ലെന്ന് മാത്രം.
ജലവൈദ്യുത പദ്ധതികളാണ് കേരളത്തിന് അഭികാമ്യം എന്നാണ് പൊതുവെയുള്ള ധാരണ. ഇടുക്കി ജല വൈദ്യുത പദ്ധതിയാണ് കേരളത്തിന്റെ ഊർജ്ജോത്പാദനത്തിന്റെ നട്ടെല്ല്. അതിനൊരു രണ്ടാംഘട്ടം എന്ന് കൂറേക്കാലമായി കേൾക്കുന്നുണ്ടെങ്കിലും ഒന്നും സംഭവിക്കുന്നില്ല. ഓരോ പരമ്പരാഗത പദ്ധതികളെക്കുറിച്ച് ആലോചന തുടങ്ങുമ്പോഴും പരിസ്ഥിതിവാദികളുടെ രൂപത്തിലും വനസംരക്ഷകരുടെ ഭാവത്തിലും വഴിമുടക്കുകളെത്തും. ഏറെ കൊട്ടിഘോഷിച്ചാണ് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് എൻ.ടി.പി.സി താപനിലയം വന്നത്.കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതോത്പാദനമാണ് ലക്ഷ്യമിട്ടിരുന്നത്. നിലയത്തിന്റെ പണിയെല്ലാം പൂർത്തിയായപ്പോഴാണ് അത് ലാഭകരമാവില്ലെന്ന ബോദ്ധ്യമുണ്ടായത്. നാഫ്തയായിരുന്നു അടുത്ത ഓപ്ഷൻ. വില തട്ടിച്ചു നോക്കുമ്പോൾ അതും അത്രമെച്ചമാവില്ലെന്ന് കണ്ടു. ഫലത്തിൽ ഇങ്ങനൊരു നിലയമുണ്ടായതല്ലാതെ ഉദ്ദേശിച്ച പ്രയോജനം അവിടുന്നു കിട്ടാതായി. ചെറിയ ചെറിയ ചില പദ്ധതികൾ അങ്ങിങ്ങായി ഉണ്ടെങ്കിലും അടിക്കടി ഉയരുന്ന ആവശ്യം നിറവേറ്റാൻ ഇതൊന്നും പോര.ഇടുക്കി, ശബിരിഗിരി പദ്ധതികളുടെ രണ്ടാംഘട്ടം, കക്കയം പദ്ധതി എന്നിവയിക്ക് പ്രഥമ പരിഗണന നൽകാനാണ് തീരുമാനം. ആണവ, താപ നിലയപദ്ധതികൾ കേരളത്തിൽ പ്രയോഗികമല്ലാത്തതിനാൽ ഇതേക്കുറിച്ച് ഇപ്പോൾ ചിന്തിക്കാനേ കഴിയുന്നില്ല.
ഇപ്പോൾ വൈദ്യുതിക്ക് പുതിയൊരു രാഷ്ട്രീയ മാനവും വന്നിട്ടുണ്ട്. തങ്ങൾ ഭരിച്ച പത്തുവർഷവും കറന്റ് കട്ടില്ലായിരുന്നു എന്നതാണ് എൽ.ഡി.എഫിന്റെ ഊറ്റം കൊള്ളൽ. എന്നാൽ യു.ഡി.എഫ് ഭരണകാലത്ത് ഉണ്ടാക്കിയ കരാർ റദ്ദാക്കിയതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നാണ് ഇതിന്റെ മറുവാദം.
റദ്ദാക്കപ്പെട്ട ദീർഘകാല കരാർ പുന:സ്ഥാപിക്കാനുള്ള നിയമപോരാട്ടം തുടരുമെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ആവർത്തിച്ചു കൊണ്ടിരിക്കുന്നത് . സുപ്രീംകോടതിയിൽ ഇതുസംബന്ധിച്ച കേസ് വേഗത്തിലാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തിന് കുറഞ്ഞ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന കരാറാണിത്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയുമായിരുന്ന യു.ഡി.എഫ് കാലത്തെ വൈദ്യുതി വാങ്ങൽ കരാർ നഷ്ടമുണ്ടാക്കിയെന്ന വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തലും ഇപ്പോൾ മറ്റൊരു രാഷ്ട്രീയ ചർച്ചയ്ക്ക് വഴി വച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ പദവി ദുരുപയോഗം ചെയ്തുവെന്നും കേന്ദ്ര അനുമതി ഇല്ലാതെ ടെൻഡർ വ്യവസ്ഥകളിൽ നിന്ന് വ്യതിചലിച്ചുവെന്നതടക്കമുള്ള വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട് 2024ലാണ് സമർപ്പിച്ചത് . അനുമതി ഇല്ലാതെ കരാറിൽ ഏർപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി റഗുലേറ്ററി കമ്മിഷൻ കരാർ റദ്ദാക്കുകയും ചെയ്തു . പിന്നീട് സർക്കാർ ഇടപെടലിനെത്തുടർന്ന് കരാർ പുന:സ്ഥാപിച്ചുവെങ്കിലും വൈദ്യുതി ലഭിച്ചില്ല. ഇങ്ങനെ പറയാൻ ന്യായങ്ങളും മറു ന്യായങ്ങളുമേറെയുണ്ട് രാഷ്ട്രീയക്കാർക്ക്. പക്ഷെ പാവം ജനത്തിന് കറന്റില്ലെന്ന് പറയാമെന്ന ഒറ്റ ന്യായമല്ലെയുള്ളു.
പ്രതീക്ഷയോടെ സോളാർ
ഇപ്പോൾ എല്ലാവരുടെയും പ്രതീക്ഷ സോളാർ വൈദ്യുതിയിലാണ്. കേന്ദ്രസർക്കാരിന്റെ സബ്സിഡി എന്ന ആകർഷണ വലയത്തിൽപ്പെട്ട് കേരളത്തിൽ വലിയൊരു ശതമാനം ഉപഭോക്താക്കൾ വീടുകൾക്ക് മുകളിൽ സോളാർ പാനൽ നിരത്തിയിട്ടുണ്ട്. പകൽ സമയത്തെ വെയിലിൽ ഈ പാനലുകൾ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അതെല്ലാം ഏതു വഴിക്ക് പോകുന്നുവെന്ന് ഒരു നിശ്ചയവുമില്ല, കാരണം വേണ്ടത്ര സംഭരണ സംവിധാനമില്ലാത്തതു തന്നെ. കേരളം ഇരുട്ടിലാണ്ടു തുടങ്ങിയപ്പോഴാണ് പ്രതിവിധിക്കായുള്ള ചർച്ചകൾ ഭരണതലത്തിൽ സജീവമായത്. രാത്രിയിലെ കട്ട് ഒഴിവാക്കാൻ ബാറ്ററി എനർജി സ്‌റ്റോറേജുകൾ വ്യാപകമാക്കുന്നതിനൊപ്പം ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതോൽപദാന പദ്ധതികൾ നടപ്പാക്കിയില്ലെങ്കിൽ നിലവിലുള്ളതനേക്കാൾ വലിയ പ്രതിസന്ധി വരുംവർഷങ്ങളിൽ സംസ്ഥാനം നേരിടേണ്ടിവരുമെന്ന തിരിച്ചറിവ് വൈകിയാണെങ്കിലുമുണ്ടായി. ഇത് മുന്നിൽകണ്ട് സാദ്ധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കാനാണ് കെ.എസ്.ഇ.ബിയും ഊർജ്ജവകുപ്പും ഒരുങ്ങുന്നത്.
പകൽ സോളാർ വൈദ്യുതി സുലഭമായതിനാൽ ബെസ് ഉപയോഗിച്ച് വലിയൊരളവിൽ ശേഖരിക്കാനാവും. സംസ്ഥാനത്ത് ആറ് ഇടങ്ങളിൽ ബെസ് ആറുമാസത്തിനുള്ളിൽ സജ്ജമാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഇത് സാദ്ധ്യമായാലും വൈദ്യുതി ഉപഭോഗം ഉയരുന്ന സാഹചര്യം നേരിടാൻ ബെസ് മാത്രം പര്യാപ്തമാകില്ല. ഈ സാഹചര്യത്തിൽ നിർമ്മാണത്തിലുള്ള ജലവൈദ്യുത പദ്ധതികൾ വേഗത്തിലാക്കാനും മുടങ്ങിക്കിടക്കുന്നത് പുനരാരാംഭിക്കാനും കെ.എസ്.ഇ.ബി നടപടികൾ വേഗത്തിലാക്കിയെന്നാണ് ആശ്വാസം.


