പത്ത് വർഷത്തിനിടയിലെ ഉയർന്ന വില, 700 രൂപ കടന്ന് കുരുമുളക്

കോന്നി: കഴിഞ്ഞ 10 വർഷത്തിനിടയിൽ കുരുമുളക് വില 700 കടന്നു. 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോഴുള്ളത്. നിലവിൽ 700- 710 രൂപയാണ് പ്രാദേശിക വിപണികളിൽ കുരുമുളകിന്റെ വില. 2014 – 15ൽ കുരുമുളകിന് റെക്കാഡ് വിലയായ 730ൽ എത്തിയിരുന്നു. 2016ൽ 700 രൂപവരെയെത്തി. എന്നാൽ ഉൽപാദനം പകുതിയിലും താഴെയായതിനാൽ സാധാരണ കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉൽപാദനം തീരെ കുറഞ്ഞ സാഹചര്യമാണ് നിലവിൽ. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ വന്യമൃഗ ശല്യം മൂലം മറ്റ് കാർഷിക വിളകൾ ഉത്പാദിപ്പിക്കുവാൻ കഴിയാത്ത കർഷകർ കാപ്പി, കുരുമുളക് എന്നിവയുടെ കൃഷി ആരംഭിച്ചിരുന്നു. റബർ വിലയിലുണ്ടായ ഇടിവുമൂലം പല കർഷകരും കുരുമുളക് കൃഷിയിലേക്ക് തിരിഞ്ഞിട്ടുമുണ്ട്. പന്നിയൂർ 1, കരിമുണ്ട ഇനങ്ങളിൽപ്പെട്ട കുരുമുളക് തൈകളാണ് മലയോര മേഖലയിലെ കർഷകർ കൂടുതലായി കൃഷി ചെയ്തു വരുന്നത്. കുരുമുളകിന് താങ്ങു കാലുകളായി മുള്ള് മുരിക്ക്, പൂവരിശ്, ശീമക്കൊന്ന എന്നിവയുടെ താങ്ങ്കാലുകൾ നടാറുണ്ടെങ്കിലും ഉണ്ടെങ്കിലും പ്ലാവ്, കവുങ്ങ്, തെങ്ങ് തുടങ്ങിയ മരങ്ങളിലും കുരുമുളക് തൈകൾ വളർത്തുന്നുണ്ട്. കോൺക്രീറ്റ് തൂണുകൾ ഉണ്ടാക്കിയെടുത്ത് അതിൽ കുരുമുളക് തൈകൾ വളർത്തുന്ന രീതിയിൽ ചെടിച്ചട്ടികളിൽ വീട്ടാവശ്യത്തിനായി കുരുമുളക് തൈകൾ വളർത്തുന്ന രീതിയും ഉണ്ട്.
വിലക്കയറ്റത്തിന് കാരണം
ഇറക്കുമതിയിലുണ്ടായ വൻ ഇടിവാണ് ഇപ്പോഴത്തെ വില വർദ്ധനയ്ക്കു കാരണമെന്ന് വ്യാപാരികൾ പറയുന്നു. എങ്കിലും ആഭ്യന്തര വിപണിയിൽ ആവശ്യക്കാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. വിയറ്റ്നാമിൽ നിന്നുള്ള കുരുമുളകിന്റെ വരവ് കുറഞ്ഞത് രാജ്യാന്തര വിപണിയിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ കുരുമുളകിന്റെ ഡിമാൻഡ് കൂട്ടുകയാണ്. മഴ കുറഞ്ഞതും ചൂടു കൂടിയതും ഇത്തവണത്തെ ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്.
……………………………………………………………..
കഴിഞ്ഞ 10 വർഷത്തിനിടെ കുരുമുളകിന് ഉണ്ടായ വില വർദ്ധനവ് കർഷകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ്.
പ്രസാദ് കോശി
(കുരുമുളക് കർഷകൻ)
News ⏭️


