FASHION
ഒരു ദിവസം, പല ലുക്കുകൾ; ഈ ഓണത്തിന് ഫാഷൻ ഒന്ന് മാറ്റിപ്പിടിക്കാം

ഓണവും സ്വർണനിറവും തമ്മിൽ വേർപെടുത്താനാവാത്ത ബന്ധമുണ്ട്. സാരിയുടെ കരയിലെ കസവിന്റെ നേർത്ത തിളക്കവും, കൈകളിലെ സ്വർണാഭരണങ്ങളും, മഞ്ഞളിന്റെ നിറവും, വെളുപ്പും സ്വർണവും കലർന്ന കസവിന്റെ മനോഹാരിതയും… അങ്ങനെ ഓണക്കാലത്ത് അൽപം തിളക്കം കൂടിയാലും അത് അധികമല്ല. എന്നാൽ ഒരു ഓണദിവസത്തിലെ ഓരോ നേരത്തിനും അനുയോജ്യമായി വസ്ത്രങ്ങൾ മാറിമാറി അണിഞ്ഞാലോ? രാവിലെ പൂക്കളം ഒരുക്കുന്നതുമുതൽ ഓണസദ്യയും കുടുംബസംഗമങ്ങളും വൈകുന്നേരത്തെ ആഘോഷങ്ങളും വരെ ഓരോ സന്ദർഭത്തിനും വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങൾ നടത്തിയാലോ? ഒരു ഓണദിവസത്തെ ഏറ്റവും മനോഹരമാക്കാൻ വസ്ത്രധാരണത്തിൽ എന്തൊക്കെ വൈവിധ്യങ്ങൾ കൊണ്ടുവരാമെന്ന് നോക്കാം. പാരമ്പര്യത്തിന്റെ കസവുഭംഗി വിട്ടുകളയാതെ തന്നെ മോഡേൺ സ്റ്റൈലുകൾക്ക് ഇടം നൽകാം. ഓണം ഒരു കസവ് സാരിയിൽ മാത്രം ഒതുങ്ങേണ്ട ആഘോഷമല്ലല്ലോ.പൂക്കളം ഒരുക്കുമ്പോൾ: അതിരാവിലെ പൂക്കൾ ശേഖരിച്ച് നിറങ്ങളടുക്കി മനോഹരമായ പൂക്കളം ഒരുക്കാൻ ക്ഷമയും സമയവും വേണം. ഈ സമയത്ത് സൗകര്യപ്രദമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഓഫ് ഷോൾഡർ ടോപ്പും പ്ലീറ്റഡ് ട്രൗസറും പോലുള്ള മോഡേൺ വസ്ത്രങ്ങൾ മികച്ച ഓപ്ഷനാണ്. ഗോൾഡൻ റസ്റ്റും ബ്രൗൺ നിറങ്ങളുമുള്ള ഹാൻഡ്ലൂം സിൽക്ക് ടിഷ്യു ഫാബ്രിക് ഒരാഘോഷഭംഗി നൽകും. കേരളത്തിന്റെ കൈത്തറി തുണിത്തരങ്ങൾ ഉപയോഗിച്ച് തയാറാക്കിയ ലളിതമായ ഡ്രസുകളും പരീക്ഷിക്കാം. വുഡൻ ഡിസൈനിലുള്ള വളകളും സ്ട്രാപ്പി ഗോൾഡൻ സാൻഡലുകളും വേറിട്ട ലുക്ക് നൽകും.സദ്യ കഴിഞ്ഞാൽ കഫ്താൻ: ഓണസദ്യ കഴിഞ്ഞുള്ള മയക്കം എല്ലാവർക്കും നിർബന്ധമാണല്ലോ. വയറുനിറയെ സദ്യ കഴിച്ചശേഷം കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ വീണ്ടും പായസം എത്തിയേക്കാം. ഈ സമയത്ത് അരയിൽ മുറുകുന്ന വസ്ത്രങ്ങളേക്കാൾ ഏറ്റവും അനുയോജ്യം ഒരു അയഞ്ഞ കഫ്താനാണ്. വയറിന് ആശ്വാസം നൽകുന്നതും ശരീരത്തിന് സൗകര്യപ്രദവുമായ കഫ്താൻ, സദ്യ കഴിഞ്ഞുള്ള വിശ്രമത്തിന് മികച്ച തിരഞ്ഞെടുപ്പാണ്. അതിനൊപ്പം മനോഹരമായ ഒരു ജോടി ജുത്തിയും വളരെ കുറച്ച് ആഭരണങ്ങളും മതി. ചെറിയൊരു ഫോട്ടോഷൂട്ട് കൂടി ആയാൽ ഉച്ചനേരവും ഉഷാറാകും.ഓണാഘോഷം കാണാൻ: തിരക്കേറിയ ജനക്കൂട്ടത്തിലൂടെ നടക്കാനും വള്ളംകളിയും പുലിക്കളിയുമൊക്കെ ആസ്വദിക്കാനും ഭക്ഷണം രുചിക്കാനും കൂട്ടുകാരുമായി സമയം ചെലവഴിക്കാനുമാണ് പരിപാടിയെങ്കിൽ കംഫർട്ട് തന്നെയാണ് പ്രധാനം.പ്രിന്റഡ് കോട്ടൺ ഡ്രസോ ലൂസ് ഫിറ്റിങ് ഹാൻഡ്ലൂം കോ-ഓർഡോ തിരഞ്ഞെടുക്കാം. ആഘോഷത്തിന് മേമ്പൊടിയായി ഭംഗിയുള്ളതും കാലാവസ്ഥയ്ക്ക് അനുയോജ്യവുമായ ഈ ലുക്കുകൾ തിരക്കിലും ചൂടിലും സൗകര്യപ്രദമായിരിക്കും. ഫ്ലാറ്റ് സാൻഡലോ കംഫർട്ടബിൾ ജുത്തിയോ ധരിക്കാം. ഒപ്പം ചെറിയ ക്രോസ്ബോഡി ബാഗും കൈകളിൽ ഏതാനും വളകളും മതി. വൈകുന്നേരത്തെ ആഘോഷങ്ങൾക്ക് ഗ്ലാമർ കൂട്ടാം: വൈകുന്നേരമാകുമ്പോൾ ഓണത്തിന്റെ ആഘോഷമൂഡും മാറും. ഇനി ലുക്കിൽ അൽപം ഡ്രാമയും ഗ്ലാമറും കൊണ്ടുവരാം. ഡേടൈം ലുക്കുകളേക്കാൾ സമ്പന്നമായ ടെക്സ്ചറുകളും ശ്രദ്ധേയമായ സിലൗറ്റുകളും കൂടുതൽ തിളക്കവുമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. റിച്ച് ഗോൾഡ് ടിഷ്യു സാരിക്കൊപ്പം വ്യത്യസ്ത ഡിസൈനിലുള്ള ഒരു ബ്ലൗസ് പരീക്ഷിക്കാം.
Life Style ⏭️


