FASHION
മുടിക്ക് കട്ടി തോന്നുന്ന, ഹെയർസ്‌റ്റൈൽ കൂടുതൽ നേരം നിലനിർത്തുന്ന ഡ്രൈഷാംപൂ മുടിക്ക് ദോഷമാണോ?

മുടി കഴുകാൻ സമയം കിട്ടാത്ത ദിവസങ്ങളിൽ പെട്ടെന്ന് ഫ്രഷ് ലുക്ക് നൽകാൻ ഡ്രൈ ഷാംപൂ സഹായിക്കും. പ്രത്യേകിച്ച് സ്ഥിരമായി ജിമ്മിൽ പോകുന്നവർക്കും തലമുടി എണ്ണമയമുള്ളതായി തോന്നുന്നവർക്കും ഇത് ഏറെ സൗകര്യപ്രദമാണ്. മുടിക്ക് വോളിയവും ടെക്‌സ്ചറും നൽകാനും ഹെയർസ്‌റ്റൈൽ കൂടുതൽ നേരം നിലനിർത്താനും ഡ്രൈ ഷാംപൂ ഉപയോഗിക്കാറുണ്ട്. എന്നാൽ പതിവായി ഉപയോഗിക്കുന്നത് മുടിക്കും തലയോട്ടിക്കും ദോഷകരമാണോ? ഡ്രൈ ഷാംപൂ ഇടയ്ക്കിടെ ഉപയോഗിക്കുന്നത് പൊതുവേ പ്രശ്‌നമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ സാധാരണ ഷാംപൂവിന് പകരമായി ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് തലയോട്ടിക്ക് അത്ര ഗുണകരമല്ല.റൈസ് സ്റ്റാർച്ച്, കോൺ സ്റ്റാർച്ച്, ആൽക്കഹോൾ തുടങ്ങിയ ഘടകങ്ങളാണ് പല ഡ്രൈ ഷാംപൂകളിലും അടങ്ങിയിരിക്കുന്നത്. ഇവ തലയോട്ടിയിലെ അധിക എണ്ണ ആഗിരണം ചെയ്ത് മുടിയുടെ വേരുകൾക്ക് ഫ്രഷ് ലുക്കും വൃത്തിയുള്ള പ്രതീതിയും നൽകുന്നു. എന്നാൽ പേരിൽ ‘ഷാംപൂ’ ഉണ്ടെങ്കിലും ഇത് സാധാരണ ഷാംപൂ പോലെ മുടിയും തലയോട്ടിയും വൃത്തിയാക്കുന്നില്ല. ഷാംപൂ, വെള്ളം എന്നിവ ഉപയോഗിച്ചുള്ള മുടി കഴുകലിന് ഡ്രൈ ഷാംപൂ പകരമാകില്ല.ഒന്നോ രണ്ടോ ദിവസം മുടി കഴുകുന്നത് നീട്ടാൻ ഡ്രൈ ഷാംപൂ ഉപയോഗിക്കുന്നത് സാധാരണയായി പ്രശ്‌നമല്ല. എന്നാൽ ദിവസങ്ങളോളം തുടർച്ചയായി ഉപയോഗിച്ചാൽ ഉൽപ്പന്നത്തിന്റെ അവശിഷ്ടങ്ങൾ, സെബം, മൃതകോശങ്ങൾ എന്നിവ തലയോട്ടിയിൽ അടിഞ്ഞുകൂടാം. ഇത് തലയോട്ടിയിൽ ചൊറിച്ചിൽ, അസ്വസ്ഥത, എന്നിവയ്ക്ക് കാരണമാകാം. രോമകൂപങ്ങൾ അടയാനും ഇടയാക്കാം. ദീർഘകാലം ഇത് തുടരുന്നത് ആരോഗ്യകരമായ മുടിവളർച്ചയെയും ബാധിച്ചേക്കാം.താരൻ അല്ലെങ്കിൽ സെബോറിയിക് ഡെർമറ്റൈറ്റിസ് പോലുള്ള തലയോട്ടി പ്രശ്‌നങ്ങളുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. രണ്ട് ദിവസത്തിലധികം മുടി കഴുകാതിരിക്കുമ്പോൾ ഇത്തരം പ്രശ്‌നങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. തലയോട്ടിയിൽ മാത്രമല്ല, മുടിയിലും ഡ്രൈ ഷാംപൂവിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടാം. ഇതോടെ മുടി കനംകുറഞ്ഞതുപോലെ, മങ്ങിയതും വരണ്ടതുമായി തോന്നാം. മുടിയുടെ സ്വാഭാവിക തിളക്കവും നഷ്ടപ്പെടാം. ഇത് ഒഴിവാക്കാൻ മുടി നന്നായി കഴുകുന്നത് നല്ലതാണ്. ആവശ്യമെങ്കിൽ ഡബിൾ ഷാംപൂ ചെയ്യുകയോ ഇടയ്ക്കിടെ ക്ലാരിഫൈയിങ് ഷാംപൂ ഉപയോഗിക്കുകയോ ചെയ്യാം.ഉപയോഗം ശ്രദ്ധയോടെ… വിദഗ്ധരുടെ അഭിപ്രായത്തിൽ, ഡ്രൈ ഷാംപൂ തുടർച്ചയായി രണ്ട് ദിവസത്തിൽ കൂടുതൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മുടി വളരെ നേർത്തതാണെങ്കിൽ ഒരു ദിവസം കഴിഞ്ഞ് തന്നെ ശരിയായി കഴുകുന്നതാണ് ഉചിതം. ഡ്രൈ ഷാംപൂ ഉപയോഗിച്ച ശേഷം അത് ഉണങ്ങാൻ അനുവദിക്കുകയും പിന്നീട് മുടി നന്നായി ബ്രഷ് ചെയ്യുകയും വേണം. മുടി ചീകുമ്പോൾ ഉൽപ്പന്നം എല്ലായിടത്തും ഒരുപോലെ എത്താനും അധിക എണ്ണയും പൊടിയും നീക്കം ചെയ്യാനും സഹായിക്കും. മുടി കഴുകിയതിനുശേഷവും ഡ്രൈ ഷാംപൂ ഒരു സ്‌റ്റൈലിങ് ഉൽപ്പന്നമായി ഉപയോഗിക്കാം. പ്രത്യേകിച്ച് നേർത്തതും ഒട്ടിപ്പിടിക്കുന്നതുമായ മുടിക്ക് കൂടുതൽ വോളിയവും ടെക്‌സ്ചറും നൽകാൻ ഇത് സഹായിക്കും. മുടികൊഴിച്ചിലിന് കാരണമാകുമോ? ഡ്രൈ ഷാംപൂ നേരിട്ട് മുടികൊഴിച്ചിലിന് കാരണമാകുന്നു എന്ന് പറയാനാകില്ല. എന്നാൽ അമിതമായ ഉപയോഗത്തിലൂടെ തലയോട്ടിയിൽ ഉണ്ടാകുന്ന ഇറിറ്റേഷനും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
Life Style ⏭️


