ഭക്ഷ്യ എണ്ണയിലെ അമിത വൈറ്റമിൻ ഡി: കുടുംബത്തിലെ മൂന്നുപേർക്ക് വൃക്കരോഗം

ഇന്നത്തെ കാലത്ത് വിറ്റാമിൻ ഡി കുറവുള്ളവർ ധാരാളമാണ്. ഇതിന് പരിഹാരമായി പലരും വിറ്റാമിൻ ഡി സപ്ലിമെന്റുകളെ ആശ്രയിക്കാറുണ്ട്. ഭക്ഷണസാധനങ്ങളിൽ പോഷകങ്ങൾ അധികമായി ചേർത്ത് വിപണിയിലെത്തിക്കുന്ന ഫോർട്ടിഫൈഡ് ഭക്ഷണങ്ങളും വിറ്റാമിൻ ഡിയുടെ അളവ് വർധിപ്പിക്കാൻ വ്യാപകമായി ശുപാർശ ചെയ്യപ്പെടുന്നു. എന്നാൽ, വിറ്റാമിൻ ഡി അമിതമായി ശരീരത്തിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് നടത്തിയ പഠനം മുന്നറിയിപ്പ് നൽകുന്നു.
ഒരേ കുടുംബത്തിലെ മൂന്ന് മുതിർന്നവർ തുല്യമായ രോഗലക്ഷണങ്ങളുമായി വെറും മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതാണ് ഈ വിഷയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ഇവരുടെ രക്തപരിശോധനയിൽ കാൽസ്യത്തിന്റെ അളവ് അസാധാരണമായി ഉയർന്നതായും വൃക്കകളുടെ പ്രവർത്തനം തകരാറിലായതായും കണ്ടെത്തി. ഹൈപ്പർകാൽസീമിയ എന്ന ഗുരുതരാവസ്ഥയിലായിരുന്ന ഇവരിൽ ഒരാൾക്ക് അടിയന്തരമായി ഡയാലിസിസും വേണ്ടിവന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, ഇവർ പാചകത്തിനായി ഉപയോഗിച്ചിരുന്ന എണ്ണയിൽ അപകടകരമായ തോതിൽ വിറ്റാമിൻ ഡി3 അടങ്ങിയിരുന്നതായി സ്ഥിരീകരിച്ചു. ഒരു മില്ലിലിറ്ററിൽ 1,286 മൈക്രോഗ്രാം എന്ന അമിത അളവിലാണ് വിറ്റാമിൻ ഡി3 ഇതിൽ കണ്ടെത്തിയത്. ഇത്തരം ഘട്ടങ്ങളിൽ ശരീരത്തിലെ 25-ഹൈഡ്രോക്സിവിറ്റാമിൻ ഡിയുടെ അളവ് കുതിച്ചുയരുകയും അതേസമയം പാരാതൈറോയ്ഡ് ഹോർമോണിന്റെ അളവ് ഗണ്യമായി കുറയുകയും ചെയ്യുന്നു.
വിറ്റാമിൻ ഡി വിഷബാധ അഥവാ ഹൈപ്പർവിറ്റാമിനോസിസ് ഡി എന്നത് ശരീരം ഈ പോഷകത്തെ അമിതമായി സംഭരിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്. പ്രധാനമായും സപ്ലിമെന്റുകളുടെ അമിത ഉപയോഗമാണ് ഇതിന് കാരണം. ശരീരത്തിന് ഭക്ഷണത്തിൽ നിന്ന് കാൽസ്യം ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി അത്യാവശ്യമാണെങ്കിലും, ഇതിന്റെ അളവ് പരിധിവിടുമ്പോൾ കാൽസ്യം അമിതമായി ആഗിരണം ചെയ്യപ്പെടുകയും അത് ഹൈപ്പർകാൽസീമിയയ്ക്ക് വഴിവെക്കുകയും ചെയ്യുന്നു. അധികമായെത്തുന്ന ഈ കാൽസ്യം വൃക്കകൾ ഉൾപ്പെടെയുള്ള അവയവങ്ങൾക്ക് വലിയ ഭീഷണിയാണ്.
തുടക്കത്തിൽ ദഹനപ്രശ്നങ്ങളായി തെറ്റിദ്ധരിക്കപ്പെടാവുന്ന ചില ലക്ഷണങ്ങൾ ഇതിനുണ്ട്. ഓക്കാനം, ഛർദ്ദി, അമിതമായ ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, വിശപ്പില്ലായ്മ, വയറുവേദന, മലബന്ധം, നിർജ്ജലീകരണം, പേശീബലഹീനത, ക്ഷീണം, മാനസികമായ ആശയക്കുഴപ്പം എന്നിവയാണ് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ. വൃക്ക തകരാറുകൾ, വൃക്കയിൽ കല്ലുകൾ, ഹൃദയമിടിപ്പിലെ ക്രമക്കേടുകൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം. അതിനാൽ ഉയർന്ന അളവിൽ സപ്ലിമെന്റുകൾ കഴിക്കുന്നവരിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്.
ഭക്ഷണത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാൻ വിറ്റാമിൻ എ, ഡി എന്നിവ പാചകയെണ്ണയിലും പാലിലും ചേർക്കാൻ ഇന്ത്യയിൽ അനുമതിയുണ്ട്. അതിനാൽ വിപണിയിൽ ഇത്തരം ഫോർട്ടിഫൈഡ് ഉൽപ്പന്നങ്ങൾ സുലഭമാണ്. വിറ്റാമിൻ ഡി അമിതമായി ശരീരത്തിലെത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന തിരിച്ചറിവ് പ്രധാനമാണ്. ഉപഭോക്താക്കൾ എന്നും ഗുണനിലവാരമുള്ളതും വിശ്വസനീയവുമായ ബ്രാൻഡുകളിൽ നിന്നുള്ള പാചകയെണ്ണയും ഭക്ഷണങ്ങളും മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. ലേബലുകൾ കൃത്യമായി വായിച്ചു നോക്കാനും, ഉറവിടം വ്യക്തമല്ലാത്തതും ഗുണനിലവാരം സംശയാസ്പദവുമായ ഉൽപ്പന്നങ്ങൾ ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.




