SPORTS

കെസിഎൽ: അണ്ടർ 19 താരങ്ങൾക്ക് ആദരം; ‘റോഡ് ടു കെസിഎൽ’ പദ്ധതിക്ക് തുടക്കം കുറിച്ചു

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ, പുതുതലമുറയിലെ കായിക താരങ്ങൾക്ക് ക്രിക്കറ്റിൽ മികച്ച സാധ്യതകൾ തുറന്നു നൽകുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ‘റോഡ് ടു കെ.സി.എൽ.’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി ഒ.ജെ. ജെനീഷ് നിർവഹിച്ചു. 70-ാമത് ദേശീയ സ്കൂൾ ഗെയിംസിൽ അണ്ടർ-19 വിഭാഗം ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിനെ മന്ത്രിയും കെ.സി.എ. ഭാരവാഹികളും ചേർന്ന് വേദിയിൽ ആദരിച്ചു. ടീമിന് അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ചടങ്ങിൽ സമ്മാനിച്ചു.

ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് പ്രൊഫഷണൽ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പകർന്നു നൽകാനും, സ്കൂൾ തലത്തിലുള്ള മത്സരങ്ങളിലൂടെ മികച്ച പ്രതിഭകളെ കണ്ടെത്താനും ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതിയാണ് ‘റോഡ് ടു കെ.സി.എൽ.’. ജില്ലാ, സംസ്ഥാന തലങ്ങളിലേക്കും തുടർന്ന് കേരള ക്രിക്കറ്റ് ലീഗിലേക്കും (കെ.സി.എൽ) ഈ കായികതാരങ്ങളെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ഇന്റർ-സ്കൂൾ ടൂർണമെന്റുകൾ, വിവിധ തലങ്ങളിലുള്ള ജില്ലാ-സംസ്ഥാന മത്സരങ്ങൾ, മികച്ച പരിശീലന ക്യാമ്പുകൾ എന്നിവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. മികവ് പുലർത്തുന്നവർക്ക് കെ.സി.എയുടെ ഹൈ-പെർഫോമൻസ് സെന്ററിൽ പരിശീലനം ലഭിക്കാനുള്ള അവസരവും ഒരുക്കും.

ക്രിക്കറ്റിന് കൂടുതൽ പ്രചാരമില്ലാത്ത ഉൾനാടൻ ജില്ലകളിലും സ്കൂളുകളിലും ഈ കായികയിനം എത്തിക്കുക, വിദ്യാലയങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, പി.ഇ.ടി അധ്യാപകരുടെ പിന്തുണയോടെ കായിക പരിശീലനം കാര്യക്ഷമമാക്കുക, പെൺകുട്ടികളുടെ പ്രാതിനിധ്യം ക്രിക്കറ്റിൽ വർധിപ്പിക്കുക തുടങ്ങിയവയും ഈ പദ്ധതിയുടെ സുപ്രധാന ലക്ഷ്യങ്ങളാണ്.

കെ.സി.എ. ഇന്റർ-സ്കൂൾ ടൂർണമെന്റും ‘ഫ്യൂച്ചർ സൂപ്പർ സ്റ്റാറും’ പദ്ധതിയുടെ ഭാഗമാണ്. സ്കൂൾ തലത്തിൽ കഴിവുറ്റ കളിക്കാരെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള ജില്ലാ ടൂർണമെന്റിൽ 20 ടീമുകൾ പങ്കെടുക്കും. സംസ്ഥാനത്തെ അംഗീകൃത സർക്കാർ, എയ്ഡഡ്, സ്വകാര്യ ഹൈസ്കൂൾ – ഹയർ സെക്കൻഡറി വിഭാഗം വിദ്യാലയങ്ങൾക്ക് ഈ മത്സരത്തിൽ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. ഒരു വിദ്യാലയത്തിൽ നിന്ന് ഒരു ടീമിനെ മാത്രമേ ടൂർണമെന്റിലേക്ക് അണിനിരത്താൻ സാധിക്കൂ.

Auto ⏭️

Back to top button