NEWS
യൂണിഫോമിൽ റീൽസ്: രണ്ട് വർഷം മുൻപത്തെ വീഡിയോയിൽ നാല് പൊലീസുകാർക്കെതിരെ നടപടി

പത്തനംതിട്ട ∙ ഔദ്യോഗിക യൂണിഫോം അണിഞ്ഞ് സമൂഹമാധ്യമങ്ങൾക്കായി റീൽ ചിത്രീകരിച്ച സംഭവത്തിൽ നാല് പൊലീസുദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് ജില്ലാ പൊലീസ് മേധാവി ശിക്ഷാ നടപടികൾക്ക് വിധേയരാക്കിയത്.
2024-25 കാലയളവിലാണ് ഇവർ വിവാദമായ ഈ വീഡിയോ ചിത്രീകരിച്ചത്. പൊലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിച്ച ഈ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധിക്കപ്പെടുകയും വലിയ ചർച്ചയാവുകയും ചെയ്തു. ഇതിനുപിന്നാലെ സൈബർ വിഭാഗം വിവരം ജില്ലാ പൊലീസ് മേധാവിയെ ധരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.




