NEWS

വീട്ടിലെ പൈപ്പിലൂടെ മദ്യം: ടാങ്കിൽ 1000 ലിറ്റർ മദ്യം സൂക്ഷിച്ച യുവതി അറസ്റ്റിൽ

ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യവിൽപന കേന്ദ്രം പൊലീസ് റെയ്ഡിലൂടെ തകർത്തു. പരിശോധനയിൽ ആയിരം ലീറ്റർ വ്യാജമദ്യമാണ് അധികൃതർ പിടിച്ചെടുത്തത്. മുപ്പതുവയസ്സുകാരിയായ യുവതിയുടെ നേതൃത്വത്തിലായിരുന്നു ഈ തട്ടിപ്പ് അരങ്ങേറിയിരുന്നത്.

വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന ഹാൻഡ് പമ്പ് വഴി ആവശ്യക്കാർക്ക് മദ്യം വിതരണം ചെയ്യുന്ന വിദ്യയാണ് ഇവർ പയറ്റിയിരുന്നത്. കാഴ്ചയിൽ സാധാരണ ജലസേചന സൗകര്യം പോലെ തോന്നുമെങ്കിലും, യഥാർഥത്തിൽ മണ്ണിനടിയിൽ വലിയ ടാങ്ക് സ്ഥാപിച്ച് അതിൽ മദ്യം സംഭരിച്ചുവെക്കുകയായിരുന്നു. വെള്ളം കോരുന്നതിനായി സ്ഥാപിച്ച സംവിധാനമെന്നു വിശ്വസിപ്പിച്ചാണ് നാട്ടുകാരെയും അധികൃതരെയും ഇവർ കബളിപ്പിച്ചു പോന്നത്.

പൊലീസും എക്സൈസ് വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഈ നിയമവിരുദ്ധ സംഭരണ കേന്ദ്രം കണ്ടെത്തിയത്. റെയ്ഡിനിടെ, ഉദ്യോഗസ്ഥൻ ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് മദ്യം പുറത്തെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തേജ്പുര ഗുരാത് ഗ്രാമത്തിലെ വീട്ടിൽ കഴിഞ്ഞ ശനിയാഴ്ച ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. സംഭവത്തിൽ എക്സൈസ് നിയമപ്രകാരം കേസെടുത്ത അധികൃതർ, യുവതിയെ ഉടൻതന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Fashion ⏭️

Back to top button