NEWS

ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണക്കപ്പലുകളിൽ സ്ഫോടനം; മേഖലയിൽ അതീവ ആശങ്ക

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഫോടനം നടത്തി മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അറിയിച്ചു. മേഖലയിൽ നിലനിൽക്കുന്ന കടുത്ത പ്രതിസന്ധികൾക്കിടയിലാണ് പുതിയ സംഭവം അരങ്ങേറിയിരിക്കുന്നത്. കടലിടുക്കിന്റെ തെക്കൻ തീരപ്രദേശത്ത് ഒരു കപ്പലിനും, കിഴക്കൻ ജലപാതയിൽ മറ്റ് രണ്ട് കപ്പലുകൾക്കുമാണ് നാശനഷ്ടങ്ങൾ സംഭവിച്ചതെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ നാവികസേനയുടെയും വ്യോമസേനയുടെയും കനത്ത സുരക്ഷാ വലയത്തിൽ നീങ്ങുകയായിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടതെന്നും, ഈ സ്ഫോടനങ്ങളെ പ്രതിരോധിക്കാൻ യുഎസ് സൈന്യത്തിന് സാധിച്ചില്ലെന്നും ഐആർജിസി കുറ്റപ്പെടുത്തുന്നു. സ്ഫോടനത്തിന്റെയും കപ്പലുകൾ കത്തുന്നതിന്റെയും ദൃശ്യങ്ങൾ ഉടൻ തന്നെ പരസ്യപ്പെടുത്തുമെന്നും ഇറാൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

എങ്കിലും, അപകടത്തിൽപ്പെട്ട കപ്പലുകൾ ഏതെല്ലാമെന്നോ നാശനഷ്ടങ്ങളുടെ യഥാർഥ തോത് എന്താണെന്നോ സംബന്ധിച്ച് രാജ്യാന്തര സമുദ്ര നിരീക്ഷണ ഏജൻസികളോ അമേരിക്കൻ പ്രതിരോധ മന്ത്രാലയമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലുമായി കഴിഞ്ഞ എട്ടു മാസത്തിനിടെ നൂറിലേറെ കപ്പലുകൾക്ക് നേരെ സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നാണ് രാജ്യാന്തര മാരിടൈം ഓർഗനൈസേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

Fashion ⏭️

Back to top button