കെഎസ്ആർടിസി ബസിലെ ഡീസൽ മോഷണം: ദൃശ്യങ്ങൾ ക്യാമറയിൽ, നാല് ജീവനക്കാർ പിടിയിൽ

ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ സർവീസ് അവസാനിപ്പിച്ച് എത്തുന്ന ബസുകളിൽനിന്ന് ഡീസൽ മോഷ്ടിച്ച മെക്കാനിക്കൽ വിഭാഗത്തിലെ നാല് ജീവനക്കാരെ പെൻ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടി. ഡിപ്പോയിലെ ബസുകളുടെ ഇന്ധനക്ഷമതയിൽ കാര്യമായ കുറവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ രഹസ്യ പരിശോധനയിലാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
തുടർച്ചയായി മൈലേജ് കുറയുന്നതായി കണ്ടതോടെ മെക്കാനിക്കൽ വിഭാഗം വിശദമായ പരിശോധന നടത്തിയെങ്കിലും ബസുകളിൽ യാതൊരുവിധ സാങ്കേതിക തകരാറുകളും കണ്ടെത്താനായില്ല. ഇതോടെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയാണോ മോഷണമാണോ എന്ന് സംശയിച്ച അധികൃതർ, എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ബസുകൾക്ക് സമീപം അതീവ രഹസ്യമായി പെൻ ക്യാമറകൾ സ്ഥാപിക്കുകയായിരുന്നു.
ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്ന്, സർവീസ് കഴിഞ്ഞ് തിരിച്ചെത്തുന്ന ബസുകളുടെ ടാങ്കിൽനിന്ന് പൈപ്പുകൾ ഉപയോഗിച്ച് ഇന്ധനം ഊറ്റിയെടുക്കുന്നതായി വ്യക്തമായി. തുടർന്നാണ് നാല് ജീവനക്കാരുടെ നേതൃത്വത്തിൽ നടന്നുവന്ന തട്ടിപ്പ് പുറത്തായത്.




