ജീവിതശൈലീ മാറ്റങ്ങളിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാം

ഓരോ വർഷവും നവംബർ 14-ന് ലോക പ്രമേഹ ദിനം ആചരിക്കുകയാണ്. പ്രമേഹത്തെക്കുറിച്ചുള്ള അറിവ് ജനങ്ങളിലേക്ക് എത്തിക്കാനും, രോഗം നേരത്തേ കണ്ടെത്തി പ്രതിരോധിക്കാനും, കൃത്യമായ ജീവിതക്രമത്തിലൂടെ രോഗസാധ്യതകളെ അകറ്റിനിർത്താനും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്ത്യയിൽ പ്രമേഹബാധിതരുടെ എണ്ണം ആശങ്കാജനകമാംവിധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2023-ൽ പുറത്തുവന്ന ദേശീയ പഠനറിപ്പോർട്ട് പ്രകാരം ഏകദേശം 10.1 കോടി ഇന്ത്യക്കാർ പ്രമേഹരോഗികളാണ്. ഇവരിലേറെപ്പേർക്കും തങ്ങൾക്ക് ഈ രോഗമുണ്ടെന്ന വസ്തുതപോലും അറിയില്ല എന്നതാണ് ഏറ്റവും ഗൗരവകരമായ കാര്യം.
പ്രമേഹം പൂർണ്ണമായും മാറുമോ?
ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഭക്ഷണക്രമത്തിലെ ചിട്ടകൾ, കൃത്യമായ ശാരീരിക അധ്വാനം, ശരീരഭാരം കുറയ്ക്കൽ തുടങ്ങിയ ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ മരുന്നുകളുടെ സഹായമില്ലാതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിൽ എത്തിക്കാൻ ചിലപ്പോൾ സാധിച്ചേക്കാം. വൈദ്യശാസ്ത്രത്തിൽ ഇതിനെ ‘റിമിഷൻ’ (Remission) എന്നാണ് പറയുന്നത്. എന്നാൽ എല്ലാ പ്രമേഹ രോഗികൾക്കും ഇത് ബാധകമല്ല. ടൈപ്പ് 1 പ്രമേഹം ഉള്ളവരിൽ ഈ രീതി ഫലപ്രദമല്ല. കൂടാതെ, ടൈപ്പ് 2 പ്രമേഹം നിയന്ത്രണവിധേയമായാലും കാലക്രമേണ പഞ്ചസാരയുടെ അളവ് വീണ്ടും കൂടാൻ സാധ്യതയുണ്ട്. അതിനാൽ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഒരിക്കലും മരുന്നുകൾ നിർത്തരുത്.
രോഗലക്ഷണങ്ങൾ തിരിച്ചറിയുക
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് അമിതമാകുന്നതാണ് പ്രമേഹത്തിന്റെ പ്രധാന സൂചന. അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, അകാരണമായ ക്ഷീണം, പെട്ടെന്ന് ശരീരഭാരം കുറയുക, കാഴ്ച മങ്ങുക തുടങ്ങിയവ ലക്ഷണങ്ങളായി പ്രകടമാകാം. എന്നാൽ പലരിലും രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടെന്നു വരില്ല. അതിനാൽ രോഗസാധ്യതയുള്ളവർ കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം രക്തപരിശോധന നടത്താൻ ശ്രദ്ധിക്കണം. രോഗം തുടക്കത്തിലേ കണ്ടെത്തിയാൽ പിന്നീട് വരാനിടയുള്ള സങ്കീർണ്ണതകളെ ഫലപ്രദമായി തടയാൻ കഴിയും.
ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ
പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും, നിലവിലുള്ള ടൈപ്പ് 2 പ്രമേഹം നിയന്ത്രണത്തിൽ നിർത്താനും ആരോഗ്യകരമായ ശീലങ്ങൾ അത്യാവശ്യമാണ്. പച്ചക്കറികൾ, പയർവർഗങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചോറ്, മധുരം അടങ്ങിയ പലഹാരങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ദിവസവും ചുരുങ്ങിയത് 30 മിനിറ്റ് വേഗത്തിൽ നടക്കുകയോ വ്യായാമം ചെയ്യുകയോ വേണം. അമിതഭാരമുള്ളവർ ശാസ്ത്രീയമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുക. കൂടാതെ, പുകവലി ഉപേക്ഷിക്കുന്നതും കൃത്യമായ ഉറക്കം ഉറപ്പാക്കുന്നതും രോഗനിയന്ത്രണത്തിന് അത്യന്താപേക്ഷിതമാണ്.
പ്രമേഹത്തെ അവഗണിക്കരുത്
പ്രമേഹം കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ അത് ഹൃദയം, വൃക്ക, കണ്ണുകൾ, പാദങ്ങൾ എന്നിവയെ സാരമായി ബാധിക്കാൻ ഇടയുണ്ട്. അതിനാൽ രക്തത്തിലെ പഞ്ചസാരയോടൊപ്പം രക്തസമ്മർദ്ദവും കൊളസ്ട്രോളും കൃത്യമായി പരിശോധിക്കുകയും നിയന്ത്രണത്തിൽ നിർത്തുകയും വേണം. കണ്ണ്, വൃക്ക, പാദങ്ങൾ എന്നിവയുടെ ആരോഗ്യത്തിനായി കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ പരിശോധന തേടുക.
പ്രമേഹം ഉണ്ടെന്ന് സ്ഥിരീകരിച്ചാൽ ആശങ്കപ്പെടേണ്ടതില്ല. ശരിയായ ചികിത്സയും ആരോഗ്യകരമായ ജീവിതചര്യയും പിന്തുടർന്നാൽ ഈ രോഗത്തെ വിജയകരമായി കൈകാര്യം ചെയ്യാൻ സാധിക്കും. ഈ ലോക പ്രമേഹ ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം: രോഗം നേരത്തേ തിരിച്ചറിയാം, ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി അതിനെ നേരിടാം, സങ്കീർണ്ണതകൾ ഒഴിവാക്കി ആരോഗ്യത്തോടെ മുന്നോട്ട് പോകാം.
ഡോ. മൊയ്ദീൻ കുഞ്ഞി
ഫിസിഷ്യൻ ആൻഡ് ഡയബറ്റോളജിസ്റ്റ്
ഡയലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, കാസർഗോഡ്




