ആരോഗ്യകരമായ ജീവിതശൈലി: പുകവലിയും മദ്യപാനവുമില്ലാത്ത ശീലങ്ങൾ

സാധാരണഗതിയിൽ ഒരാൾക്ക് ഹൃദയാഘാതം ഉണ്ടാകുമ്പോൾ നമ്മൾ ആദ്യം അന്വേഷിക്കുന്നത് അയാൾ പുകവലിക്കാറുണ്ടോ അതോ രക്തസമ്മർദ്ദമുണ്ടോ എന്നൊക്കെയാണ്. എന്നാൽ, ഇത്തരം ദുശ്ശീലങ്ങളോ രോഗങ്ങളോ ഒന്നുമില്ലാത്തവരിൽ പോലും ഇന്ന് ഹൃദ്രോഗം കണ്ടുവരുന്നുണ്ട്. ഇതിനു പിന്നിലെ പ്രധാന വില്ലൻ കുടുംബ പാരമ്പര്യമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ഗോപാൽ നായർ മുന്നറിയിപ്പ് നൽകുന്നു. അടുത്തിടെ താൻ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ മുപ്പത്തിരണ്ടു വയസ്സുകാരന്റെ അനുഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ചെറുപ്പത്തിൽ തന്നെ ഹൃദ്രോഗം വന്നിട്ടുണ്ടെങ്കിൽ, ആ പാരമ്പര്യം നിങ്ങളിലേക്കും പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. കൊറോണറി ധമനികളിൽ ബ്ലോക്ക് ഉണ്ടാകുന്നത് നിർണ്ണയിക്കുന്നതിൽ കുടുംബ ചരിത്രത്തിന് (Family History) വലിയൊരു പങ്കുണ്ട്. മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന ജീനുകൾ രക്തക്കുഴലുകളുടെ പ്രവർത്തനത്തെയും കൊളസ്ട്രോളിന്റെ തോതിനെയും നേരിട്ട് സ്വാധീനിക്കുന്നു. ‘ഫാമിലിയൽ ഹൈപ്പർകൊളസ്ട്രോളീമിയ’ (FH) പോലെയുള്ള ജനിതക അവസ്ഥകൾ ചെറുപ്പത്തിൽ തന്നെ രക്തത്തിൽ കൊളസ്ട്രോൾ ക്രമാതീതമായി ഉയർത്താനും ഹൃദയാഘാതത്തിലേക്ക് നയിക്കാനും കാരണമാകും. ഏകദേശം മുന്നൂറു പേരിൽ ഒരാൾക്ക് ഈ അവസ്ഥ കാണപ്പെടുന്നുണ്ട്. ലിപിഡ് പ്രൊഫൈൽ പരിശോധിക്കുമ്പോൾ എൽ.ഡി.എൽ (LDL) കൊളസ്ട്രോളിന്റെ അളവ് 190-ൽ കൂടുതലാണെങ്കിൽ, അത് FH-ലേക്ക് വിരൽ ചൂണ്ടുന്നതാകാം. ഇത് ഗൗരവത്തോടെ കാണേണ്ട ഒന്നാണ്.
പിതാവിനോ സഹോദരനോ 55 വയസ്സിന് മുൻപോ, മാതാവിനോ സഹോദരിക്കോ 65 വയസ്സിന് മുൻപോ ഹൃദ്രോഗം ഉണ്ടായിട്ടുണ്ടെങ്കിൽ അത്തരം കുടുംബാംഗങ്ങൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ജനിതക ഘടകങ്ങളെ നമുക്ക് മാറ്റിമറിക്കാൻ കഴിയില്ലെങ്കിലും, കൃത്യമായ ജീവിതശൈലിയും പരിശോധനകളും വഴി വലിയൊരു പരിധിവരെ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. ഇരുപത് വയസ്സ് മുതൽ തന്നെ ബി.പി, കൊളസ്ട്രോൾ, പ്രമേഹം എന്നിവ പരിശോധിക്കുന്നത് ശീലമാക്കണം. കുടുംബത്തിലെ ഹൃദ്രോഗ ചരിത്രം ഡോക്ടറോട് തുറന്നുപറയുകയും ഇ.സി.ജി, എക്കോ, ടി.എം.ടി, സി.ടി കൊറോണറി ആൻജിയോഗ്രാം അല്ലെങ്കിൽ സി.ടി കാൽസ്യം സ്കോർ പോലുള്ള പരിശോധനകൾ ആവശ്യമെങ്കിൽ നടത്തുകയും വേണം.
ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ആഹാരം എന്നിവ കൂടുതൽ ഉൾപ്പെടുത്തുകയും ഉപ്പ്, മധുരം, എണ്ണ എന്നിവ പരമാവധി കുറയ്ക്കുകയും ചെയ്യുക. ദിവസവും മുപ്പത് മിനിറ്റ് വ്യായാമം നിർബന്ധമാക്കുക. ലഹരി വസ്തുക്കളോട് പൂർണ്ണമായും വിട പറയുക. കുട്ടികളിൽ ഇത്തരം രോഗാവസ്ഥകൾ നേരത്തെ കണ്ടെത്താൻ സ്കൂൾ തലത്തിൽ ഹെൽത്ത് സ്ക്രീനിംഗ് നടത്തണമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു. പ്ലസ് ടു കഴിയുന്നതിന് മുൻപ് തന്നെ രക്തസമ്മർദ്ദം, പഞ്ചസാരയുടെ അളവ്, ലിപിഡ് പ്രൊഫൈൽ എന്നിവ കുട്ടികളിൽ പരിശോധിക്കണം. എൻട്രൻസ് പരിശീലനത്തിനേക്കാൾ കുട്ടികളുടെ കായികക്ഷമതയ്ക്കാണ് സ്കൂളുകൾ മുൻഗണന നൽകേണ്ടത്.
ഡോ. രാജേഷ് ഗോപാൽ നായരുടെ വാക്കുകൾ ഇപ്രകാരമാണ്: “മുപ്പത്തിരണ്ടു വയസ്സുകാരനായ ചെറുപ്പക്കാരന്റെ ആൻജിയോപ്ലാസ്റ്റി ദൃശ്യങ്ങളാണ് ഞാൻ പങ്കുവെക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട LAD ധമനി പൂർണ്ണമായും അടഞ്ഞ അവസ്ഥയിലായിരുന്നു. പുകവലിയോ മദ്യപാനമോ ഇല്ലാത്ത, വ്യായാമം ചെയ്യുന്ന, ബി.പി-ഷുഗർ ഇല്ലാത്ത ഒരാൾക്ക് എങ്ങനെ ഇത്ര ചെറിയ പ്രായത്തിൽ ഹൃദയാഘാതം വന്നു? കുടുംബ ചരിത്രം പരിശോധിച്ചപ്പോൾ പിതാവിനും ബന്ധുക്കൾക്കും ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി മനസ്സിലായി.”
ജനിതക ഘടകങ്ങൾ എങ്ങനെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു: “മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന ജീനുകൾ രക്തക്കുഴലുകളെയും കൊളസ്ട്രോളിനെയും നിയന്ത്രിക്കുന്നു. FH (Familial Hypercholesterolemia) എന്ന അവസ്ഥ രക്തത്തിൽ ചീത്ത കൊളസ്ട്രോൾ അമിതമായി കൂടാൻ കാരണമാകുന്നു. ഇതിനായി പ്രത്യേക രോഗനിർണ്ണയ മാനദണ്ഡങ്ങളുണ്ട്. ലിപ്പോപ്രോട്ടീൻ(എ) അഥവാ Lp(a) എന്ന കൊഴുപ്പ് കണികകൾ പാരമ്പര്യമായി ലഭിക്കുന്നതാണ്. ഭക്ഷണത്തിലൂടെയോ വ്യായാമത്തിലൂടെയോ ഇതിനെ നിയന്ത്രിക്കാനാവില്ല. പ്രായപൂർത്തിയായ എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും Lp(a) പരിശോധന നടത്തണമെന്ന് അന്താരാഷ്ട്ര ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്യുന്നു. അളവ് 50 mg/dL-ൽ കൂടുതലാണെങ്കിൽ ഹൃദ്രോഗ സാധ്യത വളരെ ഉയർന്നതാണ്.”
അതുപോലെ, അപ്പോലിപ്പോപ്രോട്ടീൻ ബി (ApoB) പരിശോധനയും അത്യന്താപേക്ഷിതമാണ്. സാധാരണ ലിപിഡ് പ്രൊഫൈൽ പരിശോധനയിൽ കണ്ടെത്താത്ത ഒളിഞ്ഞിരിക്കുന്ന അപകടസാധ്യതകൾ തിരിച്ചറിയാൻ ഇത് സഹായിക്കുന്നു. പ്രമേഹം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങളുള്ളവരിൽ സാധാരണ LDL അളവ് നോർമലാണെങ്കിൽ പോലും ApoB പരിശോധന ഹൃദ്രോഗ സാധ്യത വ്യക്തമാക്കും.
അവസാനമായി അദ്ദേഹം ഓർമ്മിപ്പിക്കുന്നു: “സ്കൂൾ തലത്തിൽ പി.ടി.എകൾ മുൻകൈ എടുത്ത് കുട്ടികൾക്കായി ഹെൽത്ത് കാർഡുകൾ തയ്യാറാക്കണം. അതിൽ ബി.പി, ഷുഗർ, ലിപിഡ് പ്രൊഫൈൽ, തൂക്കം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഇത് കുട്ടികളുടെ ഏറ്റവും വലിയ പ്രോഗ്രസ് കാർഡായി മാറട്ടെ. വെറും കാണാപ്പാഠം പഠിക്കുന്നതിനേക്കാൾ അവരുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകിയാൽ ഒട്ടേറെ കുടുംബങ്ങളെ നമുക്ക് ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കാൻ സാധിക്കും.”




