പേരക്കുട്ടിയുടെ പേരിലുള്ള സ്ഥിരനിക്ഷേപം: നികുതി ബാധ്യതയും ആദായനികുതി റിട്ടേണും സംബന്ധിച്ച നിയമങ്ങൾ

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തുമ്പോൾ, അതിൽനിന്നു ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടത് കുട്ടിയുടെ മാതാപിതാക്കളാണ്. നിലവിലെ നിയമപ്രകാരം, മാതാപിതാക്കളിൽ വരുമാനം കൂടുതലുള്ള ആളുടെ ആകെ വാർഷിക വരുമാനത്തോടൊപ്പം കുട്ടിയുടെ പേരിലുള്ള നിക്ഷേപത്തിന്റെ പലിശ കൂടി ചേർത്താണ് നികുതി കണക്കാക്കേണ്ടത്.
നിക്ഷേപം മുതിർന്ന പൗരന്റെ പേരിലാണെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. പുതിയ ആദായനികുതി സ്ലാബ് പ്രകാരം, വാർഷിക വരുമാനം 12 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ മാത്രമേ നികുതി നൽകേണ്ടതുള്ളൂ. മുതിർന്ന പൗരന്മാർക്ക് സ്ഥിരനിക്ഷേപങ്ങളിൽ ലഭിക്കുന്ന പലിശയ്ക്ക് ബാങ്കുകൾ ടിഡിഎസ് (TDS) ഈടാക്കാറുണ്ടെങ്കിലും, ഫോം സമർപ്പിക്കുന്നതിലൂടെ ഇതൊഴിവാക്കാം. 60 വയസ്സിനു മുകളിലുള്ളവർക്ക് പലിശ വരുമാനം ഒരു ലക്ഷം രൂപ കടന്നാൽ മാത്രമേ ടിഡിഎസ് ബാധകമാകൂ. എന്നാൽ കുട്ടികളുടെ കാര്യത്തിൽ പലിശ 50,000 രൂപയിൽ കൂടുതൽ ലഭിച്ചാൽ ടിഡിഎസ് പിടിക്കും. അതിനാൽ, മുത്തശ്ശനോ മുത്തശ്ശിയോ സ്വന്തം പേരിൽ നിക്ഷേപം നടത്തി പേരക്കുട്ടിയെ നോമിനിയായി ഉൾപ്പെടുത്തുന്നതാണ് ബുദ്ധിപരമായ കാര്യം; ഇത് നികുതി ബാധ്യത ഒഴിവാക്കാനോ അല്ലെങ്കിൽ കുറയ്ക്കാനോ സഹായിക്കും.
നിക്ഷേപ കാലാവധി കഴിയുമ്പോഴേക്ക് കുട്ടിക്ക് 18 വയസ്സു പൂർത്തിയാവുകയാണെങ്കിൽ, ആ തുകയും പലിശയും കുട്ടിയുടെ പേരിലേക്ക് മാറുകയും നികുതി ബാധ്യത അവർക്ക് മാത്രമായി പരിമിതപ്പെടുകയും ചെയ്യും.
സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ പലരും തിരഞ്ഞെടുക്കുന്നത് ടിഡിഎസ് ഒഴിവാക്കാം എന്നതുകൊണ്ടും കൂടുതൽ പലിശ ലഭിക്കും എന്നതുകൊണ്ടുമാണ്. എങ്കിലും, സഹകരണ സംഘങ്ങളിൽ നിന്നുള്ള പലിശ വരുമാനത്തിനും നികുതി നൽകാൻ നിയമപരമായ ബാധ്യതയുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിലാണ് നിക്ഷേപമെങ്കിൽ മാതാപിതാക്കൾ തന്നെ നികുതി നൽകണം. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന പലിശ മുഴുവൻ തുകയും മാതാപിതാക്കളിൽ ഉയർന്ന വരുമാനമുള്ളയാളുടെ വരുമാനമായി കണക്കാക്കി നികുതി അടയ്ക്കണമെന്നാണ് നിയമം.
ചോദ്യം: 65 വയസ്സുള്ള എനിക്ക് 12 വയസ്സുള്ള പേരക്കുട്ടിയുടെ പേരിൽ നാലു ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തണം. എനിക്ക് ആദായനികുതി പരിധിയില്ല, അതിനാൽ ബാങ്ക് ടിഡിഎസ് പിടിക്കുമോ? ഇനി എന്റെ പേരിൽ ഇട്ട് അവനെ നോമിനിയാക്കിയാൽ കാലാവധി കഴിയുമ്പോൾ നികുതി ആര് നൽകണം?
ഉത്തരം: നിക്ഷേപം താങ്കളുടെ പേരിലാണെങ്കിൽ:
1. ഒരു വർഷം ഒരു ലക്ഷം രൂപ വരെയുള്ള പലിശയ്ക്ക് മുതിർന്ന പൗരന്മാർക്ക് ടിഡിഎസ് ബാധകമല്ല. നാലു ലക്ഷത്തിന്റെ പലിശ അതിൽ താഴെയായതിനാൽ ടിഡിഎസ് ഈടാക്കില്ല.
2. പലിശ തുക ഓരോ വർഷവും താങ്കളുടെ വരുമാനമായാണ് കണക്കാക്കുക. ആകെ വരുമാനം നികുതി പരിധിയിൽ (പുതിയ സ്ലാബ് പ്രകാരം 12 ലക്ഷം) താഴെയാണെങ്കിൽ നികുതി നൽകേണ്ടതില്ല.
3. കാലാവധി പൂർത്തിയായ ശേഷം തിരികെ ലഭിക്കുന്ന മുതൽ തുക വരുമാനമല്ലാത്തതിനാൽ അതിന് നികുതിയില്ല.
4. നോമിനി ആയ പേരക്കുട്ടിക്ക് നികുതി ബാധ്യതയുമില്ല.
നിക്ഷേപം പേരക്കുട്ടിയുടെ പേരിലാണെങ്കിൽ:
1. പലിശ വരുമാനം 50,000 രൂപയിൽ കൂടിയാൽ ടിഡിഎസ് പിടിക്കും.
2. മൈനർ ആയ കുട്ടിയുടെ വരുമാനം മാതാപിതാക്കളിൽ വരുമാനം കൂടുതലുള്ള ആളുടെ വരുമാനത്തോടൊപ്പം ചേർത്ത് നികുതി അടയ്ക്കേണ്ടി വരും.
(മറുപടി: പ്രശാന്ത് കെ. ജോസഫ്, ചാർട്ടേർഡ് അക്കൗണ്ടന്റ്)
ചോദ്യം: സഹകരണ ബാങ്കിൽ കൊച്ചുമകളുടെ പേരിൽ 2 ലക്ഷം രൂപ എഫ്ഡി ഇട്ടു. ഏഴു വർഷം കൊണ്ട് അത് 4 ലക്ഷം ആകുന്നു. അമ്മയാണ് നോമിനി. മാതാപിതാക്കൾക്ക് ജോലിയുണ്ട്, റിട്ടേൺ ഫയൽ ചെയ്യുന്നുണ്ട്. ഞാൻ റിട്ടയേർഡ് ആണ്. ഈ പണം എനിക്ക് തിരിച്ചെടുക്കാമോ? പലിശയ്ക്ക് ടാക്സ് എങ്ങനെ നൽകണം?
ഉത്തരം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പലിശ വരുമാനം മാതാപിതാക്കളുടെ വരുമാനവുമായി ക്ലബ്ബ് ചെയ്യപ്പെടും. അഭിനയം, കായികം തുടങ്ങിയ കുട്ടിയുടെ സ്വന്തം കഴിവ് കൊണ്ട് ലഭിക്കുന്ന വരുമാനത്തിന് മാത്രമേ ഇതിൽ ഇളവുള്ളൂ. സ്ഥിരനിക്ഷേപ പലിശയ്ക്ക് ക്ലബ്ബിങ് ബാധകമാണ്.
∙ അമ്മയെ നോമിനിയാക്കിയത് ഇവിടെ പ്രസക്തമല്ല. മാതാപിതാക്കളിൽ വരുമാനം കൂടുതലുള്ളവർ അവരുടെ റിട്ടേണിൽ ‘Income of minor child’ ആയി ഇത് കാണിക്കണം. കുട്ടിക്ക് പ്രത്യേകം പാൻകാർഡ് എടുക്കേണ്ടതില്ല.
∙ സാങ്കേതികമായി പലിശ ഓരോ വർഷവും കാണിക്കണം. അത് ചെയ്തില്ലെങ്കിൽ ഇപ്പോൾ ലഭിക്കുന്ന പലിശ മുഴുവൻ ഒറ്റത്തവണ വരുമാനമായി കണക്കാക്കി നികുതി നൽകേണ്ടി വരും.
∙ കുട്ടിയുടെ പേരിൽ നൽകിയ തുക നിയമപരമായി കുട്ടിയുടെ ആസ്തിയാണ്. അത് തിരികെ എടുക്കാൻ കഴിയില്ല. എടുത്താലും വരുമാനം ക്ലബ്ബ് ചെയ്യപ്പെടുക തന്നെ ചെയ്യും.
(മറുപടി: CA സുബിൻ വി.ആർ, മനോരമ സമ്പാദ്യം നവംബർ 2026)




