നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ വനിതാ ഹൗസ് സർജന് നേരെ ലൈംഗികാതിക്രമം

നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ വനിതാ ഹൗസ് സർജൻ ഡോക്ടറോട് ലൈംഗിക അതിക്രമം കാണിച്ച സംഭവത്തിൽ ഡോ. എൻ.കെ. ബിനുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആശുപത്രി സൂപ്രണ്ട് ഔദ്യോഗികമായി പരാതി നൽകിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് അമാന്തമുണ്ടായതിൽ പ്രതിഷേധം ശക്തമായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഉദ്യോഗസ്ഥർ കടന്നത്.
ചികിത്സാ ആവശ്യത്തിനായി വനിതാ ഡോക്ടർ സമീപിച്ചപ്പോഴാണ് ബിനു ക്രൂരതയ്ക്ക് മുതിർന്നത്. തന്റെ രോഗവിവരങ്ങൾ പങ്കുവെച്ച ഡോക്ടറോട്, ഉച്ചയ്ക്ക് ശേഷം തന്റെ സ്വകാര്യ ക്ലിനിക്കിൽ വരാൻ പ്രതി ആവശ്യപ്പെടുകയായിരുന്നു. അവിടെ വെച്ച് പരിശോധനയ്ക്കിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. വിവരമറിഞ്ഞയുടൻ തന്നെ ഇരയായ ഡോക്ടർ ആശുപത്രി സൂപ്രണ്ടിനെ സമീപിക്കുകയും, സൂപ്രണ്ട് മുഖേന പോലീസിന് പരാതി കൈമാറുകയും ചെയ്തിരുന്നു. എന്നിട്ടും, രാത്രി എട്ടരയോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തതിന് ശേഷം മാത്രമാണ് പോലീസ് എഫ്.ഐ.ആർ തയ്യാറാക്കാൻ തയ്യാറായത്.
പോലീസിന്റെ ഈ അലംഭാവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ രാത്രിയിൽ തന്നെ സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു. തുടർന്ന് വലിയ സമ്മർദ്ദത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുടെ മുൻകാല ചരിത്രവും മോശമാണെന്നും സംഭവത്തിൽ കർശനമായ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. കുറ്റക്കാർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി, പ്രാഥമികാന്വേഷണത്തിന് ശേഷം ഡോ. ബിനുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.




