‘ക്യാമറയ്ക്ക് മുന്നിലാണ് പല കാര്യങ്ങളും പഠിച്ചത്, ചിത്രത്തിലെ ആ രംഗം എന്നെ ഓർമിപ്പിച്ചത് സ്വന്തം ജീവിതത്തിലെ അനുഭവം’

സൂര്യ, മമിത ബൈജു, രാധിക ശരത്‌കുമാർ
ചെന്നൈ: കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് തന്നെ സിനിമയിലെത്തിച്ചതെന്ന് തമിഴ് നടൻ സൂര്യ. അഭിനയിക്കണമെന്ന ആഗ്രഹത്തോടെയല്ല സിനിമാ ലോകത്തേക്ക് എത്തിയതെന്നും സാഹചര്യങ്ങളാണ് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ചതെന്നും സൂര്യ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രം ഈ വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്താനിരിക്കുകയാണ്.
കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മമിത ബൈജു, രവീണ ടണ്ടൻ, രാധിക ശരത്‌കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം പ്രദർശനത്തിനെത്തുന്നതുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകരെയും അഭിനേതാക്കളെയും ഉൾപ്പെടുത്തി നടത്തിയ അഭിമുഖത്തിലാണ് സൂര്യ തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് മനസ് തുറന്നത്. താൻ ആദ്യമായി അഭിനയിക്കുമ്പോൾ വളരെ നാണംകുണുങ്ങിയായിരുന്ന നടനായിരുന്നു സൂര്യയെന്നും ‘കാക്ക കാക്ക’യിലെ മികച്ച പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും നടി രാധിക ശരത്‌കുമാർ പറഞ്ഞു.
ഇതിന് മറുപടിയായാണ് സിനിമയിലേക്ക് എത്തിയതിന്റെ കാരണം സൂര്യ വെളിപ്പെടുത്തിയത്. താൻ ഒരിക്കലും സിനിമയിൽ എത്തുമെന്ന് കരുതിയിരുന്നില്ലെന്നും ചെറുപ്പത്തിൽ നടനാകുമെന്ന് വിചാരിച്ചിരുന്നില്ലെന്നും സൂര്യ പറഞ്ഞു. കാർത്തിക്ക് ചെറുപ്പം മുതലേ സിനിമയിൽ വരണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഞാൻ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നതിന് അഞ്ച് ദിവസം മുമ്പ് മാത്രമാണ് അതറിഞ്ഞതെന്നും യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണ് സിനിമയിലേക്ക് എത്തിയതെന്നും സൂര്യ പറഞ്ഞു. ക്യാമറയ്ക്ക് മുന്നിൽ നിന്നുകൊണ്ടാണ് താൻ പല കാര്യങ്ങളും പഠിച്ചതെന്നും പിന്നീട് അഭിനയം ഒരു ഉത്തരവാദിത്തമായി മാറിയെന്നും താരം വ്യക്തമാക്കി.
‘വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതുകൊണ്ടാണ് എനിക്ക് അഭിനയിക്കേണ്ടിവന്നത്. അന്ന് പണം സമ്പാദിച്ച് അമ്മയ്ക്ക് നൽകണമെന്നായിരുന്നു എന്റെ ലക്ഷ്യം. എന്നാൽ സിനിമയിൽ തുടക്കത്തിൽ പിഴവുകൾ സംഭവിച്ചപ്പോഴും എല്ലാവരിൽ നിന്നും ലഭിച്ച സ്‌നേഹത്തിന് അതിരുകളില്ലായിരുന്നു. ആ സ്‌നേഹം ലഭിച്ചതോടെ ആ ഉത്തരവാദിത്തം ഗൗരവത്തോടെ ഏറ്റെടുക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി,’- സൂര്യ പറഞ്ഞു. തുടർന്ന് സിനിമകളോടുള്ള സമീപനം തന്നെ മാറിയെന്നും തനിക്ക് അവസരം തന്ന സംവിധായകരോട് നന്ദിയുണ്ടെന്നും സൂര്യ വ്യക്തമാക്കി.
ജോലി സംബന്ധമായ തിരക്കുകളും യാത്രകളും കാരണം മകൾ ദിയയുടെ കുട്ടിക്കാലത്തിന്റെ ആദ്യ വർഷങ്ങളിൽ വേണ്ടത്ര സമയം ചെലവഴിക്കാൻ കഴിഞ്ഞില്ലെന്നും താരം കൂട്ടിച്ചേർത്തു. ‘ദിയ ചെറുപ്പമായിരുന്ന കാലത്ത് എനിക്ക് ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെട്ടു. ജോലിത്തിരക്കും യാത്രകളും കാരണം അവളുടെ കുട്ടിക്കാലത്തിന്റെ ആദ്യവർഷങ്ങളിൽ അവൾക്കൊപ്പം ചെലവഴിക്കാൻ സാധിച്ചില്ല. എന്നാൽ ദേവ് ജനിച്ചപ്പോൾ ആ തെറ്റ് ഉണ്ടാകാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.’- സൂര്യ പറഞ്ഞു. ദിയ ജനിച്ചതിന് ശേഷമാണ് താൻ സ്വന്തമായി വീട് വാങ്ങിയതെന്നും സൂര്യ ഓർത്തെടുത്തു. പുതിയ വീട്ടിൽ കുടുംബം ആദ്യമായി കയറുന്നതിന് മുമ്പ് ദിയയുടെ കുഞ്ഞുകാൽപ്പാദമാണ് ആദ്യമായി വച്ചതെന്നും താരം പറഞ്ഞു. ‘വിശ്വനാഥ് ആൻഡ് സൺസ്’ ചിത്രത്തിൽ ഒരു കുഞ്ഞിന്റെ കഥാപാത്രം വീട്ടിലേക്ക് പ്രവേശിക്കുന്ന രംഗം കണ്ടപ്പോൾ തന്റെ ജീവിതത്തിലെ ആ അനുഭവം ഓർമ വന്നതായും സൂര്യ പറഞ്ഞു.
RELATED TOPICS: SURIYA, PERSONAL LIFE EXPERIENCE, SURIYA INTERVIEW, VISHWANATH AND SONS, MAMITHA BAIJU
Business ⏭️


