NEWS
ഹോട്ടലിലെ പൈപ്പ്‌ലൈനുകൾവരെ പരിശോധിക്കും, വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം: ഷിയുടെ സുരക്ഷ ശക്തം

ന്യൂഡൽഹി∙ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന് കനത്ത സുരക്ഷ. ഡൽഹിയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിവിധ ഏജൻസികളുടെ ഏകോപനത്തോടെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഷി ചിൻപിങ് താമസിക്കുന്ന താജ് പാലസ് ഹോട്ടലിൽ കനത്ത സുരക്ഷയാണ്. ഭീകരവിരുദ്ധ സേനയെയും ബോംബ് സ്‌ക്വാഡിനെയും വിന്യസിച്ചു. 24 മണിക്കൂറോളം ഷി ചിൻപിങ് ഇന്ത്യയിൽ ചെലവഴിക്കും.റേഡിയേഷൻ, ബയോകെമിക്കൽ ഭീഷണികൾ കണ്ടെത്താനുള്ള പരിശോധനകളും സുരക്ഷാ ഏജൻസികൾ നടത്തുന്നുണ്ട്. ഹോട്ടലിനും ഹാളിനും സമീപത്തെ ഭൂഗർഭ പൈപ്പ്‌ലൈനുകളും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ഏജൻസികൾ പരിശോധിച്ചു. ഷി ചിൻപിങ് സഞ്ചരിക്കുന്ന ലിമോസിൻ കാർ 10 ദിവസം മുൻപേ ഇന്ത്യയിലെത്തിച്ചിരുന്നു. ഇന്നും നാളെയും പ്രധാന യോഗങ്ങൾ നടക്കുന്ന ഭാരത് മണ്ഡപത്തിൽ 30 സ്നിഫർ നായ്ക്കളെയും ഹാൻഡ്‌ലർമാരെയും 24 മണിക്കൂറും വിന്യസിച്ചിട്ടുണ്ട്. മറ്റു നായ്ക്കളെ ഹോട്ടലുകളിലും വിദേശപ്രതിനിധികളോ അവരുടെ കുടുംബാംഗങ്ങളോ സന്ദർശിക്കാൻ സാധ്യതയുള്ള മാർക്കറ്റുകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങളിലും നിരീക്ഷണത്തിനു നിയോഗിച്ചിട്ടുണ്ട്. വേദി, പരിസരം, ഇരിപ്പിടങ്ങൾ, കോണിപ്പടികൾ, പൂന്തോട്ടങ്ങൾ, പാർക്കിങ് ഏരിയ, വാഹനങ്ങൾ തുടങ്ങി എല്ലായിടത്തും നായ്ക്കളുടെ സൂക്ഷ്മ നിരീക്ഷണമുണ്ടാകും.
Fashion ⏭️


