ബെത് ലഹേം കുടുംബയൂണിറ്റിനുശേഷംഭാവന സ്റ്റുഡിയോസ് കരാട്ടെ ചന്ദ്രൻ കോട്ടയത്ത്

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന കരാട്ടെ ചന്ദ്രൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബർ 15നു ശേഷം കോട്ടയത്ത് ആരംഭിക്കും. സംഗീത് പ്രതാപ് ആണ് മറ്റൊരു പ്രധാന താരം. താരനിർണയം പൂർത്തിയായി വരുന്നു. ഒാടും കുതിര ചാടും കുതിര എന്ന ചിത്രത്തിനുശേഷം ഫഹദ് ഫാസിൽ നായകനായി അഭിനയിക്കുന്ന ചിത്രമാണ് കരാട്ടെ ചന്ദ്രൻ.
മഹേഷിന്റെ പ്രതികാരം മുതൽ ദിലീഷ് പോത്തന്റെ കോ ഡയറക്ടർ ആയിരുന്നു റോയ്. ബെത്ലഹേം കുടുംബയൂണിറ്റിന്റെ തകർപ്പൻ വിജയത്തിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന് എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് തിരക്കഥ. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് കരാട്ടെ ചന്ദ്രൻ. ബ്ളോക് ബസ്റ്ററായ പ്രേമലുവിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത നിവിൻ പോളി- മമിത ബൈജു ചിത്രം ബെത് ലഹേം കുടുംബ യൂണിറ്ര് 2026ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറുന്നു.
ചിത്രത്തിൽ സംഗീത് പ്രതാപ് നിറഞ്ഞ കൈയടി നേടുകയാണ്. മലയാള സിനിമയിലെ സൂപ്പർ നിർമ്മാണ കമ്പനിയായി ഭാവന സ്റ്റുഡിയോസ് മാറുന്നു.ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രങ്ങൾ എല്ലാം വിജയങ്ങൾ നേടുന്നു. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽതൂ ജാൻവർ, തങ്കം, പ്രേമലു, ബെത് ലഹേം കുടുംബ യൂണിറ്റ് എന്നിവയാണ് ഭാവന സ്റ്റുഡിയോ നിർമ്മിച്ച ചിത്രങ്ങൾ. അതേസമയം ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് നവാഗതനായ കിരൺ ജോസി സംവിധാനം ചെയ്യുന്ന ചിത്രം പൊള്ളാച്ചിയിൽ അവസാന ഘട്ട ചിത്രീകരണത്തിലാണ്. ഇന്ദ്രജിത്ത്. സന്ദീപ് പ്രദീപ്, ദിലീഷ് പോത്തൻ, പുതുമുഖം സുജിന ശ്രീധരൻ എന്നിവരാണ് പ്രധാന താരങ്ങൾ. സംവിധായകനും നടനുമായി സിദ്ധാർത്ഥ് ഭരതന്റെ ഭാര്യയാണ് നർത്തകി കൂടിയായ സുജിന ശ്രീധരൻ
Business ⏭️


