NEWS

ചൂട്ടുവെളിച്ചത്തിന്റെ പൊൻപ്രഭയിൽ അരയന്നങ്ങൾ പറന്നിറങ്ങുന്ന സുദിനത്തിനായുള്ള ഒരുക്കത്തിൽ നീലംപേരൂർ


നിലംപേരൂർ ∙ പ്രകൃതിയുടെ നിറക്കൂട്ടുകൾ ചാലിക്കുന്ന നീലംപേരൂർ പൂരം പടയണിക്ക് തുടക്കം. ആഘോഷത്തിന്റെയും അനുഷ്ഠാനത്തിന്റെയും ദിനങ്ങൾക്കാണ് ചൂട്ടുവയ്‌പ്പോടെ ആരംഭം കുറിക്കുക. ചൂട്ടുവെളിച്ചത്തിന്റെ പൊൻപ്രഭയിൽ അരയന്നങ്ങൾ പറന്നിറങ്ങുന്ന സുദിനത്തിനായുള്ള ഒരുക്കത്തിലാണ് നീലംപേരൂർ ഗ്രാമം.   സെപ്റ്റംബർ 11 വരെയാണ് പടയണി. 10ന് മകം പടയണി. 11ന് നടക്കുന്ന പൂരം പടയണിയിലാണ് അന്നങ്ങളുടെ എഴുന്നള്ളത്ത്. ക്ഷേത്രാങ്കണത്തിലെ ആൽമരച്ചുവട്ടിൽ നാട് ഒന്നാകെ ഒത്തുചേരുന്നതിന്റെ നാളുകളാണ് ഇനിയെത്തുന്നത്. കുട്ടികളും മുതിർന്നവരും പടയണിക്കളത്തിൽ എത്തും. അന്യനാടുകളിലേക്ക് പോയ ദേശക്കാർ ഒന്നാകെ പടയണിയിൽ പങ്കെടുക്കാൻ മടങ്ങിയെത്തും. രാത്രിയിലാണ് ചടങ്ങുകൾ. പകൽ സമയങ്ങളിൽ കോലങ്ങളുടെ ഒരുക്കങ്ങളുമായി ക്ഷേത്രാങ്കണം സജീവമായിരിക്കും. ക്ഷേത്രം ദേവസ്വം പ്രസിഡന്റ് കാർത്തികേയൻ താഴപ്പള്ളിൽ, സെക്രട്ടറി ഡി.സജീവ് പയ്യമ്പള്ളിൽ, വൈസ് പ്രസിഡന്റ് ജയചന്ദ്രൻ നായർ കായിക്കര, ജോ. സെക്രട്ടറി ഗോപാലകൃഷ്‌ണപ്പണിക്കർ പുറനാട്, കമ്മിറ്റിയംഗങ്ങളായ അനിൽ പി. പൂന്തോട്ടത്തിൽ, രാജേന്ദ്രകുമാർ മുണ്ടായപ്പള്ളിൽ, ശ്രീകുമാർ കായിക്കര, ദിലീപ് പുറനാട്, മധുസൂദനൻ മഠത്തിൽ എന്നിവരാണ് നേതൃത്വം നൽകുന്നത്.


Fashion ⏭️

Check Also
Close
Back to top button