‘ഒരു വർഷം പ്രേമലു 2വിന് വേണ്ടി കളഞ്ഞു, സിനിമ ഒഴിവാക്കേണ്ടിവന്നപ്പോൾ ഭയങ്കരമായി ബാധിച്ചു’; തുറന്നുപറഞ്ഞ് ഗിരീഷ് എ ഡി

സംവിധായകൻ ഗിരീഷ് എ ഡി
കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും കർണാടകയിലും വരെ വൻ ഹിറ്റായ മലയാള ചിത്രമായിരുന്നു ‘പ്രേമലു’. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നാലെ അത് അണിയറപ്രവർത്തകർ ഉപേക്ഷിച്ചു. ഇപ്പോഴിതാ പ്രേമലു 2 എന്ന സിനിമയ്ക്കുവേണ്ടി ഒരു വർഷം കഷ്ടപ്പെട്ടുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ഗിരീഷ് എ ഡി. കൊച്ചിയിൽ സംഘടിപ്പിച്ച ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ സംസാരിക്കുകയായിരുന്നു ഗിരീഷ്.
‘ഒരു വർഷം കഴിഞ്ഞശേഷമാണ് ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമ തുടങ്ങുന്നത്. അത്രയും നാൾ പ്രേമലു 2വിന്റെ വർക്കുകളിലായിരുന്നു. അപ്രതീക്ഷിതമായി അത് ഒഴിവാക്കേണ്ടിവന്നു. അത് ഞങ്ങളെ ഭയങ്കരമായി ബാധിച്ചൊരു പ്രശ്നമായിരുന്നു. ഞങ്ങളുടെ ഒരു വർഷമാണ് അത് മൂലം നഷ്ടമായത്. അത്രയും സമയം കളയേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. ആ സമയത്താണ് ബെത്ലഹേം ചെയ്യാമെന്ന ചിന്ത വരുന്നത്. അതിന് മുൻപ് തന്നെ ഈ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ പ്രേമലു 2 എന്ന ഐഡിയ വന്ന് അതിന്റെ പിന്നാലെ പോയി.
എന്നാൽ അത് നടന്നില്ല. ആ സമയത്ത് കുറച്ച് പാടായിരുന്നു. അപ്പോൾ എന്റെ കൂടെ നിന്നത് ഭാവന സ്റ്റുഡിയോസും തിരക്കഥാകൃത്തായ കിരൺ ജോസിയും ഡയറക്ഷൻ ടീമുമാണ്. അവരെല്ലാം നല്ല പിന്തുണ തന്നതുകൊണ്ടാണ് വളരെ പെട്ടെന്ന് ബെത്ലഹേം കുടുംബ യൂണിറ്റിന്റെ തിരക്കഥ എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞത്. ഇത് ഇത്രയും വലിയ വിജയമാകുമെന്നോ ഇൻഡസ്ട്രിഹിറ്റ് ആകുമെന്നോ ഞങ്ങൾ വിചാരിച്ചില്ല. ഇത് വ്യക്തിപരമായ വിജയമായി കാണുന്നു. കൂടെ നിന്ന എല്ലാവർക്കും നന്ദി’- ഗിരീഷ് വ്യക്തമാക്കി.
English Summary
Malayalam filmmaker Girish AD has revealed that he spent a year working on the sequel to the blockbuster film Premalu, but the project was unexpectedly shelved. Speaking at the success celebration of Bethlehem Family Unit in Kochi, he said the cancellation was a difficult setback that cost the team a year.
RELATED TOPICS: PREMALU 2, GIRISH AD, BETHLEHEM FAMILY UNIT, PREMALU SEQUEL MALAYALAM MOVIE, BHAVANA STUDIOS
Business ⏭️




