BUSINESS
ടിവിഎസ് ഗ്രൂപ്പിനുള്ളിലും അഭിപ്രായ ഭിന്നത, എന്താണ് കാരണം?

ടാറ്റ ഗ്രൂപ്പിനു പിന്നാലെ രാജ്യത്തെ മറ്റൊരു പ്രമുഖ ബിസിനസ് കുടുംബത്തിലും അഭിപ്രായ ഭിന്നത. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഇരുചക്ര നിർമാതാക്കളായ ടിവിഎസ് മോട്ടോറിനെ നിയന്ത്രിക്കുന്ന ടിവിഎസ് ഗ്രൂപ്പിലാണ് അഭിപ്രായ വ്യത്യാസം ഉടലെടുത്തത്. ഗ്രൂപ്പ് ചെയർമാൻ എമിരിറ്റസ് വേണു ശ്രീനിവാസൻ, ഭാര്യ മല്ലിക ശ്രീനിവാസൻ മക്കളായ ലക്ഷ്മി വേണു, സുദർശൻ വേണു എന്നിവർ തമ്മിലാണ് ഭിന്നത. 37കാരനായ സുദർശൻ ടിവിഎസ് മോട്ടോർ കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. ഗ്രൂപ്പിനു കീഴിലുള്ള വാഹന ഘടക നിർമാണ കമ്പനിയായ സുന്ദരം ക്ലെടോൺ ലിമിറ്റഡിനെ (എസ്സിഎൽ) നയിക്കുന്നത് 42കാരിയായ ലക്ഷ്മിയും. കുടുംബത്തിനു കീഴിലുള്ള ആസ്തികള് ഇരുവർക്കുമായി വീതം വച്ചതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. ടിവിഎസ് ഹോൾഡിങ്സ്, ടിവിഎസ് മോട്ടോർ കമ്പനി, ടിവിഎസ് ക്രെഡിറ്റ്, സുന്ദരം ക്ലെടോൺ തുടങ്ങിയ നിരവധി ബിസിനസുകൾ ടിവിഎസ് ഗ്രൂപ്പിനുണ്ട്. ഇവയുടെ നടത്തിപ്പു ചുമതലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം കുടുംബം തീർപ്പിലെത്തിയെന്ന് വേണു ശ്രീനിവാസന്റെ നിലപാട്. അന്തിമ തീരുമാനമായിട്ടില്ലെന്നും കുടുംബത്തിനു കീഴിലുള്ള ചില ആസ്തികളുടെ കാര്യത്തിൽ ഇപ്പോഴും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും ഭാര്യ മല്ലിക പറയുന്നു. കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ തടസമില്ലാതെ മുന്നോട്ടു പോവുകയാണെന്നും റിപ്പോർട്ട്. വർഷങ്ങൾക്കു മുൻപ് ടി.വി.സുന്ദരം അയ്യങ്കാരാണ് ടിവിഎസ് ഗ്രൂപ്പ് സ്ഥാപിക്കുന്നത്. ഇദ്ദേഹത്തിന്റെ കുടുംബത്തിൽ പെട്ടവർ ഓരോ കാലത്തും ഗ്രൂപ്പിനു കീഴിലുള്ള ബിസിനസുകൾ നടത്തിവന്നു. 2020ൽ ടിവിഎസ് കുടുംബത്തിൽ പ്രധാന ഭാഗംവയ്പ്പ് നടന്നു. ടിവിഎസ് മോട്ടോറുമായി ബന്ധപ്പെട്ട ബിസിനസുകൾ നോക്കിനടത്താനുള്ള അവകാശം ലഭിച്ചത് വേണു ശ്രീനിവാസനാണ്. എന്നാൽ ഇപ്പോഴത്തെ അഭിപ്രായ വ്യത്യാസങ്ങൾ കുറച്ചു കൂടി വ്യത്യസ്തമാണ്. തന്റെ കുടുംബത്തിനുള്ളിലെ വീതംവയ്പ്പും 2020ൽ തന്നെ നടന്നുവെന്നാണ് വേണു ശ്രീനിവാസന്റെ നിലപാട്. എന്നാൽ 2020ലെ വീതംവയ്പ്പും കുടുംബത്തിലെ സ്വത്തുക്കളുടെ കൈമാറ്റവും വ്യത്യസ്ത വിഷയങ്ങളാണെന്ന് മല്ലികയും വാദിക്കുന്നു. 2024ൽ വേണു ശ്രീനിവാസന്റെ കുടുംബത്തിലെ നാല് അംഗങ്ങൾ ഒപ്പിട്ട ധാരണ പത്രവും ഇക്കാര്യത്തിൽ ചേർത്തു വായിക്കേണ്ടതാണ്. കുടുംബാംഗങ്ങൾ തമ്മിൽ ഒരേ രൂപത്തിലുള്ള ബിസിനസിൽ മത്സരിക്കരുതെന്നത് അടക്കമുള്ള നിർദേശങ്ങളാണ് ഇതിലുണ്ടായിരുന്നത്. ടിവിഎസ് എന്ന ബ്രാൻഡ് നെയിം ഉപയോഗിക്കുന്നതിലെ ചില നിയന്ത്രണങ്ങളും ഇതിലുണ്ടായിരുന്നു. എന്നാൽ 2024ല് ഒപ്പിട്ടത് ബ്രാൻഡ് നെയിം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ധാരണപത്രമാണെന്നും കുടുംബ സ്വത്തിന്റെ അന്തിമ വിഭജനം അല്ലെന്നുമാണ് മല്ലികയും മകൾ ലക്ഷ്മിയും വാദിക്കുന്നത്. ഇതിൽ കുടുംബാംഗങ്ങൾക്ക് ഏതൊക്കെ മേഖലയിൽ ബിസിനസ് ചെയ്യാമെന്നും ബ്രാൻഡ് നെയിം എങ്ങനെ ഉപയോഗിക്കാമെന്നുമുള്ള വ്യവസ്ഥകൾ മാത്രമേയുള്ളൂ. കമ്പനിയുടെ ഓഹരി പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും ഇവർ പറയുന്നു. പ്രശ്നങ്ങൾ വഷളാകാതെ കുടുംബാംഗങ്ങളെല്ലാം ചേർന്നിരുന്നു പരിഹരിക്കണമെന്നും കുടുംബ ആസ്തികൾ തുല്യമായി വീതിക്കണമെന്നുമാണ് മല്ലികയുടെ നിലപാട്. അതേസമയം, അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ കുടുംബം ശ്രമങ്ങൾ തുടരുകയാണ്. ചർച്ചയിലൂടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമാകുമെന്നാണ് റിപ്പോർട്ടുകൾ.
Travel ⏭️




