CINEMA

വെളിപ്പെടുത്തലുമായി സ്പിരിറ്റ് നിർമ്മാതാവ്; ദീപികയെക്കുറിച്ച് കേട്ടതെല്ലാം സത്യം

പ്രഭാസ് നായകനായി സന്ദീപ് റെഡ് വാംഗെ സംവിധാനം ചെയ്യുന്ന സ്പിരി‌റ്റ് എന്ന ചിത്രത്തിൽ നിന്ന് ദീപിക പദുകോണിനെ ഒഴിവാക്കിയതിനു പിന്നിൽ ലാഭത്തിന്റെ പത്തു ശതമാനം വേണമെന്ന ആവശ്യം ആയിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിർമ്മാതാവ് പ്രണയ് വാംഗെ .തിരക്കഥ പൂർത്തിയായപ്പോൾ മുതൽ ദീപിക തന്നെയായിരുന്നു നായിക.

”ഒരുപാട് പ്രശ്നങ്ങൾ കാരണം ആണ് ദീപികയെ ഒഴിവാക്കിയത്. ഒന്നാമത്തേത് പ്രതിഫലത്തിന്റെ കാര്യമാണ്. തോന്നുന്ന രീതിക്ക് കൂട്ടികൂട്ടി ചോദിക്കുമായിരുന്നു. അതുപോലെ ഷൂട്ടിന് വരുന്ന സമയത്തെക്കുറിച്ചും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഒന്നര വർഷത്തോടെ സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗെ ദീപികയുടെ പിന്നാലെയായിരുന്നു. സിനിമയുടെ ലാഭവിഹിതത്തിൽ നിന്ന് പത്തു ശതമാനം ഷെയറും വേണമെന്ന് ആവശ്യപ്പെട്ടതോടെ ദീപികയെ ഒഴിവാക്കി. ഇതുപോലെ തന്നെയാണ് ഡോൺ ലീയുടെ കാസ്‌‌റ്റിംഗ്. ഹൈദരാബാദിൽ നടക്കുന്ന കഥയിൽ കൊറിയൻ നടൻ അനുയോജ്യമല്ല. ” പ്രണയ് വാംഗെയുടെ വാക്കുകൾ.

സന്ദീപ് റെഡ്ഡി വാംഗെയും ദീപികയും തമ്മിലുള്ള പ്രശ്നം സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു. സ്‌പിരിറ്റിൽ നിന്ന് ഒഴിവാക്കിയതിന്റെ ദേ‌ഷ്യം തീർക്കാൻ ചിത്രത്തിന്റെ കഥ ദീപിക ലീക്ക് ചെയ്തു എന്നെല്ലാം സന്ദീപ് റെഡ്ഡി ആരോപിച്ചു. അതേസമയം ദീപികയ്ക്ക് പകരം തൃപ്തി ദിമ്രി ആണ് സ്പിരിറ്റിൽ നായിക. പൊലീസ് ഓഫീസറുടെ വേഷം ആണ് പ്രഭാസിന്. അനിമൽ എന്ന ബ്ളോക് ബസ്റ്ററിനുശേഷം സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിവേക് ഒബ്‌റോയി, പ്രകാശ് രാജ്, കാഞ്ചന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഡാർക് ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ടി സീരിസും സന്ദീപ് റെഡ്ഡിയുടെ ഭദ്രകാളി പിക്‌ചേഴ്സും ചേർന്നാണ് നിർമ്മാണം.


Business ⏭️

Back to top button