HEALTH
ഒരുവർഷം ഒരു ബെഡിൽ നിന്നുമാത്രം 23 ലക്ഷം, 32 രൂപയുടെ മരുന്നിന് 408 രൂപ! സ്വകാര്യ ആശുപത്രികളുടെ കൊള്ള തുറന്നുകാട്ടി റിപ്പോർട്ട് | Private Hospital Report Exposes Exorbitant Pricing on Medicines and Beds

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികളിലെ കൊള്ള തുറന്നുകാട്ടുന്ന ആരോഗ്യമേഖലയിലെ റിപ്പോർട്ട് പുറത്തുവന്നതിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖലകൾ രോഗികളിൽ നിന്ന് മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും യഥാർഥ വിലയുടെ നൂറുമടങ്ങ് വരെ അധികം ഈടാക്കുന്നതായാണ് കണ്ടെത്തൽ. ജൻ സ്വാസ്ഥ്യ അഭിയാനും (ജെ.എസ്.എ) വർക്കിങ് ഗ്രൂപ്പ് ഓൺ ആക്‌സസ് ടു മെഡിസിൻസ് ആൻഡ് ട്രീറ്റ്‌മെന്റും ചേർന്ന് ദേശീയതലത്തിൽ അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖലകളിൽ നടത്തിയ പഠനത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. റിപോർട്ടുകൾ പ്രകാരം 32.80 രൂപ മാത്രം യഥാർഥ വിലവരുന്ന പാരസെറ്റമോളിന് രോഗികളിൽ നിന്ന് ഈടാക്കുന്നത് 408 രൂപ വരെയാണ്. കൂടാതെ, ആന്റിബയോട്ടിക് വിഭാഗത്തിലെ ഡോക്സിസൈക്ലിൻ ടാബ്‌ലെറ്റിന് 11.85 രൂപ മാത്രം വില വരുമ്പോൾ സ്വകാര്യ ആശുപത്രികളിൽ 920 രൂപ വരെ ഈടാക്കുന്നു. 715 രൂപ വിലവരുന്ന കോളിസ്റ്റിമെത്തേറ്റ് സോഡിയം എന്ന ആന്റിബയോട്ടിക് മരുന്നിന് 5,385 രൂപയാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. ഇതിനുപുറമെ 55 രൂപയുടെ ഓക്സിജൻ മാസ്കിന് 310 മുതൽ 650 രൂപ വരെയും 175 രൂപ വിലയുള്ള പിപിഇ കിറ്റിന് 215 മുതൽ 800 രൂപ വരെയും സിറിഞ്ചുകൾ ഉൾപ്പെടെയുള്ള മറ്റ് ഉപകരണങ്ങൾക്ക് 200 മുതൽ 400 ശതമാനം വരെയാണ് അധിക തുകയാണ് സ്വകാര്യ ആശുപത്രികൾ രോഗികളിൽ നിന്നും ഈടാക്കുന്നുണ്ട്. മരുന്നുകൾക്ക് പുറമേ, ആശുപത്രികളിൽ ഒരു ദിവസത്തെ ബെഡ് ചാർജിലും വൻ തുകയാണ് രോഗികളിൽ നിന്നും ഈടാക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം വിവിധ അനുബന്ധ ചാർജുകൾ ഉൾപ്പെടുത്തി ഒരു ബെഡിന് പ്രതിദിനം ശരാശരി 60,000 മുതൽ 78,000 രൂപ വരെയാണ് ഈ ആശുപത്രികൾ ഈടാക്കിയിരുന്നത്. 2025-26 കാലയളവിലും ഇത് ഉയർന്ന നിരക്കിൽ തുടരുന്നു. പരിശോധനകൾ, മരുന്നുകൾ, ഡോക്ടറുടെ കൺസൾട്ടിങ് ഫീസ് എന്നിവക്ക് പുറമേയാണിത്. ഒരു വർഷത്തിൽ ഒരു ബെഡിൽ നിന്നു മാത്രം 23 ലക്ഷത്തോളം രൂപയുടെ വരുമാനമാണ് ആശുപത്രി മാനേജ്‌മെന്റുകൾ ലക്ഷ്യമിടുന്നത്. ഗുരുതര രോഗങ്ങൾക്ക് വരെ മികച്ച ചികിത്സ നൽകുന്ന ജീവകാരുണ്യ സ്ഥാപനമായ സിഎംസി വെല്ലൂർ (CMC Vellore) പോലുള്ള കേന്ദ്രങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോഴാണ് കോർപ്പറേറ്റ് ആശുപത്രികളുടെ ലാഭക്കൊതി വ്യക്തമാകുന്നത്. സിഎംസി വെല്ലൂരിൽ ചികിത്സാച്ചെലവ് ഉൾപ്പെടെ ഒരു ബെഡിന് ശരാശരി 28,781 രൂപ മാത്രമാണ് ഈടാക്കുന്നത്. അത്യാവശ്യ ജീവൻരക്ഷാ മരുന്നുകൾക്കും ചികിത്സക്കും സ്വകാര്യ മേഖലയിൽ ഏകീകൃത വിലനിയന്ത്രണ സംവിധാനവും കടുപ്പമേറിയ കേന്ദ്ര-സംസ്ഥാന നിയമങ്ങളും അടിയന്തരമായി നടപ്പിലാക്കണമെന്ന ആവശ്യം റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ശക്തമായിട്ടുണ്ട്.
Life Style ⏭️




