NEWS
‘ഫാന്റ’ത്തിലെ ലാലു അലക്സിന്റെ ഡയലോഗ് വംശീയ അധിക്ഷേപത്തിന് കാരണമാകുന്നു: തമിഴ് ജനതയോട് മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്മി

സോഷ്യൽ മീഡിയയിൽ തമിഴ് സമൂഹത്തിനെതിരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ഡബ്ബിങ് കലാകാരിയും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. തനിക്ക് ലഭിച്ച ഒരു ഇമെയിൽ മുൻനിർത്തി പങ്കുവച്ച വിഡിയോയിലൂടെയാണ് മലയാളികളുടെ ഇത്തരം മോശം മനോഭാവത്തിനെതിരെ ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. വിഷയം ചൂണ്ടിക്കാട്ടിയതിനൊപ്പം തമിഴ് ജനതയോട് അവർ പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തു. ഓഗസ്റ്റ് 27-ന് അബിനേഷ് എന്നയാൾ നടൻ ലാലു അലക്സ്, ‘അമ്മ’ സംഘടന, ഭാഗ്യലക്ഷ്മി എന്നിവർക്ക് അയച്ച മെയിലിനെക്കുറിച്ചാണ് വിഡിയോയിൽ വ്യക്തമാക്കുന്നത്. ‘ഫാന്റം’ സിനിമയിലെ ലാലു അലക്സിന്റെ കഥാപാത്രം പറയുന്ന ‘പാണ്ടി കരിമ്പാറ’ എന്ന ഡയലോഗ് തമിഴ് വംശജരെ അധിക്ഷേപിക്കാൻ സോഷ്യൽ മീഡിയയിൽ ചിലർ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് മെയിലിൽ ചൂണ്ടിക്കാട്ടുന്നത്. നടൻ ജയറാമിന്റെ അഭിമുഖത്തിന് താഴെ വന്ന അങ്ങേയറ്റം മോശമായ ചില കമന്റുകളുടെ സ്ക്രീൻഷോട്ടുകളും ഇതോടൊപ്പം അയച്ചിട്ടുണ്ടെന്നും, അത്തരം ഭാഷ പുറത്തുകാണിക്കാൻ പോലും കൊള്ളില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.‘‘ആരോടോ ഉള്ള ദേഷ്യം കൊണ്ട് തമിഴ് സമൂഹത്തെ അപമാനിക്കാതിരിക്കു. അഭിപ്രായം പറയുക എന്നാൽ തെറി വിളിക്കുക എന്ന് കരുതുന്ന ചില മനുഷ്യരുണ്ട് സോഷ്യൽ മീഡിയയിൽ. അവർ കാരണം ചീത്തപ്പേര് മലയാളി സമൂഹത്തിനും. തമിഴ് ജനതയോട് മാപ്പ്.’’ എന്ന കുറിപ്പോടെയാണ് ഭാഗ്യലക്ഷ്മി വീഡിയോ പങ്കുവച്ചത്.അത് നമ്മുടെ നടൻ ലാലു അലക്സിനുള്ള ഒരു മെയിലാണ്. അബിനേഷ് എന്നയാളാണ് അത് അയച്ചിരിക്കുന്നത്. അബിനേഷ് ആ മെയിൽ ലാലു അലക്സിനും ‘അമ്മ’ സംഘടനയ്ക്കും എനിക്കുമാണ് ഫോർവേഡ് ചെയ്തിരിക്കുന്നത്. ഇതിന്റെ സ്ക്രീൻഷോട്ട് ഞാൻ ഇവിടെ ചേർക്കാം.
Fashion ⏭️




