NEWS
ഉമ്മൻ ചാണ്ടി നടന്നെത്തി ശിലാസ്ഥാപനം നടത്തിയ കെട്ടിടത്തിൽ ബ്ലൂ ഇക്കണോമി ബിസിനസ് സ്കൂൾ വരുമോ?

കോവളം ∙ കോവളം കേന്ദ്രമായി സമുദ്ര നൈപുണ്യ പാർക്കും ബ്ലൂ ഇക്കണോമി ബിസിനസ് സ്കൂളും വന്നേക്കും. കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്) ഇതു സംബന്ധിച്ച പദ്ധതി നിർദേശം ധനകാര്യ വകുപ്പിന് കൈമാറി. കോവളം കെഎസ് റോഡിൽ കുറ്റിക്കാട്ടിലായ മന്ദിര സമുച്ചയമാവും ഇതിനായി തിരഞ്ഞെടുക്കപ്പെടുകയെന്നു പറയുന്നു. ഇതോടെ പതിറ്റാണ്ടിലേറെയായി നാശോന്മുഖമായി തുടരുന്ന മന്ദിരത്തിനു ശാപമോക്ഷമാകും. കെഎസ് റോഡിൽ കല്ലടിച്ചാമൂലയിലെ കുഫോസിന്റെ ഈ മന്ദിര ശോച്യാവസ്ഥ സംബന്ധിച്ച് 19ന് മലയാള മനോരമ വാർത്ത നൽകിയിരുന്നു.വിഴിഞ്ഞം രാജ്യാന്തര തുറമുഖം യാഥാർഥ്യമായ പശ്ചാത്തലത്തിൽ സമുദ്ര വ്യവസായങ്ങൾ, സമുദ്ര സാങ്കേതിക വിദ്യ, മത്സ്യബന്ധന സംരംഭങ്ങൾ, തീരദേശ ടൂറിസം എന്നിവയുടെ പ്രാധാന്യം മുൻനിർത്തി പൊതു–സ്വകാര്യ പങ്കാളിത്ത(പിപിപി) മാതൃകയിൽ സ്ഥാപിക്കാനാണ് പദ്ധതി നിർദേശമെന്ന് സർവകലാശാല അധികൃതർ പറഞ്ഞു. മാനേജ്‌മെന്റ് വിദ്യാഭ്യാസം, എക്സിക്യൂട്ടീവ് പരിശീലനം, സംരംഭകത്വ വികസനം, സമുദ്ര ബിസിനസ്സ് പഠനങ്ങൾ, ലോജിസ്റ്റിക്സ് മാനേജ്‌മെന്റ്, മത്സ്യബന്ധന ബിസിനസ് മാനേജ്‌മെന്റ്, നീല സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട ഉയർന്നുവരുന്ന നൈപുണ്യ മേഖലകൾ എന്നിവയ്‌ക്കുള്ള ഒരു ദേശീയ കേന്ദ്രമായി ഈ സ്ഥാപനത്തിന് പ്രവർത്തിക്കാനാകുമെന്നും പദ്ധതി നിർദേശത്തിലുണ്ട്.വിഴിഞ്ഞം രാജ്യാന്തര തുറമുഖം സജ്ജമായ നിലയ്ക്ക് തുറമുഖ പ്രവർത്തനങ്ങൾ, സമുദ്ര ലോജിസ്റ്റിക്സ്, സമുദ്ര സേവനങ്ങൾ, മത്സ്യബന്ധന സംരംഭകത്വം, സമുദ്ര ടൂറിസം, സമുദ്ര സാങ്കേതിക മേഖലകൾ എന്നിവയ്ക്കുള്ള നൂതന നൈപുണ്യ വികസന കേന്ദ്രമായി ഇവിടം മാറ്റിയെടുക്കാം എന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഇക്കാര്യങ്ങൾ മുൻ നിർത്തി മന്ദിരം തിരികെ ലഭ്യമാക്കണമെന്ന് കുഫോസ് അധികൃതർ വീണ്ടും ആവശ്യപ്പെട്ടുവെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. തദ്ദേശീയർക്ക് ഉപകാരപ്പെടുന്ന ബിസിനസ് സ്കൂളായി ഇതിനെ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Source link


