CINEMA

’40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടത് ആരതിക്കു വേണ്ടിയല്ല’; പ്രതികരണവുമായി അമ്മ സുജാത വിജയകുമാർ


ആരതി രവി, രവി മോഹൻ

ചെന്നൈ: നടൻ രവിമോഹനും ഭാര്യ ആരതിയുമായുള്ള വിവാഹമോചന കേസ് പുതിയ വെളിപ്പെടുത്തലുകളിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെടുന്നു. രവി മോഹനിൽനിന്ന് ആരതി പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശമായി ആവശ്യപ്പെട്ടെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോഴിതാ അത്തരം വാർത്തകളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരതിയുടെ അമ്മയും നിർമ്മാതാവുമായ സുജാത വിജയകുമാർ.

ആ തുക ആരതിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലെന്നും കുടുംബത്തിന്റെ സാമ്പത്തിക ബാദ്ധ്യതകൾ നിറവേറ്റുന്നതിനായിരുന്നെന്നും സുജാത പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു സുജാതയു‌ടെ പ്രതികരണം. രവി മോഹൻ കുടുംബത്തെ വലിയ കടബാദ്ധ്യതയിലാക്കിയിട്ടാണ് വിട്ടുപോയതെന്നും വീടിന് ബാങ്കിൽനിന്ന് ജപ്‌തി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അവർ ആരോപിച്ചു.

‘ആരതി സ്വന്തം ആവശ്യങ്ങൾക്കായി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടിട്ടില്ല. രവി മോഹൻ കാരണം ഞങ്ങൾക്ക് വലിയ കടബാദ്ധ്യതയുണ്ട്. വീടിന് ബാങ്കിൽനിന്ന് ജപ്‌തി നോട്ടീസ് പോലും വന്നിട്ടുണ്ട്. കുട്ടികളുടെ സ്‌കൂൾ ഫീസിനും ഭക്ഷണത്തിനും ട്യൂഷൻ ചെലവിനും പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്’- സുജാത പറഞ്ഞു.

കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാനും പ്രതിമാസ സാമ്പത്തിക സഹായം നൽകാനും കോടതി രവി മോഹനോട് നിർദേശിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

‘കുട്ടികൾ അമേരിക്കൻ സ്‌കൂളിലാണ് പഠിക്കുന്നത്. അവരെ അവിടെ ചേർത്തത് രവിമോഹനാണ്. വർഷം 86 രൂപയാണ് സ്‌കൂൾ ഫീസ്. അത് നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ ആർതിക്ക് പ്രതിമാസം മൂന്ന് ലക്ഷം രൂപയും മക്കളായ ആരവ്, അയാൻ എന്നിവർക്ക് ഓരോ ലക്ഷം രൂപവീതം നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കുട്ടികളുടെ പാഠ്യേതര പ്രവർത്തികളുടെ ചെലവും അദ്ദേഹം വഹിക്കണം’- സുജാത പറഞ്ഞു.

കുട്ടികളെ കാണുന്നതിൽനിന്ന് രവിമോഹനെ തടഞ്ഞെന്ന ആരോപണം സുജാത തള്ളിക്കളഞ്ഞു. മക്കൾക്ക് അച്ഛനുമായുള്ള ബന്ധം നിലനി‌ർത്തണമെന്ന ആഗ്രഹത്തോടെയാണ് ആരതി കഴിഞ്ഞ വർഷം കോടതിയെ സമീപിച്ച് സന്ദർശന ഹർജി നൽകിയതെന്നും അവർ പറഞ്ഞു.

‘രവി മോഹൻ കുട്ടികളെ കാണരുതെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. കുട്ടികൾക്ക് അച്ഛനുമായി നല്ല ബന്ധം ഉണ്ടാകണമെന്നാണ് ആരതി ആഗ്രഹിച്ചത്. അതിനാലാണ് സന്ദർശനാവകാശത്തിനായി കോടതിയെ സമീപിച്ചത്. ഇനി നാലുപേരും പതിവായി കൂടിക്കാഴ്‌ച നടത്തണമെന്ന് കോടതി നിർദേശിച്ചത് ഞങ്ങൾക്ക് വലിയ ആശ്വാസമാണ്. ഒരമ്മയും കുട്ടികളെ അവരുടെ അച്ഛനിൽനിന്ന് അകറ്റാൻ ആഗ്രഹിക്കില്ല. ഈ മാസംമുതൽ കുടുംബത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.- സുജാത കൂട്ടിച്ചേർത്തു.


Business ⏭️

Back to top button