AUTO

പെട്രോളില്‍ എഥനോള്‍ കലര്‍ത്തിയതു പോലെ ഡീസലിലും; അടുത്ത വർഷം മുതൽ പരീക്ഷണം


പെട്രോളില്‍ എഥനോള്‍ കലര്‍ത്തിയതു പോലെ ഡീസലിലും പരിസ്ഥിതി സൗഹൃദ ഇന്ധന പരീക്ഷണത്തിനൊരുങ്ങുകയാണ് രാജ്യം. ഡീസലില്‍ രണ്ടു ശതമാനം ഐസോബ്യൂട്ടാനോള്‍ 2027 സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ കലര്‍ത്തുന്നത് ആരംഭിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ എംഡിയും സിഇഒയുമായ ഗിരീഷ് വാഗ് ആണ് അറിയിക്കുന്നത്. വാഹന നിര്‍മാതാക്കളും പൊതുമേഖലാ എണ്ണക്കമ്പനികളും വിവിധ ടെസ്റ്റിങ് ഏജന്‍സികളും ചേരുന്ന കേന്ദ്ര സര്‍ക്കാരിന്റേ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് പദ്ധതിയുടെ നടപ്പാക്കലിന് പിന്നില്‍. പരീക്ഷണ ഓട്ടത്തിന് ഐസോബ്യൂട്ടനോള്‍ കലര്‍ത്തിയ ഡീസല്‍ ലഭ്യമാക്കുന്നതിന് ടാറ്റ മോട്ടോഴ്‌സ് ഇപ്പോള്‍ തന്നെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയവുമായി സഹകരിക്കുന്നുണ്ട്.തുടരുന്ന പരീക്ഷണങ്ങള്‍ഐസോബ്യൂട്ടനോള്‍ ഡീസലില്‍ കലര്‍ത്തുമ്പോഴുണ്ടാവുന്ന ഫലത്തെക്കുറിച്ച് വിശദമായി പരിശോധിക്കാന്‍ എആര്‍എഐ തന്നെ രംഗത്തു വന്നിട്ടുണ്ട്. പത്തു മാസം നീളുന്ന സമഗ്രമായ പഠനത്തിനാണ് എആര്‍എഐ നേതൃത്വം നല്‍കുക. പ്രമുഖ ജൈവ ഊര്‍ജ കമ്പനിയായ പ്രാജ് ഇന്‍ഡസ്ട്രീസുമായി ചേര്‍ന്നാണ് എആര്‍എഐ സാങ്കേതിക മൂല്യ നിര്‍ണയം നടത്തുക.വാഹനങ്ങളുടെ എന്‍ജിനില്‍ മാറ്റം വരുത്താതെ സാധാരണ ഡീസലിന് പകരമായി ഐസോബ്യൂട്ടനോള്‍ കലര്‍ന്ന ഇന്ധനം ഉപയോഗിക്കാനാവുമോ എന്നതാണ് പരീക്ഷണത്തിലൂടെ കണ്ടെത്താന്‍ ശ്രമിക്കുക. നേരത്തെ ഡീസലിനൊപ്പം പലതരം ജൈവ ഇന്ധനങ്ങള്‍ കലര്‍ത്താനുള്ള പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഐസോബ്യൂട്ടനോള്‍ കൂടുതല്‍ സുരക്ഷിതവും ഇന്ധനക്ഷമത നിലനിര്‍ത്താന്‍ സഹായിക്കുന്നതുമാണെന്നു കണ്ടാണ് നടപടി. രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം ഈ പരീക്ഷണത്തില്‍ പങ്കാളികളാവുന്നുണ്ട്. ഇന്ത്യയിലെ ചരക്കു നീക്കത്തേയും പൊതുഗതാഗതത്തേയും താങ്ങി നിര്‍ത്തുന്ന വലിയ വാഹനങ്ങളുടെ സുരക്ഷ ഉറപ്പിക്കാന്‍ എആര്‍എഐയുടെ നേതൃത്വത്തില്‍ നടക്കുന്ന പരീക്ഷണങ്ങളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എഥനോള്‍ പരാജയംപെട്രോളിലേതു പോലെ എഥനോള്‍ ഡീസലിലും കലര്‍ത്താന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. രണ്ട് കാര്‍ബണ്‍ ആറ്റങ്ങളുള്ള എഥനോളിന് പോളാര്‍ ഘടനയാണുള്ളത്. ഡീസലിന്റെ എണ്ണമയമുള്ള പ്രകൃതവുമായി സ്വാഭാവികമായി ലയിക്കാന്‍ എഥനോളിനാവില്ല. വിലകൂടിയ രാസവസ്തുക്കള്‍ ചേര്‍ത്താല്‍ പോലും ടാങ്കില്‍ ഇവ പിരിഞ്ഞു നില്‍ക്കും. എഥനോളിന്റെ ഫ്‌ളാഷ്‌പോയിന്റ് 12-13 ഡിഗ്രി സെല്‍ഷ്യസ് ആണ്. അതേസമയം ഡീസലിന്റെ ഫ്‌ളാഷ് പോയിന്റ് 35 ഡിഗ്രിയാണ്. ഈ രണ്ട് ഇന്ധനങ്ങളും ഒരുമിച്ച് സംഭരിക്കുന്നത് വലിയ അപകട ഭീഷണിയാവും. ഡീസലില്‍ അഞ്ചു ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ ചേര്‍ത്താല്‍ തന്നെ എന്‍ജിന്റെ കംപല്‍ഷന്‍ താളം തെറ്റും.


Source link

Back to top button