NEWS
‘ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ല’; അയോധ്യ സംഭാവന തട്ടിപ്പ് കേസിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി

ന്യൂഡൽഹി∙ അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ എം. എം. സുന്ദ്രേഷ്, ഷീൽ നാഗു എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വേനൽ അവധിക്ക് ശേഷമേ കേസ് വാദം കേൾക്കാനായി ലിസ്റ്റ് ചെയ്യുകയുള്ളൂവെന്ന് ബെഞ്ച് വ്യക്തമാക്കി. “ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ല. എന്താണ് തിടുക്കം?” എന്ന് കോടതി ചോദിച്ചു. അഭിഭാഷകരായ അജയ് കുമാർ റായിയും ദിനേശ് കുമാർ യാദവുമാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ കാര്യനിർവഹണത്തെയും ഭരണപരമായ പ്രവർത്തനങ്ങളെയും സംബന്ധിച്ചുള്ള സാമ്പത്തിക ക്രമക്കേടുകളും മറ്റും സിബിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Source link


