വീണ 85 ലക്ഷം ഹവാല ഇടപാട് നടത്തി:ഇ.ഡി

കൊച്ചി: മാസപ്പടി കേസിൽ അന്വേഷണം നേരിടുന്ന വീണാ വിജയൻ ഹവാല ഇടപാടുകൾ നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വീണയുടെ ഡയറിയിൽ 20.05 കോടിയുടെ ഇടപാടുകളുടെയും, 85 ലക്ഷം രൂപ ദുബായിലേക്ക് അയച്ചതിന്റെയും വിവരങ്ങളുണ്ടെന്ന് ഇ.ഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് നൽകാത്ത സേവനങ്ങൾക്ക് പണം പറ്റിയെന്ന അന്വേഷണത്തിൽ കോഴിക്കോട് ചൊവ്വാഴ്ച 9 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിനു പിന്നാലെയാണ് ഇ.ഡി വാർത്താക്കുറിപ്പ് ഇറക്കിയത്.
മേയ് 27ന് വീണയിൽ നിന്നു പിടിച്ചെടുത്ത രേഖകളിലാണ് വീണ കൈപ്പടയിലെഴുതിയ കണക്കുകളുള്ളത്. പണം കൈകാര്യം ചെയ്തവരുടെയും ചെലവഴിച്ചവരുടെയും കൈമാറിയവരുടെയും പേരുകളും ദുബായിലേക്ക് അയച്ചതിന്റെ വിവരങ്ങളും ഇതിലുണ്ട്. യു.എ.ഇ, ഇന്ത്യൻ കറൻസികളിലാണ് കണക്കുകൾ.
ഇന്റർനെറ്റ് കോളുകൾക്ക് വേണ്ടി വീണ സ്വന്തം പേരിലല്ലാത്ത സിം കാർഡ് വൈ ഫൈ റൗട്ടറിലൂടെ ഉപയോഗിച്ചു.
വീണയുടെ കുറിപ്പുകളിൽ പറയുന്നവരുടെ വീടുകളിലായിരുന്നു കഴിഞ്ഞ ദിവസത്തെ റെയ്ഡ്. ഈ റെയ്ഡിലും നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 15 വർഷത്തിനിടെ സി.എം.ആർ.എൽ 182കോടിയുടെ ദുരൂഹ ചെലവുകൾ നടത്തിയെന്നായിരുന്നു കണ്ടെത്തൽ. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന് നൽകിയ 2.78 കോടിയും ഇതിൽ ഉൾപ്പെടുന്നു.
സംശയ നിഴലിൽ നിറുത്താനാണ് ഇ.ഡിയുടെ ശ്രമം: മുഹമ്മദ് റിയാസ്
റെയ്ഡിലൂടെ പുകമറ സൃഷ്ടിച്ച് തന്നെ സംശയ നിഴലിൽ നിറുത്താനാണ് ഇ.ഡിയുടെ ശ്രമമെന്ന് മുഹമ്മദ് റിയാസ് എം.എൽ.എ. സുഹൃത്തുക്കളുടെ വീടുകളിലും മറ്റും നടന്ന റെയ്ഡിനെതിരെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാന്യമായി ബിസിനസ് ചെയ്യുന്ന തന്റെ കോളേജ്കാല സുഹൃത്തുകളുടെ വീട്ടിലടക്കം രാത്രിവരെ പരിശോധന നടത്തി.
വീണയുടെ ലേക്കർ എന്ന സ്ഥാപനത്തെ കുറിച്ച് തന്റെ നാമനിർദ്ദേശ പത്രികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതൊരു പുതിയ സ്ഥാപനമെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്. വീണയ്ക്ക് ബിസിനസ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. ഉയർന്ന രാഷ്ട്രീയ നേതാവിന്റെ മകളായതുകൊണ്ടാണ് വീണയെ ആക്രമിക്കുന്നത്. നിയമപരമായും രാഷ്ട്രീയമായും എല്ലാം നേരിടും. ഇ.ഡിയെ പേടിച്ച് കോൺഗ്രസുകാരെ പൊലെ താൻ ബി.ജെ.പിയാവില്ല. സേവനത്തിന് എക്സാലോജിക് നികുതി നൽകിയിട്ടുണ്ടെന്നും ഇ.ഡി എല്ലാം പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.


