BUSINESS
ഇന്ത്യയുടെ പിഎം സൂര്യഘര്‍ പദ്ധതിച്ചെലവ് കൂടാം; സോളാര്‍ സാങ്കേതിക കയറ്റുമതിക്ക് ചൈനയുടെ വിലക്ക്

Rooftop Solar: അത്യാധുനിക സോളാര്‍ നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ക്ക് പുതിയ കയറ്റുമതി നിയന്ത്രണങ്ങളുമായി ചൈന. ഇതുമൂലം കേന്ദ്ര സര്‍ക്കാരിന്റെ പിഎം സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന പ്രകാരമുള്ള റൂഫ്ടോപ്പ് പാനലുകള്‍ക്ക് ചെലവേറാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. ടോപ്കോണ്‍ (TOPCon), പെറോവ്സ്കൈറ്റ് സെല്ലുകളുടെ കയറ്റുമതിയിലെ നിയന്ത്രണം ഇന്ത്യയിലെ ആഭ്യന്തര സോളാര്‍ നിര്‍മ്മാണത്തെയും, സാധാരണക്കാര്‍ക്കുള്ള പാനല്‍ ലഭ്യതയെയും ബാധിക്കാം. വൈദ്യുതി ബില്ലില്‍ നിന്ന് ആശ്വാസം തേടി സ്വന്തം മേല്‍ക്കൂരയില്‍ സോളാര്‍ സ്ഥാപിക്കാന്‍ കാത്തിരിക്കുന്ന സാധാരണക്കാര്‍ക്ക് ചെലവ് കൂടാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.സോളാറില്‍ കടുപ്പിച്ച് ചൈനചൈന പുതിയതായി പ്രഖ്യാപിച്ച സാങ്കേതികവിദ്യാ കയറ്റുമതി നിയന്ത്രണങ്ങളാണ് ചര്‍ച്ചയാകുന്നത്. സോളാര്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന 12 അത്യാധുനിക സാങ്കേതികവിദ്യകളുടെ കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ചൈനീസ് വാണിജ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.സോളാര്‍ സാങ്കേതികവിദ്യകള്‍ ബഹിരാകാശം, പ്രതിരോധം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ കയറ്റുമതിയില്‍ കര്‍ശന മേല്‍നോട്ടം അനിവാര്യമാണെന്ന് ചൈന വ്യക്തമാക്കുന്നു.ചില നേര്‍ത്ത വേഫറുകള്‍ (thin wafers), ഉയര്‍ന്ന കാര്യക്ഷമതയുള്ള പെറോവ്സ്കൈറ്റ് (perovskite), ടാന്‍ഡം സോളാര്‍ സെല്ലുകള്‍ (tandem solar cells), ചെലവ് കുറഞ്ഞ ഫ്ലൂയിഡൈസ്ഡ്-ബെഡ് പോളിസിലിക്കണ് സാങ്കേതികവിദ്യ (fluidized-bed polysilicon) എന്നിവയുടെ കയറ്റുമതി പൂര്‍ണ്ണമായി നിരോധിക്കുമെന്നാണ് വിവരം.അതേസമയം ടോപ്കോണ്‍ (TOPCon), എച്ച്.ജെ.ടി (HJT), എക്സ്.ബി.സി (XBC) തുടങ്ങിയ നൂതന സോളാര്‍ സെല്‍ നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ക്ക് പൂര്‍ണ്ണ നിരോധനമില്ലെങ്കിലും പ്രത്യേക അനുമതിയും, നിയന്ത്രണങ്ങളും ബാധകമാക്കും. ടെസ്ല ഉള്‍പ്പെടെയുള്ള യുഎസ് കമ്പനികളുടെ വിപുലീകരണ പദ്ധതികളെയും, ആഭ്യന്തര ഉല്‍പ്പാദനം ലക്ഷ്യമിടുന്ന ഇന്ത്യയുടെ നീക്കങ്ങളെയും ഇത് ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.ചൈനയുടെ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്തങ്ങളുടെ കണ്ടുപിടിത്തങ്ങള്‍ സുരക്ഷിതമാക്കുകയാണ് ചൈനയുടെ പ്രധാന ലക്ഷ്യം. ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത അത്യാധുനിക ഫോര്‍മുലകളും, നിര്‍മ്മാണ പ്രക്രിയകളും വിദേശ കമ്പനികള്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്നത് തടയാന്‍ ഈ നിയന്ത്രണങ്ങള്‍ സഹായിക്കും. ഇത്തരം നിര്‍ണായക സാങ്കേതികവിദ്യകള്‍ പ്രതിരോധ- ബഹിരാകാശ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ഔദ്യോഗിക വിശദീകരണമാണ് ചൈന നല്‍കുന്നത്.അതേസമയം ആഗോള വിപണിയിലെ കുത്തക നിലനിര്‍ത്തലാണ് ലക്ഷ്യമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. ആഗോള സോളാര്‍ നിര്‍മ്മാണ ശൃംഖലയിലെ നിലവിലെ ആധിപത്യം നിലനിര്‍ത്താന്‍ ചൈന ശ്രമിക്കുന്നു. ഇന്ത്യയും യുഎസും സ്വന്തമായി സോളാര്‍ നിര്‍മ്മാണം ശക്തമാക്കുന്നതിനെ പ്രതിരോധിക്കുകയാണ് ലക്ഷ്യം.ഇന്ത്യയെ എങ്ങനെ ബാധിക്കുംഇന്ത്യ നിലവില്‍ സോളാര്‍ പാനലുകള്‍ അസംബിള്‍ ചെയ്യുന്നതില്‍ മുന്നേറിയിട്ടുണ്ടെങ്കിലും വേഫര്‍, പോളിസിലിക്കണ്, സെല്‍ എന്നിവ നിര്‍മ്മിക്കാനുള്ള യന്ത്രസാമഗ്രികള്‍ക്കും, സാങ്കേതികവിദ്യകള്‍ക്കും ചൈനയെയാണ് ആശ്രയിക്കുന്നത്. ചൈനീസ് നിയന്ത്രണം ഈ ഘടകങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കാനുള്ള പദ്ധതികളെ മന്ദഗതിയിലാക്കാം.കേന്ദ്ര സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതി വഴി ഇന്ത്യയില്‍ സംയോജിത സോളാര്‍ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് ചൈനീസ് യന്ത്രങ്ങളും, സാങ്കേതിക സഹായവും ലഭിക്കാന്‍ പ്രയാസമാകും. ചൈനയ്ക്ക് പകരം യൂറോപ്പില്‍ നിന്നോ, മറ്റ് രാജ്യങ്ങളില്‍ നിന്നോ ഉയര്‍ന്ന നിരക്കില്‍ ബദല്‍ സാങ്കേതികവിദ്യകളും യന്ത്രങ്ങളും കണ്ടെത്തേണ്ടി വരുന്നത് മൂലധനച്ചെലവ് ഉയര്‍ത്തും.പിഎം സോളാര്‍ പദ്ധതിയില്‍ ടോപ്കോണ്‍ പാനലുകള്‍ക്കാണ് പ്രിയം. ഈ സാങ്കേതികവിദ്യയ്ക്കും ചൈനയുടെ ഭാഗിക നിയന്ത്രണം ബാധകമാകണ്. ഇത് പാനലുകളെ ലഭ്യത, വില എന്നിവയെ ബാധിച്ചേക്കാം.ചൈനയില്‍ നിന്നുള്ള ഇറക്കുമതിചൈനയില് നിന്ന് ഇന്ത്യ സോളാര്‍ പാനലുകളും, ഉല്‍പ്പന്നങ്ങളും വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ പൂര്‍ണ്ണമായി നിര്‍മ്മിച്ച സോളാര്‍ പാനലുകള്‍ക്ക് 40% കസ്റ്റംസ് ഡ്യൂട്ടിയും, സെല്ലുകള്‍ക്ക് 25% ഡ്യൂട്ടിയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നത് സത്യം തന്നെ. എന്നാല്‍ വര്‍ധിച്ചുവരുന്ന ആഭ്യന്തര ഡിമാന്‍ഡ് നിറവേറ്റാന്‍ ഇന്നും വലിയൊരു പങ്ക് സോളാര്‍ സെല്ലുകളും, വേഫറുകളും ചൈനയില്‍ നിന്ന് തന്നെയാണ് എത്തിക്കുന്നത്. പാനലുകള്‍ കൂട്ടിയോജിപ്പിക്കാനുള്ള അസംബ്ലിംഗ് മെഷീനുകള്‍, സോളാര്‍ ഗ്ലാസ്, ഇന്‍വെര്‍ട്ടര്‍ ഘടകങ്ങള്‍ എന്നിവയുടെ ഇറക്കുമതിയിലും ചൈനീസ് പങ്ക് വളരെ വലുതാണ്.പിഎം സോളാര്‍ പദ്ധതിയെ ബാധിക്കുമോചൈനയുടെ തീരുമാനം മേല്‍ക്കൂര സോളാര്‍ പദ്ധതിയെ നേരിട്ട് ബാധിക്കാന്‍ സാധ്യത കുറവാണ്. കാരണം ചൈന നിരോധിക്കുന്നത് സോളാര്‍ പാനലുകളുടെ കയറ്റുമതിയല്ല, മറിച്ച് പാനല്‍ നിര്‍മ്മാണത്തിനുള്ള സാങ്കേതികവിദ്യ മാത്രമാണ്. അതിനാല്‍ നിലവിലെ പാനല്‍ വിതരണം പെട്ടെന്ന് നിലയ്ക്കില്ല. എന്നാല്‍ പാനലുകളുടെ വരവ് കുറയാം.പി.എം സൂര്യഘര്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ സബ്സിഡി ലഭിക്കാന്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച സെല്ലുകളും, പാനലുകളും (Domestic Content Requirement – DCR) ഉപയോഗിക്കണം. ഇന്ത്യയില്‍ അത്യാധുനിക സെല്‍ നിര്‍മ്മാണം വിപുലീകരിക്കാന്‍ ചൈനീസ് ടെക്നോളജി തടസമായാല്‍, ഗുണനിലവാരമുള്ള ഡി.സി.ആര് പാനലുകളുടെ ലഭ്യതക്കുറവും വിലക്കയറ്റവും ഉണ്ടായേക്കാം.സാധാരണക്കാരെ എങ്ങനെ ബാധിക്കുംആഭ്യന്തരമായി നിര്‍മ്മിക്കുന്ന പാനലുകളുടെ ഉല്‍പ്പാദനച്ചെലവ് കൂടിയാല്‍ വീടുകളില്‍ റൂഫ്ടോപ്പ് സോളാര്‍ സ്ഥാപിക്കുന്നതിനുള്ള മൊത്തം ചെലവില്‍ ചെറിയ വര്‍ധനവുണ്ടായേക്കാം. കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പുതിയ തലമുറ (TOPCon, Perovskite) പാനലുകള്‍ കുറഞ്ഞ നിരക്കില്‍ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ കൂടുതല്‍ സമയമെടുക്കും. ഡി.സി.ആര് പാനലുകള്‍ക്ക് വിപണിയില്‍ ഡിമാന്‍ഡ് കൂടുകയും ലഭ്യത കുറയുകയും ചെയ്താല്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്താക്കള്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വന്നേക്കാം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി ലഭിക്കാന്‍ ഇന്സ്റ്റാളര് നല്കുന്ന പാനലുകള്‍ സര്‍ക്കാര്‍ അംഗീകൃത (ALMM ലിസ്റ്റിലുള്ള) തദ്ദേശീയ സെല്ലുകള്‍ ഉപയോഗിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക. ഇറക്കുമതി ചെയ്ത വിലകുറഞ്ഞ പാനലുകള്‍ നല്കി സബ്സിഡി വാഗ്ദാനം ചെയ്യുന്ന അനധികൃത ഏജന്‍സികളെ ഒഴിവാക്കുക. ലഭ്യമായ പാനലുകളുടെ കാര്യക്ഷമതയും, 25 വര്‍ഷത്തെ പ്രകടന വാറന്റിയും കൃത്യമായി രേഖകളില്‍ പരിശോധിക്കുക.
Read News




