BUSINESS

പാക്കിസ്ഥാൻ പ്രഖ്യാപിക്കും മുൻപേ ‘സ്കോർ’ ചെയ്ത് എയർ ഇന്ത്യ; ഇത്യോപ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ‘ടിക്കറ്റ്’, ഇരുകൈയും നീട്ടി സ്വീകരിച്ച് ഗെബ്രെമറിയം


പാക്കിസ്ഥാന് ജസ്റ്റ് മിസ്സ്! എയർ ഇന്ത്യയുടെ പുതിയ സിഇഒയായി ഇത്യോപ്യൻ എയർലൈൻസ് ഗ്രൂപ്പ് മുൻ മേധാവി ടൊവോൾഡോ ഗെബ്രെമറിയം എത്തുമ്പോൾ പാക്കിസ്ഥാനത് വലിയ അടിയായി. സാമ്പത്തിക പ്രതിസന്ധിയും കെടുകാര്യസ്ഥതയുംകൊണ്ട് നട്ടംതിരിയുന്ന പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ (പിഐഎ) തലപ്പത്തേക്ക് ടൊവോൾഡോ ഗെബ്രെമറിയത്തെ നിയമിക്കാൻ ഏതാണ്ട് തീരുമാനിച്ചിരുന്നു. നിയമന പ്രഖ്യാപനം നടത്തുംമുൻപുള്ള സുരക്ഷാ അനുമതികൾക്കായി (സെക്യൂരിറ്റി ക്ലിയറൻസ്) കാത്തിരിക്കുകയായിരുന്നു പിഐഎ എന്ന് ബ്ലൂംബെർഗ്, അറബ് ന്യൂസ് എന്നിവ റിപ്പോർട്ട് ചെയ്തിരുന്നു. സെക്യൂരിറ്റി ക്ലിയറൻസ് കിട്ടിയാലുടൻ പ്രഖ്യാപനം നടത്താനായിരുന്നു നീക്കവും.എന്നാൽ‌, അതിനുംമുൻപേ എയർ ഇന്ത്യ അദ്ദേഹത്തെ സ്വന്തമാക്കി സ്കോർ ചെയ്തു. എയർ ഇന്ത്യയുടെ സിഇഒ ആൻഡ് മാനേജിങ് ഡയറക്ടർ പദവി ടൊവോൾഡോ ഗെബ്രെമറിയം ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായിരുന്നു പിഐഎ. കടക്കെണിയും മോശം ഭരണനിർവഹണവുംമൂലം പിഐഎയുടെ പ്രവർത്തനംതന്നെ താറുമാറായിരുന്നു. ഇതോടെ കമ്പനിയുടെ ഓഹരികൾ പാക്കിസ്ഥാൻ സർക്കാർ ആരിഫ് ഹബീബ് ഗ്രൂപ്പിന് വിറ്റു. തുടർന്നാണ്, ടൊവോൾഡോ ഗെബ്രെമറിയത്തെ സിഇഒയായി നിയമിക്കാനുള്ള നീക്കം നടത്തിയത്. പിഐഎയെ ആധുനികവൽകരിച്ചും പ്രവർത്തനം വ്യാപിപ്പിച്ചും വീണ്ടും നേട്ടത്തിന്റെ റൺവേയിലേക്ക് കൊണ്ടുവരാൻ ടൊവോൾഡോ ഗെബ്രെമറിയത്തിന് പറ്റുമെന്നും കമ്പനി വിലയിരുത്തിയിരുന്നു.അതേസമയം, സെക്യൂരിറ്റി ക്ലിയറൻസ് നടപടികളും നിയമന പ്രഖ്യാപനവും നീണ്ടത് കമ്പനിക്ക് തിരിച്ചടിയായി. ഇതിനിടെ, എയർ ഇന്ത്യ അദ്ദേഹത്തെ സിഇഒയായി പ്രഖ്യാപിക്കുകയും ചെയ്തു. എയർ ഇന്ത്യ വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഗെബ്രെമറിയത്തിന്റെ പ്രവർത്തനസമ്പത്തും ആശയങ്ങളും കമ്പനിക്ക് കരുത്താകുമെന്നും എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ പ്രതികരിച്ചു.1985ൽ ട്രാഫിക് ഓഫിസറായി ഇത്യോപ്യൻ എയർ‌ലൈൻസിൽ എത്തിയ ടൊവോൾഡോ ഗെബ്രെമറിയം, 2011ൽ ആണ് സിഇഒയായി ചുമതലയേറ്റത്. 2022 മാർച്ചിൽ വിരമിച്ചു. അദ്ദേഹത്തിന്റെ കീഴിലാണ് ഇത്യോപ്യൻ എയർലൈൻസ് ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി വളർന്നത്. രാജ്യാന്തര സർവീസുകൾ വ്യാപിപ്പിച്ചും വിമാനങ്ങളുടെ എണ്ണം ഉയർത്തിയും അദ്ദേഹം ഇത്യോപ്യൻ എയർലൈൻസിനെ പുതിയ പടവുകളിലേക്ക് നയിക്കുകയായിരുന്നു. 


Travel ⏭️

Back to top button