BUSINESS
സൗത്ത് ഇന്ത്യൻ ബാങ്കിനെ നയിക്കാൻ മഹേഷ് മുരളീധർ പൈ; ഒക്ടോബർ 1ന് ചുമതലയേൽക്കും

തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായി മഹേഷ് മുരളീധർ പൈ ഒക്ടോബർ 1ന് ചുമതലയേൽക്കും. മൂന്നുവർഷത്തേക്കാണ് നിയമനമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കി.ജൂലൈ 16ന് ചേരുന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിനുശേഷം ഓഹരി ഉടമകളുടെയും അനുമതി തേടിയശേഷമായിരിക്കും നിയമനം. ബാങ്കിങ് രംഗത്ത് മൂന്നുപതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള മഹേഷ് പൈ (50), നിലവിൽ കനറാ ബാങ്കിൽ ചീഫ് ജനറൽ മാനേജരാണ്. കനറാ ബാങ്കിൽ ഡിജിറ്റൽ ബാങ്കിങ്, ഇന്നൊവേഷൻ വിഭാഗങ്ങളുടെ നേതൃത്വമാണ് അദ്ദേഹം വഹിക്കുന്നത്. കനറാ ബാങ്കിൽ ഗോൾഡ് ലോൺ വിഭാഗത്തിന് തുടക്കമിട്ടതിൽ അദ്ദേഹത്തിന്റെ പങ്ക് പ്രധാനമാണ്. കനറാ ബാങ്കിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ റീജനൽ മേഖലയുടെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. കനറാ ബാങ്കിന്റെ ന്യൂയോർക്കിലെ പ്രവർത്തനങ്ങളിലും പങ്കുവഹിച്ചിട്ടുള്ള മഹേഷ് പൈ, കനറാ ബാങ്ക് ടാൻസനിയ ലിമിറ്റഡിന്റെ ഡയറക്ടർ പദവിയും വഹിച്ചു. കനറാ ബാങ്കിനെ ഫിക്സഡ് ഇൻകം മണി മാർക്കറ്റ് ആൻഡ് ഡെറിവേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയിലും (എഫ്ഐഎംഎംഡിഎ) സ്വിഫ്റ്റ് ഇന്ത്യ ഡൊമസ്റ്റിക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലും സെക്കൻഡറി ലോൺ മാർക്കറ്റ് അസോസിയേഷനിലും പ്രതിനിധീകരിച്ചു. നിലവിൽ കർണാടക സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ, കനറാ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവയുടെ ഡയറക്ടറുമാണ്.സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നിലവിലെ എംഡിയും സിഇഒയുമായ പി.ആർ.ശേഷാദ്രി 2026 സെപ്റ്റംബർ 30ന് പദവിയിൽ നിന്ന് വിരമിക്കും. പുനർനിയമനം തേടാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികൾ എൻഎസ്ഇയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള സെക്ഷനിൽ വ്യാപാരം ചെയ്യുന്നത് 8.54% നഷ്ടവുമായി 43.59 രൂപയിലാണ്. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Source link


